മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളിലെ റീ ബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട എട്ടു റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനം 2023 പകുതിയോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. റീബില്‍ഡ് കേരള റോഡ് നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് നടത്തിയ സന്ദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.
റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2021 ല്‍ പ്രവര്‍ത്തി ആരംഭിച്ചവയാണ് മല്ലപ്പള്ളി- കോമളം, വെണ്ണിക്കുളം – നാരകത്താനി, കവുങ്ങുംപ്രയാര്‍ – പാട്ടക്കാല, കോമളം- കല്ലൂപ്പാറ, കടമാന്‍കുളം -ചെങ്ങരൂര്‍, മൂശാരിക്കവല -പരിയാരം, കാവുംപുറം – പാലത്തുങ്കല്‍, കാവുപുറം – പടുതോട് റോഡുകള്‍. 23 കിലോമീറ്റര്‍ റോഡുകളാണ് ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നത്. 102 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മാണം. 18 കിലോമീറ്റര്‍ ബിഎം ബിസി ടാറിംഗും 4.8 കിലോമീറ്റര്‍ കോണ്‍ക്രീറ്റുമാണ് ചെയ്യുന്നത്. റോഡിന്റെ ഇരുവശങ്ങളില്‍ പുതിയ വാട്ടര്‍ കണക്ഷനുകളും സ്ഥാപിക്കും. അതു വരെ നിലവിലുള്ള ജലവിതരണം മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.മണ്ഡലത്തില്‍ റീബില്‍ഡ് കേരളയില്‍ ഇതേ വരെ നടന്ന പ്രവര്‍ത്തങ്ങളില്‍ ഏറ്റവും ബ്രഹത് പദ്ധതിയാണിത്. പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതോടെ മൂന്നു പഞ്ചായത്തുകളിലേയും റോഡുകള്‍ മെച്ചപ്പെട്ട നിലവാരത്തിലേക്കുയരും. കോമളം പുതിയ പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ നിലവിലുള്ള കേസ് തീര്‍പ്പാകുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.