നാല് ലൈഫ് ഭവനസമുച്ചയങ്ങൾ ഏപ്രിൽ 8ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Spread the love

വീടും ഭൂമിയുമില്ലാത്ത 174 കുടുംബങ്ങൾക്ക് ഫ്‌ളാറ്റുകൾ കൈമാറും
ഭൂരഹിതരും ഭവനരഹിതരുമായ 174 കുടുംബങ്ങളുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ നിർമ്മിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഏപ്രിൽ 8ന് രാവിലെ 10.30ന് കണ്ണൂർ ജില്ലയിലെ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കടമ്പൂരിലെ ഫ്‌ളാറ്റിലെ 44 ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രി താക്കോൽ കൈമാറും. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. പുനലൂർ (കൊല്ലം) ഫ്‌ളാറ്റിൽ ഗുണഭോക്താക്കൾക്ക് മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. post

ചിഞ്ചുറാണി എന്നിവർ ചേർന്ന് താക്കോൽ കൈമാറും. കോട്ടയം വിജയപുരത്ത് മന്ത്രി വി.എൻ. വാസവനും, ഇടുക്കി കരിമണ്ണൂരിൽ മന്ത്രി റോഷി അഗസ്റ്റിനും താക്കോൽ കൈമാറ്റം നിർവഹിക്കും. ലൈഫ് മിഷൻ മുഖേന സംസ്ഥാനത്ത് നിർമ്മാണം പൂർത്തീകരിച്ച ആദ്യത്തെ നാല് ഫ്‌ളാറ്റുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയുടെ ഭാഗമാണ് ചടങ്ങുകൾ.ഇടുക്കി കരിമണ്ണൂരിൽ 42ഉം, കണ്ണൂർ കടമ്പൂർ, കൊല്ലം പുനലൂർ, കോട്ടയം ജില്ലയിലെവിജയപുരം എന്നിവിടങ്ങളിലെ ഭവന സമുച്ചയങ്ങളിൽ 44 യൂണിറ്റുകളും വീതമാണുള്ളത്. ഭിന്നശേഷിക്കാർക്കും, മറ്റ് ശാരീരിക അവശത ഉള്ളവർക്കുമായി താഴത്തെ നിലയിൽ 2 ഭവനങ്ങൾ നിർമിച്ചിട്ടുണ്ട്.

നാലു നിലകളിലായി ആകെ 44 യൂണിറ്റുകളാണ് ഉള്ളത്. നാലുനിലകളിലായി കെട്ടിടത്തിന്റെ ആകെ വിസ്തീർണം 28857 ചതുരശ്ര അടിയാണ്. ഇതിൽ ഒരു വീടിന്റെ വിസ്തീർണ്ണം 511.53 ചതുരശ്ര അടിയാണ്. കെട്ടിടത്തിനോട് അനുബന്ധിച്ചു നടത്തിയ മറ്റ് അനുബന്ധ പ്രവർത്തികളായ റോഡ് നിർമാണം, ചുറ്റുമതിൽ, ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി, ഖരമാലിന്യ സംവിധാനം, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവക്കായി ഏകദേശം 75.60 ലക്ഷം രൂപയാണ് ചെലവ്. ഇതുൾപ്പെടെ ആകെ ചെലവ് 7.63 കോടി രൂപയാണ്.ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയുടെ ഭാഗമായി ഇതുവരെ 3,39,822 ഗുണഭോക്താക്കൾ ഭവനനിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷം 1,06,000 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിൽ 2022 ഏപ്രിൽ മുതൽ ഇതുവരെ 54,430 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. 60,160 വീടുകളുടെ നിർമ്മാണം വിവിധഘട്ടങ്ങളിൽ പുരോഗമിക്കുന്നു. ഇതിന് പുറമേ 25 ഭവനസമുച്ചയങ്ങളുടെ നിർമ്മാണവും പുരോഗമിക്കുന്നു. ഇതിന് പുറമേ എറണാകുളം ജില്ലയിലെ നെല്ലിക്കുഴി, തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ എന്നീ പഞ്ചായത്തുകളിൽ പുതിയ ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Author