തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണം – പ്രതിപക്ഷ നേതാവ്‌

Spread the love

സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്ന സര്‍ക്കാര്‍ സമീപനം തിരുത്തിയില്ലെങ്കില്‍ അതിശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ കോണ്‍ഗ്രസ്സിന്റെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സംഘടനാ നേതൃത്വം വഹിക്കുന്ന രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സംഘടന്‍ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു.

തിരുവനന്തപുരം ഇന്ദിരാഭവനില്‍ കൂടിയ പുനഃസംഘടിപ്പിച്ച രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സമിതിയുടെ പ്രഥമയോഗം പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ചെയര്‍മാന്‍ എം.മുരളി എക്‌സ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശ്രീ.ടി.യു.രാധാകൃഷ്ണന്‍,

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഓ.മോഹനന്‍, ആര്‍.ജി.പി.ആര്‍.എസ് ദേശീയ കോര്‍ഡിനേറ്റര്‍ ഡി.ഗീതാകൃഷ്ണന്‍, കേരള മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേംബര്‍ ജനറല്‍ സെക്രട്ടറി എം.ഒ.ജോണ്‍, കേരള പഞ്ചായത്ത് അസോസ്സിയേഷന്‍ വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, കേരള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസ്സിയേഷന്‍ സെക്രട്ടറി ബേസില്‍ പോള്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആനാട് ജയന്‍, പി.ടി.മാത്യു, അഡ്വ.രവിനായര്‍, എറണാകുളം ജില്ലാ പഞ്ചായത്ത് അസോസ്സിയേഷന്‍ പ്രസിഡന്റ് ചന്ദ്രശേഖരന്‍ വാരപ്പെട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
ലൈഫ് പദ്ധതിയില്‍ ഒരു വര്‍ഷം ഒരു വീടുപോലും നല്‍കാന്‍ കഴിയാതെ പോയത് സര്‍ക്കാരിന്റെ നിഷേധാത്മകമായ സമീപനം കൊണ്ട് മാത്രമാണ്. പദ്ധതിപ്പണം നല്‍കാതെ എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയിരിക്കുകയാണ്. അയ്യായിരം കോടി രൂപയുടെ ചെയ്ത പ്രവര്‍ത്തികളുടെ ബില്ലുകള്‍ കേരളത്തിലെ ട്രഷറികളില്‍ പേയ്‌മെന്റ് കാത്തുകിടക്കുകയാണെന്നും യോഗം ആരോപിച്ചു.

Author