വാഷിംഗ്ടണ്‍ ഡി.സി.: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഗവണ്മെന്റ് വിദ്യാര്‍ത്ഥിനികളുടെ യൂണിവേഴ്സിറ്റി പഠനം സസ്പെന്റ് ചെയ്ത നടപടി അപലപനീയമാണെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെസ് പ്രൈസ് പറഞ്ഞു.
2021 ആഗസ്റ്റ് മാസം അഫ്ഗാനിസ്ഥാന് ഭരണം താലിബാന് ഏറ്റെടുത്തശേഷം സ്ത്രീ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റത്തിന്റെ അവസാന തെളിവാണ് ഡിസംബര്‍ 20ന് വിദ്യാര്‍ത്ഥികളുടെ യൂണിവേഴ്സിറ്റി പഠനം സസ്പെന്റ് ചെയ്തുകൊണ്ടു പുറത്തിറക്കിയ ഉത്തരവെന്ന് പ്രൈസ് ചൂണ്ടികാട്ടി.
അധികം താമസിയാതെ ആഗോള സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പിനെ താലിബാന് നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിപ്പു നല്കി.
താലിബാന് കാബിനറ്റ് മീറ്റിംഗിലാണ് പുതിയ തീരുമാനം കൈകൊണ്ടതെന്ന് എഡുക്കേഷന്‍ മിനിസ്ട്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഫ്ഗാന് മിനിസ്ട്രി ഓഫ് ഹൈയര്‍ എഡുക്കേഷനും തീരുമാനം സ്ഥിരീകരിച്ചു.
താലിബാന്റെ പുതിയ തീരുമാനം പരിഹാസ്യമാണെന്നും സ്ത്രീകളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതുമാണെന്നും ഹൂമണ്‍ റൈറ്റ്സ് വാച്ച് വിമര്‍ശിച്ചു. അഫ്ഗാന് പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും, പ്രത്യേകിച്ചു സ്ത്രീകളുടെ, ഓരോ ദിവസവും ഹനിക്കുന്ന നടപടികളാണ് താലിബാന് സ്വീകരിക്കുന്നതെന്നും ഇതു ദൂരവ്യാപകമായ വിപരീത ഫലങ്ങള്‍ സൃഷ്ടിക്കാമെന്നും പ്രസ്താവനയില്‍ ഇവര്‍ ചൂണ്ടികാട്ടി.