കേരള സര്‍വകലാശാലയില്‍ ശിശുപരിപാലത്തിന് പുതിയ സംരംഭം

Spread the love

ക്രഷിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

സര്‍ക്കാറിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കേരള സര്‍വകലാശാലയുടെ സഹകരണത്തോടെ പാളയം സെനറ്റ് ഹൗസ് ക്യാമ്പസ് മന്ദിരത്തില്‍ സജ്ജമാക്കിയ ക്രഷിന്റെ ഉദ്ഘാടനം മെയ് 17 ബുധനാഴ്ച രാവിലെ 11.30ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും, അതിലൂടെ അവര്‍ക്ക് സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനും, കുഞ്ഞുങ്ങള്‍ക്ക് ചെറുപ്പകാലം മുതല്‍ തന്നെ മാതാപിതാക്കളില്‍ നിന്നും അര്‍ഹതപ്പെട്ട കരുതല്‍, സംരക്ഷണം, പോഷകാഹാരം എന്നിവ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് തൊഴിലിടങ്ങളില്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍ സജ്ജമാക്കി വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളേജുകളില്‍ ക്രഷ് ആരംഭിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളേജിലും എറണാകുളം മെഡിക്കല്‍ കോളേജിലും, വെള്ളാനിക്കര അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി കോമ്പൗണ്ടിലും വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ക്രഷുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ആറുമാസം മുതല്‍ ആറു വയസ് വരെയുള്ള കുഞ്ഞുങ്ങളെയാണ് ക്രഷില്‍ പരിപാലിക്കുന്നത്. ക്രഷില്‍ കുട്ടികളെ പരിപാലിക്കുന്നതിനായി ഒരു വര്‍ക്കറും ഒരു ആയയുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

2017 മെറ്റേണിറ്റി ബെനഫിക്ട് (ഭേദഗതി) ആക്ട് പ്രകാരം പെതു സ്വകാര്യ മേഖലകളില്‍ ഉള്‍പ്പെടെ 50 ല്‍ അധികം ജീവനക്കാര്‍ സേവനമനുഷ്ടിക്കുന്ന തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് ശിശുപരിപാലന കേന്ദ്രം ആരംഭിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. ഇതിന്റെ പ്രാധാന്യം മനസിലാക്കിയാണ് സര്‍ക്കാറിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാതൃകപരമായ ഈ പദ്ധതി വനിത ശിശുവികസന വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കിയത്. ആദ്യ ഘട്ടത്തില്‍ നാഷണല്‍ ക്രഷ് സ്‌കീമിന്റെ ഭാഗമായി കേരള സംസ്ഥാന ശിശുക്ഷേമ സമിതി മുഖേന 25 ക്രഷുകള്‍ സര്‍ക്കാര്‍/ പൊതു ഓഫീസ് സമുച്ചയങ്ങള്‍ സ്ഥിതി ചെയ്യുന്നിടത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ സഹകരണത്തോടെ പട്ടം കേരള പി.എസ്.സി ഓഫീസ് ആസ്ഥാനത്ത് ക്രഷ് സജ്ജമാക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ക്രഷ് സജ്ജമാക്കി. സംസ്ഥാനത്തെ പതിനേഴാമത്തെയും തിരുവനന്തപുരം ജില്ലയിലെ അഞ്ചാമത്തെയും ക്രഷിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുന്നത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *