ജില്ലയിലെ തൊഴിലുറപ്പു പദ്ധതി നിര്‍വ്വഹണത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാന്‍ ഒ.പി അബ്രഹാം ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന് സമര്‍പ്പിച്ചു. പദ്ധതിയുടെ നടത്തിപ്പിന് വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം കാര്യക്ഷമമാക്കണമെന്നും നെല്‍കൃഷിയും ക്ഷീര വികസന പദ്ധതിയും എം.ജി.എന്‍.ആര്‍.ഇ.ജി.എസില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു.
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഓംബുഡ്‌സ്മാന് ലഭിച്ച 88 പരാതികളില്‍ 87 പരാതികളും തീര്‍പ്പാക്കി. സുവോ മോട്ടോ കേസുകള്‍, അര്‍ഹതപ്പെട്ട വേതന നിഷേധം, തൊഴില്‍ നിഷേധം, മേറ്റുമാരുടെ നിയമനം, നിര്‍മ്മാണ പ്രവൃത്തികള്‍ക്കും വ്യക്തിഗത ആസ്തികള്‍ നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍ക്കും തുക സമയബന്ധിതമായി നല്‍കാതിരുന്നത്, തൊഴിലിട സൗകര്യങ്ങള്‍ നിഷേധിക്കല്‍, തൊഴിലിടങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍, അനധികൃതമായി വേതനം കൈപ്പറ്റല്‍, നിയമവിധേയമല്ലാത്ത പ്രവൃത്തികള്‍ ഏറ്റെടുത്തത് തുടങ്ങിയവയാണ് പരിഹരിച്ച പരാതികള്‍. ഓംബുഡ്‌സ്മാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 53 സിറ്റിംഗുകളാണ് നടത്തിയത്.