കരിയര്‍ കാരവന്‍; സ്‌കൂളുകളില്‍ പര്യടനം നടത്തും

Spread the love

വയനാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന ‘കരിയര്‍ കാരവന്‍’ ജില്ലയിലെ വിവധ വിദ്യാലങ്ങളില്‍ പര്യടനം നടത്തും.
കരിയര്‍ ക്ലാസ്സുകള്‍, മോട്ടിവേഷന്‍ ക്ലാസ്സുകള്‍, വ്യക്തിത്വ വികസനം, ഉന്നത വിദ്യാഭ്യാസ തൊഴില്‍ സാധ്യതകള്‍ തുടങ്ങിയവ കാരവനിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തും. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ഘടിപ്പിച്ച ഡിസ്പ്ലേ സംവിധാനത്തില്‍ ഒരുക്കിയ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് വീഡിയോ പ്രസന്റേഷനും, കരിയര്‍ പ്രദര്‍ശനവും കരിയര്‍ കാരവന്റെ സവിശേഷതയാണ്. ജില്ലയിലെ ഹൈസ്‌ക്കൂള്‍ – ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളിലാണ് കരിയര്‍ കാരവന്‍ സന്ദര്‍ശനം നടത്തുന്നത്.ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ 69 വിദ്യാലയങ്ങളില്‍ ഈ പദ്ധതിയിലൂടെ ക്ലാസ്സുകള്‍ നല്‍കും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്കും പദ്ധതിയിലൂടെ പ്രത്യേക പരിശീലനം നല്‍കും. ജില്ലയിലെ 16 അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫെബ്രുവരി 13 വരെ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ കരിയര്‍ കാരവന്‍ പര്യടനം നടത്തും. മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാരംഭിച്ച കരിയര്‍ കാരവന്‍ യാത്ര ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു.

Author