ലെെംഗിക ആരോപണത്തോട് പ്രതികരിക്കാത്ത സിപിഎം നിലപാട് കുറ്റസമ്മതത്തിന് തുല്യം :കെ.സുധാകരന്‍ എംപി

Spread the love

മുന്‍മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കുമെതിരെ ഉയര്‍ന്ന ഗുരുതരമായ ലെെംഗിക ആരോപണത്തോട് പ്രതികരിക്കാത്ത സിപിഎം നിലപാട് കുറ്റസമ്മതത്തിന് തുല്യമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തെ നിസ്സാരവത്കരിക്കാനുള്ള സിപിഎം നീക്കം സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ലെെംഗിക ആരോപണ വിധേയരായ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരും പോലീസും തയ്യാറാകണം.സിപിഎം നേതാക്കള്‍ക്കെതിരെ നാണം കെട്ട ആരോപണമാണ് ഉയര്‍ന്ന് വന്നത്. തെളിവുകളില്ലാതെ സോളാര്‍ കേസിലെ പ്രതി ആരോപണം ഉന്നയിച്ചപ്പോള്‍ ഏറ്റെടുത്ത് ആഘോഷിച്ച സിപിഎം എന്തുകൊണ്ടാണ് സ്വപ്നയുടെ ആരോപണത്തോട് മുഖം തിരിക്കുന്നത്. ആരോപണം ഉന്നയിക്കുക മാത്രമല്ല അത് തെളിയിക്കാന്‍ തയ്യാറാണെന്ന് സിപിഎമ്മിനെ സ്വപ്ന വെല്ലുവിളിച്ചിട്ടും ഒരക്ഷരം മിണ്ടാനോ മാനനഷ്ടകേസ് കൊടുക്കാനോ മുന്നോട്ട് വരാത്തത് അവര്‍ നേരിടുന്ന രാഷ്ട്രീയ പാപ്പരത്തിന് തെളിവാണ്. ഡാറ്റക്കച്ചവടവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണം അവഗണിക്കാന്‍ കഴിയുന്നതല്ലെന്നും സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ കെപിസിസി യോഗം സമഗ്രമായി വിലയിരുത്തി.സംസ്ഥാനത്തെ ക്രമസമാധാനത്തകർച്ചയും പോലീസ് അതിക്രമങ്ങളും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്.പാർട്ടി നേതാക്കൾക്കും ബന്ധുക്കൾക്കും വേണ്ടിയുള്ള സർവ്വകലാശാലകളിലെയും സർക്കാർ വകുപ്പുകളിലെയും അനധികൃത നിയമനങ്ങൾ ഭരണരംഗത്തിന്റെ വിശ്വാസ്യത പാടെ തകർത്തു.കോവിഡ് മഹാമാരിക്കാലത്ത് സര്‍ക്കാര്‍ പിപിഇ കിറ്റും ഗ്ലൗസുമൊക്കെ വാങ്ങുന്നതിലുണ്ടായ വലിയ തീവെട്ടിക്കൊള്ള സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം.രൂക്ഷമായ വിലക്കയറ്റം മൂലം ജനങ്ങളാകെ പൊറുതിമുട്ടുമ്പോൾ വിപണിയിലിടപെടാതെ സംസ്ഥാന സർക്കാർ നോക്കുകുത്തിയാവുകയാണ്.കാർഷിക മേഖലയിലും സർക്കാരിന്റെ ജനദ്രോഹം തുടരുന്നു. നെല്ലു സംഭരണവും കൊപ്ര സംഭരണവും റബർ സംഭരണവും പൂർണ്ണ പരാജയമായിരിക്കുകയാണെന്നും കെപിസിസി യോഗം അഭിപ്രായപ്പെട്ടു.

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും കെപിസിസി ഭാരവാഹികളും പങ്കെടുത്തു.

Author