കൊച്ചി, 29 നവംബര്‍ 2022: ദേശീയ പൈതൃക മൃഗമായ ആനകളുടെ സംരംക്ഷണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഗജോത്സവത്തിന്റെ ഭാഗമായുള്ള ആ ആന പ്രദര്‍ശനം ഡിസംബര്‍ 1 ന് ആരംഭിക്കും. ഫോര്‍ട്ട് കൊച്ചിയിലെ സെന്റ് ജോണ്‍ ഡി ബ്രിട്ടോ സ്‌ക്കൂളിന് സമീപമുള്ള സിഎസ് ഐ ഹാളിലാണ് പ്രദര്‍ശനം നടക്കുക . ഒരു മാസം നീണ്ടുനില്‍ക്കുന്ന ആ ആന പ്രദര്‍ശനത്തില്‍ കല, സാഹിത്യം തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെയും ക്ഷേത്ര അനുഷ്ഠാനങ്ങളിലൂടെയും ആനയെ
ചിത്രീകരിക്കുന്ന പ്രദര്‍ശനം നടക്കും. കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായാണ് ആ ആന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, വിറ്റ്‌ലി ഫണ്ട് ഫോര്‍ നേച്ചര്‍ , കൊച്ചിന്‍ കലക്ടീവ് എന്നിവര്‍ സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ആ ആന പ്രദര്‍ശനത്തിന്റെ ഭാഗമായി ആനയുമായി ബന്ധപ്പെട്ട സിനിമാ പ്രദര്‍ശനവും ചര്‍ച്ചകളും സംഘടിപ്പിക്കും.
ബാലഗജ എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആനകളുടെ വിവിധ കലാരൂപങ്ങള്‍ നിര്‍മിക്കാനും അവസരമുണ്ടാകും. അതോടൊപ്പം, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും വിറ്റ്ലി ഫണ്ട് ഫോര്‍ നേച്ചറും നല്‍കുന്ന ഗജമിത്ര മാധ്യമ അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. പ്രിന്റ് / ഓണ്‍ലൈന്‍, ടെലിവിഷന്‍ / ഡോക്യുമെന്ററി ഫീച്ചറുകള്‍, റേഡിയോ/ പോഡ്കാസ്റ്റുകള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് എന്നീ 4 വിഭാഗങ്ങളിലായാണ് അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നത്. ആനകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കാണ് അവാര്‍ഡ് . കേരളത്തിലുള്ള 21നും 40 നും ഇടക്ക് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2023 ഏപ്രിലില്‍ അവാര്‍ഡ് പ്രഖ്യാപിക്കും. എഴുത്തുകാരായ പോള്‍ സക്കറിയ, എന്‍.എസ് മാധവന്‍, ആന വിദഗ്ദനായ ഡോ.പി. എസ് ഈസ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ കണ്ടെത്തുക.
കൊച്ചിന്‍ കാര്‍ണിവല്‍ സൊസൈറ്റി പ്രസിഡണ്ട് കെ.ജെ സോഹന്‍, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ കമ്യൂണിക്കേഷന്‍ മേധാവി ആനന്ദ ബാനര്‍ജി, ആ ആന ഉപദേശക സമിതി അംഗം ബോണി തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Report : ATHIRA