പിണറായി കേന്ദ്രസേനയെ വിളിക്കുന്നത് തൊഴിലാളികളെ തല്ലാനും അദാനിയെ തഴുകാനുമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന് .
കേന്ദ്രസേനയെ വിന്യസിക്കാനുള്ള നീക്കത്തിന് പിന്നില്‍ മത്സ്യത്തൊഴിലാളി സമരം തകര്‍ക്കാനും അദാനിയെ സംരക്ഷിക്കാനുമുള്ള പുതിയ നീക്കത്തിന്റെ ഭാഗമാണ്.ക്രമസമാധാന പരിപാലനം നടത്തുന്നതില്‍ കേരള പോലീസിനുണ്ടായ വീഴ്ചയുടെ തുറന്ന സമ്മതം കൂടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നിലപാട്. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്ന സിപിഎമ്മിന്, അവരെക്കാള്‍ പ്രിയം മോദിയുടെ ഇഷ്ടക്കാരനായ കോര്‍പ്പറേറ്റ് മുതലാളി അദാനിയെയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടപ്പോള്‍ തയ്യാറാകാത്തവരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ .കേന്ദ്രസേനയെ ഇറക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമായിട്ടാണ് അന്നത്തെ യുഡിഎഫ് ആവശ്യത്തെ സിപിഎം ചിത്രീകരിച്ചത്.അത്തരമൊരു തീരുമാനമെടുത്ത സിപിഎമ്മാണ് ഇന്ന് മത്സ്യത്തൊഴിലാളികളെ നേരിടാന്‍ മോദി സേനയുടെ സഹായം തേടിയത്. മോദി പിണറായി അദാനി കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നതിന് തെളിവാണിത്.എല്ലാ നടപടിക്രമങ്ങളും പാലിച്ച് വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്കാന് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായപ്പോള്‍ വഴിവിട്ട് സഹായിച്ചെന്ന ആരോപണം ഉന്നയിക്കുകയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തവരാണ് പിണറായി വിജയനും കൂട്ടരും.
തീരശോഷണത്തെ തുടര്‍ന്ന് ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പുനരുജീവനത്തിന് സമയബന്ധിതമായി ഉചിതമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇത്തരം ഒരു സമരം പോലും ഉണ്ടാകില്ലായിരുന്നു.തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിട്ടത് സര്‍ക്കാരിന്റെ പിടിവാശിയാണ്.മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മും ഇപ്പോള്‍ അവരെ തീവ്രവാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുകയാണ്. അക്രമത്തെ യുഡിഎഫ് ന്യായീകരിക്കില്ല. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു ബന്ധവും ഇല്ലാത്ത ആളുകളെ അറസ്റ്റ് ചെയ്തു പോലീസാണ് ആദ്യം പ്രകോപനം സൃഷ്ടിച്ചത്. ആഭ്യന്തര വകുപ്പിന്റെ ഈ നിലപാട് അക്രമത്തിലേക്ക് നീങ്ങുന്നതിന് കാരണമായി എന്ന് വേണം കാണാന്‍ .അദാനിക്ക് സംരക്ഷണം ഒരുക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാര്‍ ദുര്വാശിവെടിഞ്ഞ് മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് എം.എം.ഹസ്സന് ആവശ്യപ്പെട്ടു.