മാധ്യമ പ്രവർത്തനം എങ്ങനെവേണമെന്ന് അധികാരകേന്ദ്രങ്ങൾ തീരുമാനിക്കുന്നത് അപകടകരം: സിദ്ധാർഥ് വരദരാജൻ

Spread the love

രാജ്യത്തു സ്വതന്ത്ര മാധ്യമ പ്രവർത്തനം ദുർബലപ്പെടുന്നതു ജനാധിപത്യത്തിന്റെ തളർച്ചയാണെന്നു പ്രമുഖ മാധ്യമ പ്രവർത്തകനും ‘ദി വയർ’എഡിറ്ററുമായ സിദ്ധാർഥ് വരദരാജൻ. മാധ്യമ പ്രവർത്തനം എങ്ങനെയാകണമെന്ന് അധികാരകേന്ദ്രങ്ങളിൽ നിശ്ചയിക്കപ്പെടുന്നത് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച മാധ്യമ ദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ’21-ാം നൂറ്റാണ്ടിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പത്ര, ദൃശ്യ മാധ്യമങ്ങളിലെയും ഇന്റർനെറ്റിലെയും ഉള്ളടക്കങ്ങളിൽ അധികാരികൾ സ്വാധീനംചെലുത്തുന്നതാണു മാധ്യമ മേഖല നേരിടുന്ന പ്രധാന വലിയ വെല്ലുവിളിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരുകളുടെ കാഴ്ചപ്പാടുകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനു സർക്കാർതലത്തിൽത്തന്നെ വിവിധ സംവിധാനങ്ങളുണ്ട്. ഇതല്ല മാധ്യമങ്ങളുടെ ജോലി. പക്ഷേ ഇന്നു മറിച്ചാണു സംഭവിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ പലതും സർക്കാരുകളുടെ സ്തുതിപാഠകരായി മാറുന്നു. ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങൾ സർക്കാരുകളുടെ വക്താക്കളല്ല, ജനങ്ങളും ഭരണഘടനയും ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യവുമാണു മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരേയും വഴിനടത്തേണ്ടത്.

മാധ്യമങ്ങൾക്കും മാധ്യമസ്വാതന്ത്ര്യത്തിനുമെതിരേ സർക്കാർ ഇടപെടലുകൾ മുൻപുമുണ്ടായിട്ടുണ്ടെങ്കിലും വർത്തമാനകാലത്ത് ഇതിനോടുള്ള ശത്രുതാമനോഭാവവും അസഹിഷ്ണുതയും എറ്റവും ഉയർന്ന തലത്തിലേക്കെത്തിയിട്ടുണ്ട്. എന്തു കാണണമെന്നും എന്തു വായിക്കണമെന്നും എന്തു പറയണമെന്നും അധികാരകേന്ദ്രങ്ങൾ തീരുമാനിക്കുന്ന സാഹചര്യം തുടരെത്തുടരെ രാജ്യത്തു സൃഷ്ടിക്കപ്പെടുകയാണ്. ഔദ്യോഗികമായി തീരുമാനിക്കപ്പെടുന്നില്ല എന്ന പൊതുധാരണയുണ്ടാക്കി എതിരായി വരുന്ന വാർത്തകളും ദൃശ്യങ്ങളും അദൃശ്യമാക്കപ്പെടുന്നു. ഏതെങ്കിലും വിധത്തിൽ ഇത്തരം ഉള്ളടക്കങ്ങൾ കാണുന്നവർക്കെതിരേ പൊലീസ് നടപടിയടക്കം ഉണ്ടാകുന്നുവെന്നത് രൂപപ്പെട്ടുവരുന്ന ഗുരുതര സാഹചര്യത്തിന്റെ ഉദാഹരണമാണ്.
മാധ്യമങ്ങളോടു ജനങ്ങളുടെ വിശ്വാസം കുറയുന്നതും സ്വതന്ത്ര മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളിയാണ്. കാണുന്നതും വായിക്കുന്നതും പൂർണമായി വിശ്വസിക്കാൻ ജനം തയാറാകുന്നില്ല. വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽനിന്നും അതിന് ഉതകുന്ന ചോദ്യങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നതിൽനിന്നും വിവിധ കാരണങ്ങളാൽ മാധ്യമങ്ങൾ പിന്നാക്കംപോകുന്നതാണ് ജനവിശ്വാസം കുറയുന്നതിനു പ്രധാന കാരണം. സാമ്പത്തിക ഘടകങ്ങളും വെല്ലുവിളിയാകുന്നുണ്ട്. മുഖ്യധാരയിൽനിന്നു മാറി മാധ്യമ പ്രവർത്തനം നടത്തുന്ന ഓൺലൈൻ മാധ്യമങ്ങളുടെ പ്രധാന വരുമാനം പരസ്യങ്ങളിൽനിന്നു ലഭിക്കുന്ന തുകയാണ്. ഇതിന്റെ സിംഹഭാഗവും പ്ലാറ്റ്ഫോമുകൾതന്നെ കൈയടക്കുന്ന സ്ഥിതിയുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന സർക്കാർ ഇടപെടലുകളുമുണ്ടാകുന്നുണ്ട്.

സ്വതന്ത്ര്യ മാധ്യമ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ പിൻബലമാണ് സമൂഹ മാധ്യമങ്ങൾ. പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ദശലക്ഷക്കണക്കിന് ആളുകളെക്കൊണ്ടു ക്ഷണനേരത്തിൽ വായിപ്പിക്കാമെന്നതാണു സമൂഹ മാധ്യമങ്ങളുടെ പ്രത്യേകത. എന്നാൽ ഇപ്പോൾ വിവിധ താത്പര്യങ്ങൾക്കു വഴങ്ങി സമൂഹ മാധ്യമഭീമന്മാർ ഇത്തരം ഉള്ളടക്കങ്ങൾ നീക്കംചെയ്യുന്ന രീതി പതിവാക്കിയിട്ടുണ്ട്. താത്പര്യങ്ങൾ സംരക്ഷിക്കത്തക്കവിധം സമൂഹ മാധ്യമ അൽഗോരിതങ്ങൾ രൂപപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

മാധ്യമ ദിനാചരണത്തിന്റെ ഭാഗമായി പ്രമുഖ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള പാനൽ ഡിസ്‌കഷനും ഒരുക്കിയിരുന്നു. തിരുവനന്തപുരം വിവാന്റയിൽ നടന്ന പരിപാടിയിൽ പ്രമുഖ മാധ്യമപ്രവർത്തകരും സംസ്ഥാനത്തെ വിവിധ ജേണലിസം കോളജുകളിൽനിന്നുള്ള മാധ്യമ വിദ്യാർഥികൾ പങ്കെടുത്തു.

Author