പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനം (19/10/2022)
വിദേശയാത്ര കേരളത്തിന് ഗുണകരമായെന്ന അവകാശവാദം അടിസ്ഥാനരഹിതം; മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ നടത്തിയത് തട്ടിക്കൂട്ട് പ്രഖ്യാപനം
നെല്‍, തേങ്ങാ സംഭരണം മുടങ്ങി; കര്‍ഷകരെ സര്‍ക്കാര്‍ കണ്ണീരിലാഴ്ത്തുന്നു; അരിവില കൂടിയിട്ടും വിപണി ഇടപെടലില്ല; വിദേശയാത്ര കേരളത്തിന് ഗുണകരമായെന്ന അവകാശവാദം അടിസ്ഥാനരഹിതം; മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ നടത്തിയത് തട്ടിക്കൂട്ട് പ്രഖ്യാപനം
തിരുവനന്തപുരം : തന്റെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനം അര്‍ത്ഥവത്തായിരുന്നെന്നും കേരളത്തിന് ഗുണകരമായ നിരവധി തീരുമാനങ്ങള്‍ അവിടെ ഉണ്ടായെന്നുമുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രി പറഞ്ഞതും യാഥാര്‍ത്ഥ്യവും തമ്മില്‍ യാതൊരു ബന്ധവുമില്ല. നാളെയുടെ പദാര്‍ത്ഥമെന്ന് ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് പറയുന്നത്. ഗ്രഫീന്‍ ഇന്നവേഷന്‍ സെന്റര്‍ തുടങ്ങാന്‍
കേരളം തീരുമാനിച്ചെന്ന് 2022 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഗ്രഫീനിലൂടെ ഗ്രാഫ് ഉയരുമെന്നായിരുന്നു പ്രചരണം. ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രഫീന്‍ പദ്ധതി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സെന്റര്‍ ഫേര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക് ടെക്‌നോളജിയും ചേര്‍ന്ന് നടപ്പാക്കുമെന്നാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെയുണ്ടായില്ല. ഈ പദ്ധതി എന്തായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാക്കും യു.കെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ നടത്തിയെന്നാണ് പറയുന്നത്. എന്നാല്‍ ആദ്യം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത് യു.കെയും കേരളവും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടെന്നാണ്. ഇപ്പോള്‍ അത് മാറ്റി യു.കെയിലെ ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോക്ക് ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പുമായി നോര്‍ക്ക റൂട്ട്‌സ് ധാരണാപത്രം ഒപ്പ് വച്ചെന്നു പറഞ്ഞു. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പ് എന്നത് ജൂലൈ ഒന്ന് മുതല്‍ യു.കെയില്‍ നിയമം മൂലം നിലവില്‍ വന്ന സ്റ്റാറ്റിയൂട്ടറി സ്ഥാപനം മാത്രമാണ്. അല്ലാതെ ഇത് യു.കെ സര്‍ക്കാരല്ല. ഈ സ്ഥാനപത്തിലൂടെ ആരെയും ജോലിക്ക് അയയ്ക്കാനാകില്ല. അവിടെ പോയത് കൊണ്ട് അങ്ങനെയൊരു സംഭവം ഉണ്ടായി എന്ന് മാത്രം പറയുകയാണ്.
ലണ്ടനില്‍ വച്ച് ഹിന്ദുജ ഗ്രൂപ്പുമായി സംസാരിച്ചെന്നാണ് പറയുന്നത്. ഹിന്ദുജ ബോംബെ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്പനിയാണ്. അവരുമായി ചര്‍ച്ച നടത്താന്‍ ലണ്ടനില്‍ പോകേണ്ട കാര്യമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിന് മുന്‍പും നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല. പക്ഷെ സര്‍ക്കാര്‍ ചെലവില്‍ വിദേശയാത്ര നടത്തുമ്പോള്‍ സംസ്ഥാനത്തിന് അതിലൂടെ എന്ത് നേട്ടമാണ് ഉണ്ടായതെന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് വയ്ക്കണം.
2019-ല്‍ ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ 300 കോടി രൂപയുടെ വ്യവസായം കൊണ്ടുവരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നീറ്റാ ജലാറ്റില്‍ കമ്പനി കേരളത്തില്‍ 200 കോടി രൂപയുടെയും ടെറുമോ കോര്‍പറേഷന്‍ 100 കോടിയുടെയും നിക്ഷേപം നടത്തുമെന്ന് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ തോഷിബ കമ്പനിയുമായി ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ് ബാറ്ററി നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ കൈമാറാന്‍ കരാര്‍ ഒപ്പിട്ടെന്നും ടൊയോട്ടയുമായി ചേര്‍ന്ന് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഫാക്ടറി തുടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. ജപ്പാന്‍-കൊറിയ സന്ദര്‍ശനത്തിന് ശേഷമുള്ള അഞ്ച് പ്രഖ്യാപനങ്ങളും നടന്നില്ല.
2019 മെയില്‍ നെതര്‍ലന്‍ഡ് സന്ദര്‍ശിച്ച മുഖ്യമന്ത്രി റൂം ഫോര്‍ റിവര്‍ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞു. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. അതിന് പകരമായി കേരളത്തെ വെള്ളത്തില്‍ മുക്കിക്കൊല്ലുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
2020-ല്‍ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ സംഘടിപ്പിച്ച അസന്റില്‍ 22000 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതില്‍ ഏത് പദ്ധതിയാണ് നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇതിന്റെ ഭാഗമായി ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഒപ്പിട്ട കമ്പനിയാണ് ഇ.എം.സി.സി. ഇത് വിവാദമായി. ഇതിന് പിന്നാലെ സ്വിസ് കമ്പനിയായ ഹെസ്സുമായി ചേര്‍ന്ന് ഇ ബസ് പദ്ധതിക്ക് കരാര്‍ ഒപ്പുവച്ചു. അഴിമതി ആരോപണത്തെ തുടര്‍ന്ന് അതും ഒഴിവാക്കി. ഒരു വിദേശ യാത്രകൊണ്ടും കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല. എന്തെങ്കിലും നടത്തിയെന്ന് പറയാനുള്ള തട്ടിക്കൂട്ട് പ്രഖ്യാപനങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞത്.
മന്ത്രിമാര്‍ വിദേശയാത്ര നടത്തുമ്പോഴും കേരളത്തിലെ സ്ഥിതി അതിദയനീയമാണ്. കഴിഞ്ഞ വര്‍ഷം 1.75 മെട്രിക് ടണ്‍ നെല്ലാണ് സര്‍ക്കാര്‍ സപ്ലൈകോ വഴി സംഭരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ വെറും 5000 ടണ്‍ മാത്രമാണ് സംഭരിച്ചത്. കുട്ടനാടും പാലക്കാടും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊയ്‌തെടുത്ത നെല്ല് 20 ദിവസമായി പാടത്ത് കിടക്കുകയാണ്. ഇനി മില്ലുകള്‍ സംഭരിച്ചാലും ഈര്‍പ്പമുണ്ടെന്ന് പറഞ്ഞ് നല്ലൊരു ശതമാനം നെല്ല് ഒഴിവാക്കും. കേരളത്തിലെ നെല്‍കര്‍ഷകരെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും കേരളം ഭരിക്കുന്നത്. സംസ്ഥാനത്ത് തേങ്ങാ സംഭരണവും പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഓണത്തിന് ശേഷം അരി വില 11 രൂപവരെയാണ് കൂടിയത്. എന്നിട്ടും സര്‍ക്കാര്‍ എന്ത് വിപണി ഇടപെടലാണ് നടത്തിയത്? റബര്‍ 170 രൂപ നല്‍കി സംഭരിക്കുമെന്ന് പറഞ്ഞതല്ലാതെ നടപ്പായില്ല. കാര്‍ഷിക മേഖല പൂര്‍ണമായും കഷ്ടപ്പാടിലാണ്. സാധാരണക്കാര്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുകയാണ്. ഒരു തരത്തിലും പ്രവര്‍ത്തിക്കാത്ത ഒരു സര്‍ക്കാരായി മാറിയിരിക്കുകയാണ്.
വിദേശത്ത് പോയി എന്ത് പഠിച്ചു എന്ന് ചോദിച്ചപ്പോള്‍, യൂറോപ്പില്‍ കാറ് പോകുന്ന വഴിയും സൈക്കിള്‍ പോകുന്ന വഴിയും നടക്കുന്ന വഴിയുമൊക്കെ ഉണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ഇതെങ്കിലും പഠിച്ചതില്‍ സന്തോഷം. സമരം പുനരാരംഭിക്കാതിരിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുകയാണ്. എല്ലാ കാര്യങ്ങളിലും സമരം ചെയ്യുകയെന്നതായിരുന്നില്ല പ്രതിപക്ഷ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാതെ ഇരിക്കുമ്പോള്‍ സമര രംഗത്തേക്ക് ഇറങ്ങേണ്ടി വരും. യു.ഡി.എഫ് യോഗത്തില്‍ സ്വയം വിമര്‍ശനമുണ്ടായി. പ്രതിപക്ഷത്തിന്റെ നിയമസഭയിലെ പ്രകടനത്തെ എല്ലാ ഘടകകക്ഷികളും അഭിനന്ദിച്ചു. എന്നാല്‍ നിയമസഭയില്‍ പ്രവര്‍ത്തിക്കുന്ന അതേരീതിയിലേക്ക് സമരപരിപാടികളുമായി താഴേത്തട്ടിലേക്ക് എത്താനിയില്ലെന്ന് വിമര്‍ശനമുണ്ടായി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര, സംഘടനാ തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് മറ്റ് കാര്യങ്ങളിലേക്ക് പോകാന്‍ കഴിഞ്ഞില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കുറേക്കൂടി സമര പരിപാടികള്‍ നടത്തണമെന്നാണ് യു.ഡി.എഫ് ഘടകകക്ഷികള്‍ നിര്‍ദ്ദേശിച്ചത്. അല്ലാതെ എല്‍.ഡി.എഫിനെ പോലെ ഒരാള്‍ പോക്കറ്റില്‍ നിന്നെടുത്ത് വായിക്കുന്നത് തീരുമാനം ആണെന്ന് പറഞ്ഞ് കൈയ്യടിക്കുന്ന മുന്നണിയല്ല യു.ഡി.എഫ്.