കോണ്‍ഗ്രസിന്റെ ഈ പോക്ക് എങ്ങോട്ട് ,അകറ്റി നിർത്തലിന്റെ രാഷ്ട്രീയം ആർക്കുവേണ്ടി ?ജെയിംസ് കൂടൽ

Spread the love

ഭാരതത്തിന്റെ മുഖശ്രീയായ നാനാകത്വത്തിലെ ഏകത്വം എന്ന മഹത്തരമായ ആശയംപോലെയാണ് കോണ്‍ഗ്രസും എല്ലാ കാലത്തും ശ്രദ്ധനേടിയത്. വ്യത്യസ്തമായ ആശയങ്ങള്‍, വ്യക്തികള്‍, ചിന്താഗതികള്‍… അപ്പോഴും പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഒറ്റക്കെട്ടായി മുന്നേറിയവരാണ് നമുക്കു മുന്നിലൂടെ കടന്നുപോയ ഓരോ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. എന്നാല്‍ കാലം മാറുമ്പോള്‍ കഥയും മാറുന്നു. പ്രവര്‍ത്തകരില്‍ നിന്ന് നേതാക്കളില്‍ മാത്രം ഒതുങ്ങുന്ന പ്രസ്ഥാനമായി ചുരുങ്ങുന്നു. നേതാക്കളുടെ കാലുനക്കികളും പെട്ടിച്ചുമ്മിയവരും മാത്രം സ്ഥാനമാനങ്ങളിലേക്ക് വന്നടിയുന്നു. സജീവമായ പ്രവര്‍ത്തകര്‍ പോലും നിശബ്ദരാകുന്നു. പ്രസ്ഥാനത്തിനുവേണ്ടി നിലകൊള്ളുന്നവരേയോ മാറ്റി നിര്‍ത്തുന്നു? കോണ്‍ഗ്രസിന്റെ ഈ പോക്ക് എങ്ങോട്ടാണ്? ആര്‍ക്കുവേണ്ടിയാണ്?

സാധാരണക്കാരുടെ പ്രസ്ഥാനം എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ മുഖമുദ്ര. ജാതി, മത, വര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ആ കുടക്കീഴില്‍ അഭയം ഒരുക്കി. താല്‍പര്യങ്ങളോ ഇഷ്ടങ്ങളോ നോക്കാതെ കഴിവുള്ളവനെ നേതാവാക്കി. അവന്റെ വാക്കിനായി കാതോര്‍ത്തും ആ പാതയില്‍ പിന്തുടര്‍ന്നും കോണ്‍ഗ്രസിനെ ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമായി ഉയര്‍ത്തി. എന്നിട്ടും കോണ്‍ഗ്രസിന് പുതുകാലത്ത് കാലിടറിയത് എവിടെ? പ്രസ്ഥാനത്തേക്കാള്‍ വലുതാകാന്‍ ശ്രമിച്ച നേതാക്കന്മാരും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രം ഖദറിഞ്ഞ വ്യക്തികളുമൊക്കെ കടന്നു വന്നതോടെ പ്രസ്ഥാനം മലീമസമാകാന്‍ തുടങ്ങി. സത്യത്തിനുവേണ്ടി നിലകൊണ്ട പ്രസ്ഥാനത്തില്‍ ചിലരെങ്കിലും അഴിമതി ആരോപണത്തില്‍ കളങ്കിതരായി. ഇവരെ ചോദ്യം ചെയ്തവരും നന്മയ്ക്കായി പടപൊരുതിയവരും ഇടയ്‌ക്കൊക്കെ വഴി പിരിഞ്ഞു. ഉറക്കെ ശബ്ദമുയര്‍ത്തിയവരെ പ്രസ്ഥാനത്തില്‍ ഒറ്റപ്പെടുത്തിയും തഴഞ്ഞും മുറിവേല്‍പ്പിച്ചു. ഇങ്ങനെ എത്രയോ പ്രവര്‍ത്തകരാണ് ഇന്ന് കോണ്‍ഗ്രസില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നത്. ചര്‍ച്ചകള്‍ ഇല്ലാത്തതും തങ്ങള്‍ക്കു ശബ്ദിക്കാന്‍ കഴിയാത്തുമായ ഇടങ്ങള്‍ എന്നും നമുക്ക് തടവറകളാണല്ലോ?

ഏകാധിപത്യത്തോടെ ധിക്കാരപരമായി പെരുമാറുന്ന ചില നേതാക്കളുണ്ട് എന്നതാണ് ഇന്നും കോണ്‍ഗ്രസിന്റെ ശാപം. ജനകീയനല്ലാത്തവന്‍ എങ്ങനെയാണ് നേതാവാകുന്നത്? തങ്ങളുടെ പ്രദേശവും അധികാരവും എന്തും ചെയ്യാനുള്ളതാണ് എന്ന് ഇവരുടെ വിചാരം. ഇഷ്ടക്കാര്‍ക്കു മാത്രം ഇവര്‍ കസേരകളൊരുക്കി. പ്രസ്ഥാനത്തെ ഇത് കുറച്ചൊന്നുമല്ല കളങ്കപ്പെടുത്തിയത്. ഇത്തരമൊരു ചിന്താഗതിയും രീതികളും വന്നതോടെ എല്ലാവരും നേതാവാകാന്‍ കൊതിച്ചു. സ്വന്തം സാമാജ്ര്യം കെട്ടി ഉയര്‍ത്താന്‍ ഇവര്‍ പടപൊരുതി. പ്രവര്‍ത്തകരെക്കാള്‍ നേതാക്കളുള്ള പ്രസ്ഥാനമെന്ന കോണ്‍ഗ്രസിനെ കളി പറയുന്നത് സത്യമാണെന്ന് ചിലപ്പോഴെങ്കിലും തോന്നാത്ത കോണ്‍ഗ്രസുകാരുണ്ടായിരിക്കുമോ?

ചിലരെങ്കിലും പ്രസ്ഥാനത്തില്‍ അസ്വസ്ഥരായി നില്‍ക്കുന്നതിനെ എങ്ങനെയാണ് കുറ്റം പറയാന്‍ കഴിയുന്നത്? ചിലരുടെ എങ്കിലും കൂടുമാറ്റത്തെ എങ്ങനെയാണ് വിമര്‍ശിക്കാന്‍ കഴിയുന്നത്? ഇത് കൃത്യമായി തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുകയാണ് ഇന്ന് ബിജെപി. കോണ്‍ഗ്രസില്‍ അസ്വസ്ഥരായവരെ തപ്പികണ്ടെത്തി അവര്‍ റാഞ്ചിയെടുക്കും. ഇത് തടയുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു കഴിഞ്ഞു. പോകുന്നവരൊക്കെ പോകട്ടെ എന്ന ഭാവമാണ് ചില നേതാക്കള്‍ക്ക്. കോണ്‍ഗ്രസിന്റെ കുഴി തോണ്ടുന്നത് കോണ്‍ഗ്രസുകാര്‍തന്നെയെന്ന് പറയാതെ വയ്യ.

കെ. കരുണാകരനെന്ന നേതാവിനെ, ലീഡറെ ഓര്‍ത്തു പോകുകയാണ്. വ്യത്യസ്ത ചിന്താഗതിക്കാരെ ചേര്‍ത്തുനിര്‍ത്തി ഐക്യജനാധിപത്യ മുന്നണി രൂപീകരിക്കാന്‍ കരുണാകരന്‍ നടത്തിയ ശ്രമങ്ങള്‍ ചെറുതല്ല. ചിലതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് എല്ലാവരേയും ചേര്‍ത്തു നിര്‍ത്തി കരുണാകരന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി. അക്കാലത്ത് ഇടഞ്ഞുനിന്നിരുന്ന എ. കെ. ആന്റണിയെപ്പോലും വരുതിയാലാക്കാന്‍ കരുണാകരന്റെ നേതൃപാടവത്തിന് കഴിഞ്ഞു. മാത്രമല്ല, തന്നെ അതിശക്തമായി വിമർശിച്ചിരുന്ന എ.കെ ആന്റണി ഗ്രൂപ്പിലെ പ്രബലൻമാരായ വയലാർ, രവി, ഉമ്മൻചാണ്ടി. വി.എം സുധീരൻ, ആര്യാടൻ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൻമാരെപ്പോലും ചേർത്തു നിർത്തി. പാർട്ടിയുടെ കെട്ടുറപ്പിന് ഇത് കുറച്ചൊന്നുമല്ല സഹായിച്ചത്. കോൺഗ്രസിന്റെ ബൂത്ത് തലംമുതലുള്ള നേതാക്കൻമാരുമായും പ്രവർത്തകരുമായും ഊഷ്മളമായ ബന്ധവും അടുപ്പവുമാണ് കെ.കരുണാകരൻ സൂക്ഷിച്ചിരുന്നത്. ഇതാണ് മറ്റൊരു പ്രധാന വിജയ രഹസ്യം. പ്രദേശിക തലത്തിലുളള ശക്തൻമാരായ പ്രവർത്തകരെ കൂടെ നിർത്തിയതും അവരെ പാർട്ടിയുടെ ഉന്നമനത്തിനുവേണ്ടി കൃത്യമായി ഉപയോഗിച്ചതും പാർട്ടിയെ താഴേതട്ടു മുതൽ ശക്തമാക്കി. അവരുമായി നേരിട്ട് ആശയ വിനിമയം നടത്തുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. ഇത് പ്രാദേശീകതലത്തിലുള്ള നേതാക്കൻമാരുടെ പ്രവർത്തനങ്ങൾക്കും കരുത്തു പകർന്നു. ഇന്നത്തെ നേതാക്കന്മാരോ? മണി മന്ദിരങ്ങളിലും എസി റൂമുകളിലും ഇരുന്ന് പാർട്ടിയെ നിയന്ത്രിക്കുന്നതാണ് സംഘടനാ പ്രവർത്തനമെന്ന് കരുതിപ്പോരുന്നു. നിയോജകമണ്ഡലങ്ങളിലെ ജനപിൻതുണയുള്ള നേതാക്കൻമാരെ സ്ഥാനാർത്ഥികളാക്കാനും കെ.കരുണാകരൻ ശ്രമിച്ചിരുന്നു. ജാതിമത സമവാക്യങ്ങളും താൽപര്യങ്ങളും അവിടെ തടസ്സം നിന്നില്ല. പ്രാദേശിക നേതാക്കൻമാർക്ക് മുൻഗണന നൽകി. എല്ലാ പോഷക സംഘടനാ നേതാക്കളെയും ചേർത്തു നിർത്തി. ഇപ്പോഴത്തെ നേതാക്കളിൽ പലർക്കും ഇതിന് താൽപര്യവും മനസ്സുമില്ല എന്നതാണ് സത്യം. കോണ്‍ഗ്രസിന് രക്ഷകരായി ഇങ്ങനെ ചില നേതാക്കള്‍ പിറന്നിരുന്നെങ്കിൽ….

കോണ്‍ഗ്രസിന്റെ ഈ പോക്ക് പടുകുഴിയിലേക്ക് ആകാതിരിക്കട്ടെ. നല്ല നേതാക്കളും അണികളും ഒത്തുച്ചേരട്ടെ. കോണ്‍ഗ്രസ് ഇന്ത്യയുടെ മുഖമാകേണ്ടത് ലോകത്തിന്റെതന്നെ ആവശ്യമാണ്.

ജെയിംസ് കൂടൽ
ചെയർമാൻ
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്
യു എസ് എ

Author