കൃഷിദര്‍ശന്‍ : കാര്‍ഷിക അദാലത്തില്‍ ലഭിച്ചത് 37 പരാതികള്‍
വന്യമൃഗശല്യം തടയുന്നതിന് നെടുമങ്ങാട് കാര്‍ഷിക ബ്ലോക്കില്‍ 40 ലക്ഷം രൂപ അനുവദിച്ചതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കൃഷിദര്‍ശന്‍ പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ കാര്‍ഷിക അദാലത്തില്‍ കര്‍ഷകരുടെ പരാതികള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.കാര്‍ഷിക അദാലത്തില്‍ ആകെ 37 പരാതികള്‍ ലഭിച്ചു. അതില്‍ 14 എണ്ണം വേദിയില്‍ തന്നെ പരിഹരിച്ചു. ബാക്കിയുള്ളവ സമയബന്ധിതമായി തീര്‍പ്പാക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെയും നേതൃത്വത്തിലായിരുന്നു അദാലത്ത്.
മന്ത്രിമാരെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ നിരവധി പേരാണ് എത്തിയത്. നിവേദനങ്ങളും പരാതികളും വേദിയില്‍ തന്നെ പരിഹരിക്കപ്പെട്ടത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായി. ആനയറ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ പ്രശ്‌നങ്ങള്‍, കൃഷിനാശം, മൃഗശല്യം തുടങ്ങിയ നിരവധി പ്രശനങ്ങളാണ് കര്‍ഷകര്‍ ഉന്നയിച്ചത്. ജീവനും കൃഷിക്കും ഭീഷണിയായ കുരങ്ങുകളെ കൂട്ടിലാക്കി കാട്ടിലെത്തിക്കാനും അദാലത്തില്‍ തീരുമാനമായി. കരകുളം കൃഷിഭവന്റെ ഒരു സബ്‌സെന്റര്‍ വട്ടപ്പാറയില്‍ ആരംഭിക്കുന്നതിനും ഉത്തരവായി. കരകുളം കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ സേവനം ആഴ്ചയില്‍ രണ്ടു ദിവസം ലഭ്യമാക്കാനും അദാലത്തില്‍ തീരുമാനിച്ചു.