ഐക്യജനാധിപത്യമുന്നണി
പ്രസ് റിലീസ്
തിരുവനന്തപുരം – 18.05.2023
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികമായ 2023 മെയ് 20 ന് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും, ജനദ്രോഹത്തിനും, അഴിമതിയ്ക്കും, നികുതി കൊള്ളയ്ക്കും എതിരെ ജനരോഷം പ്രതിഫലിപ്പിച്ചു കൊണ്ട് യു.ഡി.എഫിന്റെ ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധം പ്രകടിപ്പിക്കും. കേരളത്തിലെ ജനങ്ങളുടെ ദുരിത ജീവിതത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പിണറായി സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം യു.ഡി.എഫ് ജനസമക്ഷം സമര്‍പ്പിക്കും.
മെയ് 20 ന് രാവിലെ 7 മണിയോടുകൂടി തിരുവനന്തപുരം ജില്ലയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലെ ഗേറ്റുകള്‍ വളയും, രാവിലെ 8 മണിയോടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകരും 9 മണിക്കു മുമ്പായി ഇടുക്കി, എറണാകുളം ജില്ലയിലെ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിനു മുന്നില്‍ അണി നിരക്കും. രാവിലെ 10 മണിക്ക് പ്രതിഷേധ സമരമായ സെക്രട്ടേറിയറ്റ് വളയല്‍ ഔപചാരികമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉല്‍ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ യു.ഡി.എഫിന്റെ ഉന്നതനേതാക്കളായ കെ.സുധാകരന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, മാണി സി.കാപ്പന്‍, ഷിബു ബേബിജോണ്‍ എം.കെ.പ്രേമചന്ദ്രന്‍, സി.പി.ജോണ്‍, പി.എം.എ സലാം, ഡോ.എം.കെ.മുനീര്‍, ജി.ദേവരാജന്‍, അഡ്വ.എ.രാജന്‍ ബാബു, ജോണ്‍ ജോണ്‍ എന്നിവരും യു.ഡി.എഫിന്റെ എം.പിമാരും, എം.എല്‍.എമാരും പ്രസംഗിക്കും.
NH റോഡ് വഴി വരുന്ന വാഹനങ്ങള്‍ ചാക്ക ഹൈവേ വഴി എം.എല്‍.എ ഹോസ്റ്റലിനു മുന്‍വശത്ത് ആശാന്‍ സ്‌ക്വയറില്‍ പ്രവര്‍ത്തകരെ ഇറക്കിയ ശേഷം കാല്‍നടയായി സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തണം. വാഹനങ്ങള്‍ ഈഞ്ചക്കല്‍ ബൈപാസ് റോഡില്‍ പാര്‍ക്കു ചെയ്യണം.
MC റോഡ് വഴി വരുന്ന വാഹനങ്ങള്‍ വെഞ്ഞാറമൂട്-പോത്തന്‍കോട് വഴി വെട്ടുറോഡിലൂടെ കഴക്കൂട്ടം ബൈപാസ് റോഡിലിറങ്ങി ചാക്ക-പേട്ട വഴി ആശാന്‍ സ്‌ക്വയറില്‍ പ്രവര്‍ത്തകരെ ഇറക്കിയ ശേഷം അവര്‍ കാല്‍നടയായി സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തേണ്ടതാണ്. വാഹനങ്ങള്‍ ഈഞ്ചക്കല്‍ ബൈപാസ് റോഡില്‍ പാര്‍ക്കു ചെയ്യണം.
തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശം യു.ഡി.എഫ് ജില്ലാ കമ്മറ്റി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി യു.ഡി.എഫ് നടത്തി വരുന്ന സമരങ്ങളുടെ ആവശ്യങ്ങള്‍ ക്രോഡീകരിച്ചു കൊണ്ടാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളയുന്നത്.
രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുക, സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കുക, അന്യായമായ നികുതി വര്‍ദ്ധനവ് പിന്‍വലിക്കുക. കാര്‍ഷികോല്പന്നങ്ങളുടെ താങ്ങുവില പ്രഖ്യാപിക്കുക, നെല്ലു സംഭരണത്തില്‍ കൃഷിക്കാര്‍ക്കു നല്‍കേണ്ട പണം ഉടന്‍ നല്‍കുക, വിള ഇന്‍ഷുറന്‍സ് കുടിശ്ശിക നല്‍കുക, കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നല്‍കുക, AI ക്യാമറ ഇടപാടിലെ അഴിമതി അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക. കെ. ഫോണ്‍ അഴിമതിയെക്കുറിച്ച് അന്വേഷിക്കുക തുടങ്ങിയ ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
എം.എം.ഹസ്സന്‍
യു.ഡി.എഫ് കണ്‍വീനര്‍