മലയാള മാധ്യമ ഭാഷാശൈലി പുസ്തകം തയ്യാറാക്കുന്നതിന് കേരള മീഡിയ അക്കാദമി മാർച്ച് 9 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വട്ടമേശ സമ്മേളനം സംഘടിപ്പിക്കുന്നു. നൂതന സാങ്കേതികവിദ്യയും വിജ്ഞാന സ്ഫോടനവും ഭാഷയെ നിരന്തരം പുതുക്കുന്ന സാഹചര്യത്തിൽ വ്യത്യസ്ത മാധ്യമങ്ങളിൽ സാമാന്യമായി സ്വീകരിക്കാവുന്ന ഭാഷയുടെ ഐക്യ രൂപം കണ്ടെത്തുന്നതിനാണ് സംഗമം.
രാവിലെ പത്തിന് തുടങ്ങുന്ന സംഗമത്തിൽ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളും ഭാഷാ വിദഗ്ധരും സാങ്കേതിക വിദഗ്ധരും ഭരണരംഗത്തെ പ്രമുഖരും ഉൾപ്പെടെ 40 പേരാണ് പങ്കെടുക്കുന്നത്.
ഇഎംഎസ്, എൻ വി കൃഷ്ണവാര്യർ, പി ഗോപിന്ദപിള്ള, ടി കെ ജി നായർ, ടി വേണുഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ 1981 ൽ മീഡിയാ അക്കാദമി പത്രഭാഷാ ശില്പശാല സംഘടിപ്പിച്ചിരുന്നു. അതിന്റെ പുതിയ പതിപ്പാണ് ഈ സമ്മേളനം എന്ന് അക്കാദമി ചെയർമാൻ ആർ എസ് ബാബു അറിയിച്ചു.
പരമ്പരാഗത മാധ്യമങ്ങൾക്ക് പുറമേ സാമൂഹ്യ മാധ്യമ ഭാഷയും വിലയിരുത്തും. സി രാധാകൃഷ്ണൻ കെ സി നാരായണൻ, ഡോ. എം ലീലാവതി, തോമസ് ജേക്കബ്, കെ മോഹനൻ, ഡോ. പി കെ രാജശേഖരൻ, ടി ജെ എസ് ജോർജ്, ശശികുമാർ, എം എൻ കാരശ്ശേരി, പ്രഭാവർമ്മ, ഡോ. സെബാസ്റ്റ്യൻ പോൾ, അമ്മു ജോസഫ് തുടങ്ങിയവർ ഈ സംരംഭത്തിന് നേതൃത്വം നൽകും.