മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി ട്രഷററുമായ വി. പ്രതാപചന്ദ്രന് അന്തരിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ അബുജവിലാസം റോഡിന് സമീപത്തെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ ആയിരുന്നു അന്ത്യം. ഡിസംബര്‍ 21 ബുധനാഴ്ച രാവിലെ 10.30 വരെ അബുജവിലാസം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ഭൗതിക ശരീരം ബാര്‍ അസോസിയേഷന് ഹാളിലും തുടര്‍ന്ന് 11 മണിയോടെ കെപിസിസി ആസ്ഥാനത്ത് എത്തിക്കും. കെപിസിസി ഓഫീസില്‍ നേതാക്കളും ഭാരവാഹികളും അന്ത്യോപചാരം അര്‍പ്പിച്ചശേഷം തുടര്‍ന്ന് 12 മണിയോടെ തിരുവനന്തപുരം പ്രസ്ക്ലബിലും പൊതുദര്‍ശനത്തിന് വെയ്ക്കും. ഉച്ചകഴിഞ്ഞ് 2ന് മണക്കാട് പുത്തന്‍കോട്ട ശ്മശാനത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ നടക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് അറിയിച്ചു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി,പ്രതിപക്ഷ നേതാവ് വിഡി സതീശന്,കെപിസിസി ഭാരവാഹികള്‍, ജനപ്രതിനിധികള്‍,ഡിസിസി ഭാരാവാഹികള്‍,മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
മുന്‍ കെപിസിസി പ്രസിഡന്റും മന്ത്രിയും ആയിരുന്ന വരദരാജന് നായരുടെ മകനും ദിവാന്രാജഗോപാലാചരിയുടെ പൗത്രനുമായിരുന്നു വി.പ്രതാപചന്ദ്രന്.
സെന്റ് ജോസഫ് സ്കൂള്‍,യൂണിവേഴ്സിറ്റി കോളേജ്,തിരുവനന്തപുരം ലോ കോളേജ്, ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ജേണലിസം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.തിരുവനന്തപുരം പ്രസ്സ് ക്ലബിന്റെ മുന്‍ പ്രസിഡന്റ്.കെ എസ് യു ജില്ലാ പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി നിര്‍വാഹക സമിതി അംഗം, ട്രഷറര്‍,ഐഎന്‍ടിയുസി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം. ടൈറ്റാനിയം അടക്കമുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ ഐഎന്‍ടിയുസി പ്രസിഡന്റ്,തിരുവനന്തപുരം ബാറിലെ അഭിഭാഷകന് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. ലേബര്‍ നിയമത്തില്‍ പ്രത്യേക പ്രാഗത്ഭ്യം നേടിയിട്ടുണ്ട്. പരേതയായ ജയശ്രീ ഭാര്യയും പ്രിജിത്, പ്രീതി എന്നിവര്‍ മക്കളുമാണ്.