ഓച്ചിറയില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നു

Spread the love

സംസ്ഥാന സര്‍ക്കാരിന്റെ ‘എല്ലാവരും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ കുടുംബശ്രീ ഗ്രൂപ്പുകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 52 കുടുബശ്രീ ഗ്രൂപ്പുകള്‍ പച്ചക്കറി കൃഷി ചെയ്യുന്നതാണ് പദ്ധതി. ഓരോ ഗ്രൂപ്പും കൃഷി കൂട്ടങ്ങള്‍ ഉണ്ടാക്കി 50 സെന്റില്‍ വീതം കൃഷി ചെയ്യും. ആവശ്യമായ ജൈവ രാസവളങ്ങള്‍, വിത്തുകള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. 22703 രൂപയുടെ സാധനങ്ങള്‍ നല്‍കും. ഓരോ ഗ്രൂപ്പും 3114 രൂപ വീതം അടയ്ക്കണം, ബാക്കി പഞ്ചായത്ത് വിഹിതമാണ്.നിലവില്‍ 10 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. നാടന്‍ പച്ചക്കറികള്‍ക്ക് പുറമെ കോളിഫ്‌ളവര്‍ പോലുള്ളവയും വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കും. ഓരോ ഗ്രൂപ്പിനും 25 വാഴ വിത്തുകള്‍ വീതവും നല്‍കും. കൃഷി കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശീലനവും ലഭ്യമാക്കും. ഓരോ പഞ്ചായത്തിലും വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും.ഓച്ചിറ ബ്ലോക്കില്‍ ഉല്‍പാദന വിപണന വിപ്ലവമാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍ അറിയിച്ചു.

 

Author