‘വർണ്ണക്കൂടാരം’ ഒരുങ്ങി; പ്രീസ്‌കൂൾ വിദ്യാഭ്യാസം ഇനി അന്താരാഷ്ട്ര നിലവാരത്തിൽ

Spread the love

മാതൃകാ പ്രീ-പ്രൈമറി പദ്ധതി വർണ്ണക്കൂടാരം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
സർവശിക്ഷാ കേരളം നടപ്പാക്കുന്ന സ്റ്റാർസ് മാതൃകാ പ്രീപ്രൈമറി 2022-23 വർണ്ണക്കൂടാരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോലിയക്കോട് ഗവൺമെന്റ് വെൽഫയർ എൽപി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.
ഭാവി ജീവിതം മികവുറ്റതാക്കാൻ പ്രാപ്തമാകുന്ന ശൈശവാനുഭവങ്ങൾ കൈവരിക്കുന്നതിനാണ് പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മാതൃക പ്രീ-പ്രൈമറി പദ്ധതി സംസ്ഥാനത്തുടനീളം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ 440 അംഗീകൃത പ്രീപ്രൈമറി സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന് 44 കോടിരൂപയാണ് പദ്ധതിയിലൂടെ സർക്കാർ ചെലവാക്കുന്നത്. ശിശുസൗഹൃദ ഫർണീച്ചറുകൾ, ഔട്ട്‌ഡോർ പ്ലേ മെറ്റീരിയൽസ് എന്നിവ സജ്ജമാക്കുന്നതിനായി 328 പ്രീ പ്രൈമറി സ്‌കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം മൂന്ന് കോടി ഇരുപത്തെട്ട് ലക്ഷം രൂപ നൽകുമെന്നും മന്ത്രി അറിയിച്ചു. കോലിയക്കോട് ഗവൺമെന്റ് വെൽഫയർ എൽപി സ്‌കൂളിന്റെ അടിസ്ഥാനസൗകര്യവികസനത്തിനായി ഒരു കോടി രൂപ കൂടി നൽകുമെന്ന് മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.

Author