തിരുവനന്തപുരം: നമ്മുടെ സമൂഹത്തില്‍ വിഷമതകള്‍ അനുഭവിക്കുന്ന ഓരോ കുട്ടിയ്ക്കും ബാലനീതി നിയമം വിഭാവനം ചെയ്യുന്ന ശ്രദ്ധയും പരിചരണവും ഉറപ്പാക്കണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ വിഷമതകള്‍ അനുഭവിക്കുന്ന കുട്ടികളുടെ കാര്യങ്ങള്‍ പരിഗണിക്കുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സ്വീകാര്യമാകുന്ന തരത്തില്‍ അനുഭാവവും ശിശു സൗഹൃദവും ആയിരിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്കായി വനിത ശിശു വികസന വകുപ്പ് കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ബാലനീതി നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളില്‍ നിന്നായി 90 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ബാലനീതി നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉത്തരവുകള്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ എന്നിവയിലായിരുന്നു പരിശീലനം.
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ. മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജ്യുഡീഷ്യല്‍ അക്കാഡമി അക്കാഡമിക് ഡയറക്ടര്‍ ജസ്റ്റിസ് എ.എം. ബാബു, കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ. അബ്രഹാം മാത്യു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വനിത ശിശു വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, പ്രോഗ്രാം മാനേജര്‍ കൃഷണമൂര്‍ത്തി, സെലക്ഷന്‍ കമ്മിറ്റി അംഗം ഡോ. മോഹന്‍ റോയ് എന്നിവര്‍ പങ്കെടുത്തു.