കെ സുരേന്ദ്രന്‍ നടത്തിയ സഭ്യേതര പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രതികരിക്കാത്തത് എന്തുകൊണ്ട്? – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

കേരളം ഭരിക്കുന്നത് ജനങ്ങളാല്‍ വെറുക്കപ്പെട്ട സര്‍ക്കാര്‍; പദ്ധതി വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുന്നു; സി.പി.എം വനിതാ നേതാക്കള്‍ക്കെതിരെ കെ സുരേന്ദ്രന്‍ നടത്തിയ സഭ്യേതര പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രതികരിക്കാത്തത് എന്തുകൊണ്ട്?.

തിരുവനന്തപുരം : അധികാര വികേന്ദ്രീകരണമെന്ന ആശയത്തെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കി. കൃത്യസമയത്ത് പദ്ധതി വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളിലെ വികസനം താറുമാറാക്കി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒന്നിച്ച് നല്‍കേണ്ട പദ്ധതി വിഹിതം മൂന്ന് ഗഡുക്കളാക്കി. ആദ്യ ഗഡു മാര്‍ച്ച് 18 നാണ്

ട്രഷറിയിലെത്തിയത്. രണ്ടാം ഗഡു ഇന്നലെ വൈകുന്നേരമാണ് നല്‍കിയത്. എന്നിട്ടാണ് നാളെ വൈകുന്നേരത്തിന് മുന്‍പ് ചെലവഴിക്കണമെന്ന് പറയുന്നത്.

വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാകാതെയും ബില്ലുകള്‍ മാറാന്‍ കഴിയാതെയും തദ്ദേശ സ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ അടുത്ത വര്‍ഷത്തേക്ക് സ്പില്‍ഓവര്‍ ചെയ്താലും ആ വര്‍ഷത്തെ പദ്ധതി തുകയില്‍ നിന്നും പണം കണ്ടെത്തേണ്ടി വരും. അത് അടുത്ത വര്‍ഷത്തെ പദ്ധതികളെ ബാധിക്കും.

കുടിവെള്ള, വൈദ്യുത പദ്ധതികള്‍ക്ക് 20 ശതമാനം തുക മാത്രം ഡെപ്പോസിറ്റ് ചെയ്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ രണ്ട് സ്ഥാപനങ്ങളും മുഴുവന്‍ തുകയും നല്‍കാതെ പദ്ധതി പൂര്‍ത്തിയാക്കില്ല. പണം ഇല്ലാത്തതു കൊണ്ടാണ് അപ്രായോഗികവും വിചിത്രവുമായ നിബന്ധനകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകിയാണ് പണം നല്‍കിയതെങ്കിലും മാര്‍ച്ച് 31-ന് മുന്‍പ് അത് ചെലവഴിച്ചില്ലെങ്കില്‍ സഞ്ചിതനിധിയിലേക്ക് മടക്കി നല്‍കണമെന്നും ഉത്തരവിറക്കിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണമെന്നാണ് പറയുന്നതെങ്കിലും സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ഏജന്‍സി

മാത്രമായി തദ്ദേശ സ്ഥാപനങ്ങള്‍ മാറി. നാളെത്തന്നെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം പ്രായോഗികമല്ല. പണം നല്‍കാന്‍ സര്‍ക്കാര്‍ വൈകിയ സാഹചര്യത്തില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള സമയം ഏപ്രില്‍ 30 വരെയാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കത്ത് നല്‍കും. തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 31-ന് രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും യു.ഡി.എഫ് അംഗങ്ങള്‍ കുത്തിയിരുപ്പ് സമരം നടത്തും. യു.ഡി.എഫ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഈ സമരം നടത്തും.

കഴിഞ്ഞ രണ്ട് വര്‍ഷമായി അധികാര വികേന്ദ്രീകരണത്തെ തളര്‍ത്തി പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ താറുമാറാക്കിയിരിക്കുകയാണ്. ട്രഷറിയില്‍ കെട്ടിക്കിടക്കുന്ന 13223 കോടി രൂപയുടെ ബില്ലുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് 65 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇന്നലെ അനുവദിച്ച വിഹിതം നാളെ തന്നെ ചെലവഴിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. അധികാര വികേന്ദ്രീകരണം നടപ്പായതിന് ശേഷം തദ്ദേശ സ്ഥാപനങ്ങള്‍ ഇത്രത്തോളം പ്രയാസമനുഭവിച്ച കാലഘട്ടം സംസ്ഥാനത്തുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തത് മറച്ച് വച്ചുകൊണ്ടാണ് തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുന്നത്. കേരളം കടക്കെണിയിലാണെന്ന ആരോപണം തെറ്റാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളം പരിതാപകരമായ അവസ്ഥയിലേക്കാണ് പോകുന്നത്. ധനകാര്യ, തദ്ദേശ വകുപ്പുകള്‍ ചേര്‍ന്ന് പ്രാദേശിക സര്‍ക്കാരുകളെ കബളിപ്പിക്കുകയാണ്. ലൈഫ് മിഷന് വേണ്ടി 717 കോടി അനുവദിച്ചിട്ട് 7.05 ശതമാനമാണ് ചെലവഴിച്ചത്.

നികുതിക്കൊള്ളയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഒന്ന് യു.ഡി.എഫ് കരിദിനമായി ആചരിക്കും. നികുതി നിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്നതോടെ സ്വാഭാവികവും കൃത്രിമവുമായ വിലക്കയറ്റമാകും കേരളം നേരിടാന്‍ പോകുന്നത്. കടക്കെണിയിലായ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുന്ന നികുതി

വാശിയോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ജനങ്ങളാല്‍ വെറുക്കപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഏപ്രില്‍ അഞ്ചിന് യു.ഡി.എഫ് കക്ഷി നേതാക്കളും ജനപ്രതിനിധികളും രാജ്ഭവന് മുന്നില്‍ സത്യഗ്രഹം അനുഷ്ഠിക്കും.

സഭ്യേതരമായ പരാമര്‍ശമാണ് സി.പി.എമ്മിലെ വനിതാ നേതാക്കള്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയത്. ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്തതരത്തിലാണ് സ്ത്രീകളെ അധിക്ഷേപിച്ചത്. എന്നിട്ടും സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ ഒരു സി.പി.എം നേതാവ് പോലും രംഗത്ത് വന്നില്ല. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ യു.ഡി.എഫ് എം.എല്‍.എമാര്‍ അധിക്ഷേപിച്ചെന്ന് കള്ളം പറഞ്ഞ മുഖ്യമന്ത്രിയുടെയും കെ.കെ രമയ്‌ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെയും ചുണ്ട് ഇതുവരെ അനങ്ങിയില്ല. ബി.ജെ.പിയുമായുള്ള സ്‌നേഹബന്ധത്തിന്റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പോലും മിണ്ടാത്തത്. സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ യു.ഡി.എഫ് ശക്തമായി പ്രതിഷേധിക്കുന്നു. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. തിരുത്തിയില്ലെങ്കില്‍ സുരേന്ദ്രനെതിരെ കേസെടുക്കണം. എം.എല്‍.എമാര്‍ക്കെതിരെ പോലും കള്ളക്കേസെടുത്ത മുഖ്യമന്ത്രി എവിടെപ്പോയി? സുരേന്ദ്രനെതിരെ സി.പി.എം നേതാക്കള്‍ പരാതി നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷം പോലീസില്‍ പരാതി നല്‍കും.

ബി.ജെ.പി ഇതര സര്‍ക്കാരുകളെ ദ്രോഹിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കള്ളക്കേസ് എടുക്കുന്നുണ്ടെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുന്നു. എന്നാല്‍ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെ സി.പി.എമ്മുമായി ഒത്തുചേര്‍ന്നിരിക്കുന്നു എന്നതാണ് യു.ഡി.എഫിന്റെ ആരോപണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ച് കൊണ്ട് മുഖ്യമന്ത്രിയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. സ്വര്‍ണക്കടത്ത് കേസ് കേരളത്തിലെ ഒരു ഏജന്‍സിക്കും അന്വേഷിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടുമുണ്ട്. ലൈഫ് മിഷന്‍ കോഴക്കേസിലും രാജ്യാന്തര ബന്ധങ്ങള്‍ ഉള്ളത് കൊണ്ട് വിജിലന്‍സിന് അന്വേഷിക്കാനാകില്ല. ഈ സാഹചര്യത്തില്‍ കൂട്ടുകെട്ട് അവസാനിപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ചെലവില്‍ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്നത്. ഫേസ്ബുക്കിലെ പ്രതിഷേധം 24 മണിക്കൂര്‍ മാത്രമെ നീണ്ട് നിന്നുള്ളൂ. അത് കഴിഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധിയെ തള്ളിപ്പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരായ സമരത്തില്‍ നിന്ന് കോണ്‍ഗ്രസ് എം.പിമാര്‍ വിട്ടുനിന്നെന്നത് തെറ്റായ വര്‍ത്തയാണ്. വാര്‍ത്ത എം.പിമാരെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെയാണ് എം.പിമാര്‍ കേരളത്തിലേക്ക് മടങ്ങിയത്. വൈക്കം സത്യഗ്രഹ സുവര്‍ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട ചുമതലകള്‍ ഉണ്ടായിരുന്നതിനാലാണ് അവര്‍ കേരളത്തിലേക്ക് മടങ്ങിയത്.

Author