സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ ശാസ്ത്രീയമായ രീതിയിലൂടെ മാത്രം പ്രവർത്തിച്ചു വരുന്ന തോട്ടമാണ് ആലുവയിലെ വിത്ത് ഉൽപാദന കേന്ദ്രമായ സ്റ്റേറ്റ് സീഡ് ഫാം. കഴിഞ്ഞ പത്തു വർഷമായി രാസവളങ്ങളോ കീടനാശിനികളോ വിത്തുൽപ്പാദനത്തിന്റെ ഒരു ഘട്ടത്തിലും ഫാമിൽ ഉപയോഗിക്കുന്നില്ല.
അന്തരീക്ഷത്തിൽ അമിതമായി ഹരിതഗൃഹവാതങ്ങൾ എത്തിച്ചേരുമ്പോൾ ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകുന്നു. കാലാവസ്ഥ ഇത്തരത്തിൽ മാറുന്ന സാഹചര്യത്തിൽ പ്രകൃതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് മാത്രമേ കാർഷിക മേഖലയ്ക്ക് മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. അതിനാലാണ് ആലുവയിലെ സ്റ്റേറ്റ് സീഡ് ഫാമിന്റെ ജൈവ കൃഷി രീതികൾക്ക് പ്രാധാന്യമേറുന്നത്.
ഐപിസിസിയുടെ കണക്കനുസരിച്ച് അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 24 ശതമാനമാണ്. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന അതേ അളവിൽ മണ്ണിൽ കാർബൺ ആഗിരണം ചെയ്യുമ്പോഴാണ് കാർബൺ ന്യൂട്രൽ കൃഷിയാകുന്നത്.
പുറത്തു നിന്നുള്ള ഉൽപാദനോപാധികളും , ഫോസിൽ ഇന്ധനങ്ങളും പരമാവധി കുറയ്ക്കുകയാണ് പ്രധാന മാർഗം.വിള അവശിഷ്ടങ്ങൾ പരിക്രമം ചെയ്തും, രാസവളങ്ങളുടെയും വെള്ളത്തിന്റെയും പരമാവധി ഉപയോഗക്ഷമത ഉറപ്പുവരുത്തിയുംപയർ വർഗ്ഗ കൃഷി, ചെറുധാന്യ കൃഷി, കമ്പോസ്റ്റ് വളം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും കാർബൺ ബഹിർഗമനം കുറയ്ക്കുവാൻ സാധിക്കും.