ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണു സംസ്ഥാന സ്‌കൂൾ കായികമേള : മുഖ്യമന്ത്രി

Spread the love

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിനു തുടക്കമായി
ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണു സംസ്ഥാന സ്‌കൂൾ കായികമേളയെന്നും ഇതു മുൻനിർത്തി സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 64-ാമതു സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്തെ സമഗ്ര മുന്നേറ്റത്തിനു കായികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവിധ കായിക post

പരിപാടികളിലൂടെ വിദ്യാർഥികളുടെ നിലവാരം ഉയർത്തുന്നതിനാണു സർക്കാർ ശ്രമിക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായി 10 മുതൽ 12 വയസ് വരെയുളള അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് 1000 കേന്ദ്രങ്ങളിലൂടെ ഫുട്ബോൾ പരിശീലനം നൽകും. ജൂഡോയ്ക്കു വേണ്ടി ജൂഡോക്കോ എന്ന പദ്ധതിയും ബോക്സിങ്ങിന് വേണ്ടി പഞ്ച് എന്ന പദ്ധതിയും സ്‌കൂൾതലത്തിൽ ആരംഭിച്ചുകഴിഞ്ഞു. ദേശീയ അത്‌ലറ്റിക് ഫെഡറേഷനുമായി ചേർന്ന് 5000 വിദ്യാർഥികൾക്ക് അത്‌ലറ്റിക് പരിശീലനം നൽകും. ഇതിന്റെ ആദ്യഘട്ടമായി 10 സ്‌കൂളുകളിൽ സ്പ്രിന്റ് എന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു.

സേ നോ ടു ഡ്രഗ്’ എന്ന മുദ്രാവാക്യമുയർത്തിയാണു കായിക താരങ്ങൾ മാർച്ച് പാസ്റ്റിൽ അണിനിരന്നത്. ജില്ല അടിസ്ഥാനത്തിലുള്ള മാർച്ച് പാസ്റ്റിൽ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. ഒളിമ്പ്യൻ മുഹമ്മദ് അനസ് യഹിയ ദീപശിഖ തെളിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ മുഖ്യതിഥിയായി.

Author