മുഖ്യമന്ത്രിക്ക് പേടിയാണെങ്കിൽ വീട്ടിൽ ഇരിക്കണം, ജനത്തെ ബന്ദിയാക്കരുത് – പ്രതിപക്ഷ നേതാവ്

Spread the love

സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം.

തിരുവനന്തപുരം : സര്‍ക്കാരിന് വേണ്ടി ധനമന്ത്രി അവതരിപ്പിച്ച ബജറ്റിനെതിരെ ഇത്രയധികം ജനരോഷം ഉയര്‍ന്നു വന്നൊരു കാലം സംസ്ഥാന

ചരിത്രത്തിലുണ്ടായിട്ടില്ല. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം എന്തെന്നു മനസലാക്കാതെ ജനങ്ങളുടെ തലയില്‍ ഇരുമ്പ് കൂടം കൊണ്ട് അടിക്കുന്നതിന് തുല്യമാണ് ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍. നികുതി പരിച്ചെടുക്കുന്നതിലുണ്ടായ പരാജയം മറച്ചു വയ്ക്കാനാണ് കേന്ദ്ര സഹായം കുറഞ്ഞെന്നും പെന്‍ഷന്‍ നല്‍കണമെന്നുമുള്ള ന്യായീകരങ്ങള്‍ സര്‍ക്കാര്‍ പറയുന്നത്. കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകളെല്ലാം സമൂഹിക സുരക്ഷാ

പെന്‍ഷനുകള്‍ നല്‍കുകയും വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാതെ ആദ്യമായി പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാരല്ല പിണറായി വിജയന്റേത്. സ്വര്‍ണത്തില്‍ നിന്നും പതിനായിരം കോടിയെങ്കിലും നികുതി കിട്ടേണ്ട സ്ഥാനത്താണ് 340 കോടി മാത്രം പിരിച്ചെടുത്തത്. ബാറിന്റെ എണ്ണം കൂടിയിട്ടും ടേണ്‍ ഓവര്‍ ടാക്സ് പരിച്ചെടുത്തില്ല. നികുതി പിരിച്ചെടുക്കുന്നതില്‍ ജി.എസ്.ടി വകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടു. നടപടി ക്രമങ്ങള്‍ പാലിക്കാത്തതു കൊണ്ടും കണക്ക്

സമര്‍പ്പിക്കാത്തതും കൊണ്ട് ഐ.ജി.എസ്.ടി പൂളില്‍ നിന്നും 5 വര്‍ഷം കൊണ്ട് 25000 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമായത്. ഈ നഷ്ടം നികത്താനാണ് 4000 കോടിയുടെ അധിക നികുതി ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത്. എന്‍.കെ പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ ചോദിച്ച മൂന്ന് ചോദ്യത്തിലും തെറ്റില്ല. പക്ഷെ കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞത് ജി.എസ്.ടി കോമ്പന്‍സേഷന്‍ രേഖകള്‍ കേരളം സമര്‍പ്പിച്ചില്ലെന്നാണ്. യഥാര്‍ത്ഥത്തില്‍ അത് ശരിയല്ല. ഐ.ജി.എസ്.ടി പൂളില്‍ നിന്നുള്ള തുകയാണ് സംസ്ഥാനത്തിന് നഷ്ടമായത്.

കേന്ദ്രത്തില്‍ നിന്നുള്ള ജി.എസ്.ടി കോമ്പന്‍സേഷന്‍ കോവിഡ് കാലത്ത് മാത്രമാണ് വൈകിയത്. ഇനി 750 കോടി മാത്രമെ കിട്ടാനുള്ളൂ. എന്നിട്ടും റവന്യൂ കമ്മിയുടെ ഗ്രാന്റ് നാലായിരം കോടിയായി വെട്ടിക്കുറച്ചെന്ന് സി.പി.എം ക്യാപ്സ്യൂള്‍ ഇറക്കിയിരിക്കുകയാണ്. റവന്യൂ കമ്മി ഗ്രാന്റ് നിശ്ചയിക്കുന്നത് ഫിനാന്‍സ് കമ്മിഷനാണ്. അത് അഞ്ച് വര്‍ഷത്തേക്ക് 53000 കോടിയായിരുന്നു. ആദ്യ വര്‍ഷങ്ങളില്‍ അത് കൂടുതലാണ്. പിന്നീടത് കുറയുമെങ്കിലും ആകെ 53000 കോടി സംസ്ഥാനത്തിന് ലഭിക്കും. എന്നിട്ടും വെട്ടിക്കുറച്ചെന്ന് പറയുന്നത് പച്ചക്കള്ളമാണ്. പ്രതിപക്ഷം ഇക്കാര്യങ്ങളൊക്കെ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തെറ്റാണെന്ന് സംസ്ഥാന ധനമന്ത്രി പറഞ്ഞിട്ടില്ല.

സര്‍ക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മറച്ച് വയ്ക്കാനാണ് ജനങ്ങള്‍ക്ക് മേല്‍ 4000 കോടിയുടെ നികുതി അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. അതിനെതിരെയാണ് യു.ഡി.എഫ് സമരം. സത്യഗ്രഹ സമരം ചെയ്യാന്‍ മാത്രമെ പ്രതിപക്ഷത്തിന് അറിയൂവെന്നാണ് മുഖ്യമന്ത്രി പരിഹസിച്ചത്. അങ്ങനെ സത്യഗ്രഹം മാത്രം നടത്താന്‍ അറിയുന്ന പ്രതിപക്ഷത്തെ ഭയന്ന് മുഖ്യമന്ത്രി എന്തിനാണ് 40 വണ്ടികളുടെ അകമ്പടിയില്‍ യാത്ര ചെയ്യുന്നത്? ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കല്ലെറിഞ്ഞവരാണ് സി.പി.എമ്മുകാര്‍. അതുപോലെ പിണറായി വിജയനെ കല്ലെറിയില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും എന്തിനാണ്

ഇത്രയും ഭയപ്പെടുന്നത്. മുഖ്യമന്ത്രി പോകുന്ന വഴികള്‍ വിജനമായിരിക്കണം. കുറെക്കാലം കറുപ്പിനോടായിരുന്നു മുഖ്യമന്ത്രിക്ക് ദേഷ്യം. കാക്ക പോലും അക്കാലത്ത് പേടിച്ചാണ് പറന്നത്. ഇപ്പോള്‍ വെളുപ്പിനോടായി ഭയം. ഖദറിട്ട ആരെയെങ്കിലും വഴിയില്‍ കാണ്ടാല്‍ കരുതല്‍ തടങ്കലിലാക്കും. ബസ് കാത്ത് പോലും ആരും നില്‍ക്കാന്‍ പാടില്ല. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിലെല്ലാം മുന്‍കരുതലെന്ന പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് യൂത്ത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയാണ്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുക്കുന്നത്? മുഖ്യമന്ത്രി രണ്ട് മണിക്കൂറിന് ശേഷം അതുവഴി പോകുന്നുണ്ടെന്ന് പറഞ്ഞാണ് പെരുമ്പാവൂരില്‍ യൂത്ത് കേണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തവരെയെല്ലാം കരുതല്‍ തടങ്കലിലാക്കിയത്. ഇത് സ്റ്റാലിന്റെ റഷ്യയല്ല മിസ്റ്റര്‍ പിണറായി വിജയന്‍, ജനാധിപത്യ കേരളമാണ്. എറണാകുളത്ത് ഒരു പെണ്‍കുട്ടിയെയാണ് കോളറില്‍ തൂക്കി തലയ്ക്കടിച്ച് ഒരു സി.ഐ ജീപ്പില്‍ കയറ്റിയത്. രാജാവിനേക്കാള്‍ വലിയ രാജഭക്തി പൊലീസുകാര്‍ കാട്ടരുത്. എല്ലാക്കാലവും പിണറായി വിജയനായിരിക്കില്ല മുഖ്യമന്ത്രി. ഞങ്ങളുടെ സഹോദരിമാരുടെ ദേഹത്ത് കൈ വച്ചാല്‍ ആങ്ങളമാരെ പോലെ ഞങ്ങള്‍ പ്രതികരിക്കും. ഇനി ഏതെങ്കിലും സ്ത്രീക്കെതിരെ പുരുഷ പൊലീസുകാര്‍ കൈവച്ചാല്‍ സമരരീതി മാറും. മുഖ്യമന്ത്രിക്ക് പേടിയുണ്ടെങ്കില്‍ പുറത്തിറങ്ങേണ്ട. നിങ്ങള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ ജനങ്ങളെ ബന്ദിയാക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ?

ഇടത് കൈ കൊണ്ട് പെന്‍ഷന്‍ നല്‍കി വലം കൈ കൊണ്ട് പോക്കറ്റോടെ സര്‍ക്കാര്‍ പിടിച്ച് പറിക്കുകയാണ്. സര്‍ക്കാരിന്റെ വികൃതമായ മുഖമാണ് ജനങ്ങള്‍ക്ക് മുന്നിലുള്ളത്. നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സമാധാനപരമായി സമരം ചെയ്യുന്നത് യു.ഡി.എഫിന്റെ ദൗര്‍ബല്യമായി കാണരുത്. സര്‍ക്കാരിന്റെ മുഖംമൂടി ജനങ്ങള്‍ക്ക് മുന്നില്‍ വലിച്ചു കീറുന്ന സമരങ്ങളുമായി യു.ഡി.എഫ് മുന്നോട്ട് പോകും.

Author