തൃശൂർ: ഈ വർഷത്തെ മിസ്റ്റർ മണപ്പുറം ശരീര സൗന്ദര്യ മത്സരത്തിൽ വിപിൻ ചാക്കോ വിജയിയായി. മണപ്പുറം സരോജിനി പദ്മനാഭൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ പങ്കെടുത്ത 104 മത്സരാർത്ഥികളെ പിന്തള്ളിയാണ് വിപിൻ ചാക്കോ വിജയിച്ചത്. കയ്പ്പമംഗലം എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ മത്സരം ഉത്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് അധ്യക്ഷത വഹിച്ചു. ദേശീയ തലത്തിൽ നിരവധി മത്സരങ്ങൾ വിജയിച്ച വിപിൻ ചാക്കോ എറണാകുളം സ്വദേശിയാണ്. ചടങ്ങിൽ കേരള ഫിസിക് അലയൻസ് ചെയർമാനും 15 തവണ മിസ്റ്റർ ഇന്ത്യയുമായ പ്രസാദ് കുമാറിനെയും മിസ്റ്റർ ഒളിമ്പിയ (അമച്വർ) അഭിലാഷിനെയും ആദരിച്ചു.
മെൻസ് ഫിസിക് ആയി മുഹമ്മദ് റാഷിദിനെയും ജൂനിയർ ബോഡി ബിൽഡിംഗ് ചാമ്പ്യനായി അശ്വിൻ എം ദാസിനെയും മെൻസ് ക്ലാസ്സിക്ക് ചാമ്പ്യനായി വിഷ്ണു സന്തോഷിനെയും വിമൻസ് ബോഡിബിൽഡിംഗ് ചാമ്പ്യൻനായി ദിവ്യ മോളെയും തിരഞ്ഞെടുത്തു. രോഹിത് രാജൻ (60 കിലോഗ്രാം), വിഷ്ണു സന്തോഷ് (70 കിലോഗ്രാം), പ്രശാന്ത് എം (80 കിലോഗ്രാം) എന്നിവർ വിവിധ ഇനങ്ങളിൽ ജേതാക്കളായി. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ മുഖ്യാതിഥിയായിരുന്നു. കേരള ഫിസിക് അലയൻസ് ജനറൽ സെക്രട്ടറി എഡ്വിൻ വിൽസൺ, മണപ്പുറം ഫൗണ്ടേഷൻ സിഎഫ്ഒ ഫിഡൽ രാജ്, വലപ്പാട് സബ് ഇൻസ്പെക്ടർ വിജു, മാഫിറ്റ് ഡയറക്ടർ റഫീഖ് റോഷ് എന്നിവർ പങ്കെടുത്തു.
Report : Ajith V Raveendran