പ്രതിപക്ഷ നേതാവ് തൃശൂരില്‍ നല്കിയ ബൈറ്റ് (26/12/2022)
ഇ.പി ജയരാജനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന മൗനം; പുറത്ത് വരുന്നത് സാമൂഹികവിരുദ്ധ സംഘങ്ങളുമായുള്ള സി.പി.എം നേതാക്കളുടെ ബന്ധം; കള്ളപ്പണം വെളുപ്പിച്ചെന്ന് വ്യക്തമായിട്ടും കേന്ദ്ര ഏജന്‍സികള്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്?
തൃശൂര്‍ : നേതാക്കള്‍ക്കെതിരായ റിസോര്‍ട്ട്, കള്ളംപ്പണം വെളുപ്പിക്കല്‍, കൊട്ടേഷന്‍
വിവാദങ്ങളിലൂടെ സി.പി.എമ്മിലെ ജീര്‍ണത മറനീക്കി പുറത്തു വരികയാണ്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ സാമൂഹികവിരുദ്ധ ഇടപാടുകള്‍ക്ക് പിന്നിലും സി.പി.എം സാന്നിധ്യമുണ്ട്. ഇ.പി ജയരാജനെതിരെ പി. ജയരാജന് ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടും അമ്പരപ്പിക്കുന്ന മൗനമാണ്
മുഖ്യമന്ത്രിയുടെയും പാര്‍ട്ടി നേതാക്കളുടെയും ഭാഗത്ത് നിന്നുണ്ടായത്. അവര്‍ പ്രതികരിക്കുന്നില്ലെന്നു മാത്രമല്ല ആരോപണങ്ങള്‍ നിഷേധിക്കാനും തയാറായിട്ടില്ല. അധികാരത്തില്‍ എത്തിയതിന് പിന്നാലെ ആറു വര്‍ഷമായി സി.പി.എമ്മില്‍ നടക്കുന്ന ജീര്‍ണതകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ മന്ത്രി ആയിരുന്ന നേതാവ് അനധികൃതമായി സമ്പാദിച്ച പണം കൊണ്ടാണ് റിസോര്‍ട്ട് നിര്‍മ്മിച്ചതെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് പുറത്ത് വന്നത്. മറ്റൊരു നേതാവിന് സ്വര്‍ണക്കടത്ത്, കൊട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് മറുവിഭാഗം പറയുന്നത്. എസ്.എഫ്.ഐ- ഡിവൈഎഫ്.ഐ നേതാക്കളുടെ വിക്രിയകള്‍ പുറത്തു വന്നതിന് പിന്നാലെ അത് ഏരിയാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും കടന്ന് ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിയില്‍ എത്തി നില്‍ക്കുകയാണ്.
റിസോര്‍ട്ടിനെതിരെ കെ. സുധാകരനും കണ്ണൂര്‍ ഡി.സി.സിയും നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നതാണ്. റിസോര്‍ട്ടിനെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാ സി.പി.എം നേതാക്കള്‍ക്കും അറിയാം. അതുകൊണ്ടു തന്നെ മാധ്യമ വാര്‍ത്തകള്‍ക്കും അപ്പുറം ഈ വിവാദത്തിന് മാനങ്ങളുണ്ട്. പി. ജയരാജന് പാര്‍ട്ടി കമ്മിറ്റിയില്‍ ആരോപണം ഉന്നയിക്കുന്നത് മുന്‍പ് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട വ്യക്തി
ഏതെല്ലാം സി.പി.എം നേതാക്കളെ കണ്ടിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ കണ്ടെത്തണം. ആരും അറിയാതെയല്ല പി ജയരാജന് ആരോപണം ഉന്നയിച്ചത്. ഇരുമ്പ് മറയ്ക്കുള്ളിലായിരുന്ന കാര്യങ്ങള്‍ ആ ഇരുമ്പ് മറയും തകര്‍ത്ത് പുറത്ത് വന്നിരിക്കുകയാണ്. പരസ്പരമുള്ള ചെളിവാരി എറിയലുകളാണ് ഇപ്പോള്‍ നടക്കുന്നത്. സാമൂഹിക വിരുദ്ധ ശക്തികളുമായുള്ള ഓരോ നേതാക്കളുടെയും ബന്ധങ്ങളാണ് പുറത്ത് വരുന്നത്. വിവാദങ്ങളെ കുറിച്ച് കൂടുതല്‍ അറിയുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറിക്കാണ്. എന്നാല്‍ അദ്ദേഹം ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒന്നും പറായാന്‍ തയാറാകുന്നില്ല.
റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. കേരളത്തിലെ സി.പി.എമ്മിനതിരെ ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അന്വേഷിക്കണം. സ്വര്‍ണക്കടത്ത് കേസിലും കേന്ദ്ര ഏജന്‍സികളുടെ മൗനം കേരളം കണ്ടതാണ്. കൊട്ടേഷന്‍, സ്വര്‍ണക്കടത്ത്, റിസോര്‍ട്ട് മാഫിയ ഉള്‍പ്പെടെ എല്ലാ ഏര്‍പ്പാടുകളും സി.പി.എം നേതാക്കള്‍ക്കുണ്ട്. സി.പി.എം പോലുള്ള ഒരു പാര്‍ട്ടിയില്‍ നടക്കേണ്ട കാര്യങ്ങളല്ല ഇപ്പോള്‍ നടക്കുന്നത്. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരും.
കേരളത്തിലെ മയക്ക്മരുന്ന് സംഘങ്ങള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നത് സി.പി.എം നേതാക്കളാണ്. മയക്ക് മരുന്ന് വിരുദ്ധ പാരിപാടിയില്‍ പങ്കെടുക്കുന്നവര്‍ പരിപാടി കഴിഞ്ഞ് പോകുന്നത് എങ്ങോട്ടാണെന്ന് നാം കണ്ടതാണ്. ഇത്തരത്തിലുള്ള ഏത് കേസ് വന്നാലും അതില്‍ സി.പി.എമ്മുകാരന് ഉണ്ടാകുന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.