റിപ്പബ്ലിക് ദിന പരേഡ് നയിച്ചത് മേജർ ആനന്ദും സ്‌ക്വാഡ്രൺ ലീഡർ പ്രദീക് കുമാർ ശർമയും

Spread the love

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രൗഢഗംഭീരമായ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പരേഡ് നയിച്ചത് ഇന്ത്യൻ ആർമിയുടെ ഇൻഫൻട്രി ബ്രിഗേഡ് ഹെഡ്ക്വാർട്ടേഴ്‌സ് 91 ലെ മേജർ ആനന്ദ് സി എസും സെക്കൻഡ്-ഇൻ-കമാന്റ് എയർ ഫോഴ്‌സ് സതേൺ എയർ കമാൻഡ് കമ്മ്യൂണിക്കേഷൻ ഫ്‌ലൈറ്റിലെ സ്‌ക്വാഡ്രൺ ലീഡർ പ്രദീക് കുമാർ ശർമയും. 11 സായുധ വിഭാഗങ്ങളും 10 സായുധേതര വിഭാഗങ്ങളും അശ്വാരൂഢ സേനയും മൂന്ന് ബാൻഡ് സംഘങ്ങളും ആണ് പരേഡിൽ അണിനിരന്നത്.

ആർമി, എയർഫോഴ്‌സ്, ആർ.പി.എഫ്, കർണാടക വനിതാ പോലീസ് നാലാം ബറ്റാലിയൻ,മലബാർ സ്‌പെഷ്യൽ പോലീസ്, സ്‌പെഷ്യൽ ആംഡ് പോലീസ്,കേരള ആംഡ് വിമൻ പോലീസ് ബറ്റാലിയൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ, തിരുവനന്തപുരം സിറ്റി പോലീസ്, കേരള ജയിൽ വകുപ്പ്, കേരള എക്‌സൈസ് വകുപ്പ്, എന്നിവയുടെ ഓരോ പ്ലറ്റൂൺ പരേഡിൽ പങ്കെടുത്തു. സായുധേതര വിഭാഗത്തിൽ അഗ്‌നിരക്ഷാസേന, വനം വകുപ്പിലെ വനിതാ വിഭാഗം,എൻ.സി.സി സീനിയർ ഡിവിഷൻ ആൺകുട്ടികൾ, എൻ.സി.സി സീനിയർ വിംഗ് പെൺകുട്ടികൾ,എൻ.സി.സി സീനിയർ ഡിവിഷൻ എയർ സ്‌ക്വാഡ്രൺ, എൻ.സി.സി സീനിയർ ഡിവിഷൻ നാവിക യൂണിറ്റ്, എസ്.പി.സി ആൺകുട്ടികൾ, എസ്.പി.സി പെൺകുട്ടികൾ, സ്‌കൗട്ട്‌സ്,ഗൈഡ്‌സ് എന്നിവരുടെ ഓരോ പ്ലറ്റൂണും അണിനിരന്നു. തിരുവനന്തപുരം സിറ്റി പോലീസിന്റെ അശ്വാരൂഢ സേനയുടെ ഒരു പ്ലറ്റൂണും ഇന്ത്യൻ ആർമി, തിരുവന്തപുരം സിറ്റി പോലീസ്, ആംഡ് പോലീസ് ബറ്റാലിയൻ എന്നിവയുടെ ബാന്റ് സംഘങ്ങളും റിപ്പബ്ലിക് ദിന പരേഡിനെ ഗരിമയുള്ളതാക്കി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തിയ ശേഷം പരേഡ് പരിശോധിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയും ചെയ്തു. സ്‌കൂൾ വിദ്യാർഥികൾ ദേശഭക്തിഗാനം ആലപിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ആന്റണി രാജു, വി ശിവൻകുട്ടി, ജി.ആർ അനിൽ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ഗവർണറുടെ പത്‌നി രേഷ്മ ആരിഫ്, മുഖ്യമന്ത്രിയുടെ പത്‌നി കമല തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Author