ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

Spread the love

മുപ്പത്തിമൂന്നാമത് എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനു തിരിതെളിഞ്ഞു. പറവൂര്‍ മൂത്തകുന്നം എസ്.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കലോത്സവം ഉദ്ഘാടനം ചെയ്തു.

കലോത്സവങ്ങള്‍ കേരളത്തിന്റെ അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. ലോകത്തുതന്നെ ഇത്രയധികം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന മറ്റൊരു കലാമാമാങ്കം ഇല്ല. വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ ശക്തിപ്പെടുത്തുന്ന സന്ദര്‍ഭങ്ങളാണ് കലോത്സവങ്ങള്‍. ഇവിടെ നിന്നു വളര്‍ന്നു വരുന്ന പ്രതിഭകളാണു നാളെ നാടിന്റെ അഭിമാനങ്ങളായി മാറുന്നതെന്നും മന്ത്രി പറഞ്ഞു.
100 വര്‍ഷം പൂര്‍ത്തിയാക്കുന്ന സ്‌കൂളിനുള്ള ആദരം എന്ന നിലയിലാണ് എസ്.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ പ്രധാന വേദിയായി തിരഞ്ഞെടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണു കാഴ്ചവച്ചതെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അധ്യക്ഷത വഹിച്ചു. ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മകളാണ് ഓരോ കലോത്സവങ്ങളും സമ്മാനിക്കുന്നതെന്നും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു
എണ്ണായിരത്തോളം കൗമാര പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലോത്സവത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും എസ്‌കോര്‍ട്ടിങ് അധ്യാപകരും സംഘാടകരും ടീം മാനേജര്‍മാരുമായി 11,114 പേര്‍ പങ്കെടുക്കും. 15 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. 300 ഇനങ്ങളിലായി 5 ദിവസമാണ് കലോത്സവം.

Author