അങ്കമാലി, പെരുമ്പാവൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് എം.സി റോഡില്‍ സ്ഥിതിചെയ്യുന്ന കാലടി ശ്രീശങ്കരാചാര്യ പാലത്തിന് സമാന്തരമായി നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണം 2024 ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. കാലടി സമാന്തര പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.പെരിയാറിനു കുറുകെ നിലവിലുള്ള കാലടി ശ്രീശങ്കരാചാര്യ പാലത്തിന് സമാന്തരമായി 455.40 മീറ്റര്‍ നീളത്തിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. 30.50 മീറ്റര്‍ നീളത്തിലുള്ള 12 സ്പാനുകളും 13.45 മീറ്റര്‍ നീളത്തിലുള്ള രണ്ട് സ്പാനുകളും 12.50 മീറ്റര്‍ നീളത്തിലുള്ള അഞ്ചു സ്പാനുകളുമുണ്ടാകും. 10.50 മീറ്റര്‍ ക്യാരേജ് വെയും ഇരുവശങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ 14 മീറ്റര്‍ ആണ് പാലത്തിന്റെ വീതി.2021 ഓഗസ്റ്റില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, എംഎല്‍എമാരായ റോജി.എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളില്‍, അന്‍വര്‍ സാദത്ത് എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് സമാന്തര പാല നിര്‍മാണത്തിന് തീരുമാനമായത്. 1963 ല്‍ നിര്‍മ്മിച്ച നിലവിലുള്ള ശ്രീശങ്കര പാലത്തിന് കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് . സി.ആര്‍.ആര്‍.ഐ (സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) യുടെ നേതൃത്വത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് ലഭ്യമായതിനുശേഷം ആവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.