വിഴിഞ്ഞം: ആശങ്കകൾ അടിസ്ഥാനമില്ലാത്തതെന്ന് ബോധ്യപ്പെടുത്തും : മന്ത്രി

Spread the love

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ആശങ്കകൾ അടിസ്ഥാനമില്ലാത്തതെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും വികസന കാര്യങ്ങളിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതു നാടിനു നല്ലതല്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാങ്കേതികത സംബന്ധിച്ച് സംഘടിപ്പിച്ച വിദഗ്ധ സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പദ്ധതി നിർമാണം തുടങ്ങിയതുമുതൽ പ്രദേശവാസികളുടേയും മത്സ്യത്തൊഴിലാളികളുടേയും മുഴുവൻ ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിക്കുന്ന സമീപനമാണു സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു. പദ്ധതിക്കെതിരായി ഇപ്പോൾ നടക്കുന്ന സമരത്തിലെ ഒട്ടുമിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുള്ളതാണ്. തുറമുഖ നിർമാണം നിർത്തിവച്ചു പഠനം നടത്തുകയെന്നത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം കപ്പിനും ചുണ്ടിനുമിടയിൽ എത്തിനിൽക്കുമ്പോൾ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്? മുഴുവൻ ജനങ്ങളെയും വസ്തുതകൾ ബോധ്യപ്പെടുത്താൻ സർക്കാർ നടപടിയെടുക്കും – മന്ത്രി വ്യക്തമാക്കി.

തുറമുഖ നിർമാണം ആരംഭിച്ചശേഷം മത്സ്യത്തൊഴിലാളികൾക്കും പ്രദേശവാസികൾക്കുമായി ഏറ്റവും മികച്ച പുനരധിവാസ പാക്കേജാണു സർക്കാർ നടപ്പാക്കിയിട്ടുള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഇതിനോടകം 100 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. തുറമുഖത്തിനായുള്ള കരാർ ഒപ്പുവയ്ക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എട്ടു കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളായിരുന്നു ശുപാർശ ചെയ്തത്. എന്നാൽ, സർക്കാർ കൂടുതൽ ഉദാരമായ വ്യവസ്ഥകളും നടപടികളുമാണു സ്വീകരിച്ചത്.

വിഴിഞ്ഞം തുറമുഖം പൂർണമായി കേരള സർക്കാരിന്റേതാണെന്നും ചില തത്പര കക്ഷികൾ പ്രചരിപ്പിക്കുന്നതുപോലെ നിർമാണ കമ്പനിയുടേതല്ലെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പദ്ധതിയുടെ നിർമാണ ചുമതല നിർവഹിക്കുന്ന അദാനി കമ്പനി നിർമാതാക്കളും നിശ്ചിതകാലത്തേക്കുള്ള നടത്തിപ്പുകാരും മാത്രമാണ്. കേന്ദ്ര സർക്കാർ രാജ്യത്ത് ആദ്യമായി വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിച്ച തുറമുഖ പദ്ധതിയാണു വിഴിഞ്ഞത്തേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന വിദഗ്ധ സംഗമത്തിൽ തുറമുഖ വകുപ്പ് സെക്രട്ടറി കെ. ബിജു, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എംഡി. കെ. ഗോപാലകൃഷ്ണൻ, തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു. സെമിനാറിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം, സവിശേഷതകൾ, കേരളത്തിലെ തീരശോഷണത്തിന്റെ കാരണങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുത്തു.

Author