പ്രീ പ്രൈമറി, പ്രൈമറി സ്കൂൾ ഘട്ടത്തിൽ ഏകീകൃത പാഠ്യപദ്ധതി അത്യാവശ്യമാണെന്ന് മന്ത്രി വി. ശിവൻ കുട്ടി. പായിപ്ര ഗവ. യുപി സ്കൂളിന്റെ 77ാം വാർഷികം-ചിലമ്പിന്റെയും അന്താരാഷ്ട്ര മാതൃകാ പ്രീ സ്കൂളിന്റെയും പാർക്കിന്റെയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ മാനസികവും ശാരീരികവും വൈകാരികവുമായ വളർച്ച ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. ആധുനിക മനശാസ്ത്രത്തോട് ചേർന്നു നിൽക്കുന്നതാകണം പാഠ്യപദ്ധതി. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പ്രവണത ചിലപ്പോൾ കാണാറുണ്ട്. അതുകൊണ്ടാണ് ശാസ്ത്രീയ പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നത്.
പാഠ്യപദ്ധതി പരിഷ്ക്കരണവേളയിൽ ഇക്കാര്യം ഗൗരവമായി പരിഗണിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാ കിരണം പദ്ധതിയും സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. സമഗ്ര ശിക്ഷാ കേരള വഴി എല്ലാ സ്കൂളുകളിലും മാതൃകാ പ്രീ പ്രൈമറി സ്കൂളുകൾ ആരംഭിക്കു ന്നതിനുള്ള നടപടി പുരോഗമി ക്കുകയാണ്.
പായിപ്ര ഗവ.യുപി സ്കൂളിൽ പുതിയ സ്കൂൾ കെട്ടിടം ആരംഭിക്കണമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനുള്ള വിശദമായ പദ്ധതി സർക്കാരിന് സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു.
സമഗ്ര ശിക്ഷ കേരളയുടെ കീഴിൽ പത്ത് ലക്ഷം രൂപ ചെലവിലാണ് വർണ്ണക്കൂടാരം എന്ന പേരിലുള്ള മാതൃകാ പ്രീ സ്കൂൾ തയാറാക്കിയിരിക്കുന്നത്.
മാത്യു കുഴൽ നാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, ജില്ലാ പഞ്ചായത്തംഗം ഷാന്റി എബ്രഹാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.ഇ. നാസർ, എൻ.സി. വിനയൻ, ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് ഖാൻ, പഞ്ചായത്തംഗങ്ങളായ ആനി ജോർജ്, സാജിത മുഹമ്മദാലി, ജയശ്രീ ശ്രീധരൻ, ജീജ വിജയൻ, പിടിഎ പ്രസിഡന്റ് നസീമ സുനിൽ, സമഗ്ര ശിക്ഷാ കേരള ജില്ലാ കോ-ഓഡിനേറ്റർ പി.കെ. മഞ്ജു, എ ഇ ഒ ഡി. ഉല്ലാസ്, പി.ടി.എ. അംഗം എ. എം. സാജിദ്, പ്രധാനാധ്യാപിക റഹീമ ബീവി തുടങ്ങിയവർ പങ്കെടുത്തു.