ബഫര്‍സോണ്‍ വിദഗ്ദ്ധസമിതിയംഗങ്ങളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും രാജ്യാന്തരബന്ധങ്ങള്‍ അന്വേഷണവിധേയമാക്കണം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

Spread the love

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ബഫര്‍സോണ്‍ വിദഗ്ദ്ധസമിതിയിലെ അംഗങ്ങളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും രാജ്യാന്തര പരിസ്ഥിതി സംഘടനാ ബന്ധങ്ങളും ഇവരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്നും വനംവകുപ്പിന്റെ ഇഷ്ടക്കാരായ വിദഗ്ദ്ധസമിതിയില്‍ നിന്ന് മലയോരജനതയ്ക്ക് യാതൊരു നീതിയും കിട്ടില്ലെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍.

ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായുള്ള വിദഗ്ദ്ധസമിതി രൂപീകരിക്കപ്പെട്ടപ്പോള്‍ത്തന്നെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഉള്‍പ്പെടെയുള്ള കര്‍ഷകസംഘടനകള്‍ സമിതിയംഗങ്ങളിലുള്ള വിശ്വാസ്യതയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. മുന്‍കാലങ്ങളില്‍ കര്‍ഷകരെ കുടിയിറക്കി

വനവല്‍ക്കരണത്തിനുവേണ്ടി രാജ്യാന്തര പരിസ്ഥിതി സംഘടനകളില്‍ പദ്ധതികള്‍ സമര്‍പ്പിച്ചവര്‍ ഈ സമിതിയിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിച്ചു. ഗ്ലോബല്‍ എന്‍വയണ്‍മെന്റ് ഫസിലിറ്റി, യു.എന്‍.ഡി.പി., ക്രിട്ടിക്കല്‍ എക്കോസിസ്റ്റം പാര്‍ട്ട്ണര്‍ഷിപ്പ് തുടങ്ങി നിരവധി രാജ്യാന്തര പരിസ്ഥിതി സാമ്പത്തിക ഏജന്‍സികളുമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ബന്ധമുള്ളതായി പലകോണില്‍ നിന്നും ആക്ഷേപമുയരുന്നുണ്ട്. യു.എന്‍.ഡി.പി.യുമായി ചേര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനംവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ സമര്‍പ്പിച്ച ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്‌സ്‌കേപ്പ് പദ്ധതിയില്‍ സൂചിപ്പിച്ചിരുന്ന ജനവാസപ്രദേശങ്ങളൊക്കെ ഇപ്പോള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത് സംശയമുളവാക്കുന്നതാണ്. കോടിക്കണക്കിന് രൂപയുടെ വന്‍ രാജ്യാന്തര സാമ്പത്തിക ഇടപാടുള്ള വനവല്‍ക്കരണപദ്ധതിയാണ് ഇതിന്റെ പിന്നിലുള്ളത്.

ജനാധിപത്യ ഭരണസംവിധാനങ്ങളെയും ജനപ്രതിനിധികളേയും തെറ്റിദ്ധരിപ്പിച്ച് പരിസ്ഥിതി മൗലികവാദികളുടെ അജണ്ടകളും നടപടിക്രമങ്ങളുമാണ് സംസ്ഥാനത്ത് ബഫര്‍സോണിന്റെ മറവില്‍ നടക്കുന്നത്. ഇതിന് സര്‍ക്കാര്‍ മൗനസമ്മതം മൂളുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും. ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്‌സ്‌കേപ്പ് പദ്ധതിയിലൂടെ ഇടതൂര്‍ന്ന വനസൃഷ്ടിക്കായി പദ്ധതി നടത്തിയവര്‍ ബഫര്‍സോണിന്റെ വിദഗ്ദ്ധസമിതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൃഷിഭൂമി വനഭൂമിയായി മാറ്റപ്പെട്ട് വന്‍ഭൂമി അട്ടിമറിക്കു സാധ്യതയേറുന്നുവെന്നും നിലവിലുള്ള വിദഗ്ദ്ധസമിതി പിരിച്ചുവിട്ട് പുനഃക്രമീകരണമുണ്ടാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

അഡ്വ.ബിനോയ് തോമസ്
സംസ്ഥാന ചെയര്‍മാന്‍
മൊബൈല്‍: 94476 91117

Author