എഐ ക്യാമറ ഇടപാടില്‍ പ്രതിപക്ഷ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നട്ടെല്ലുണ്ടെങ്കില്‍ അതിന് തയ്യാറാകണം. ആരോപണം നുണയാണെങ്കില്‍ അത് തെളിയിക്കണം. അതല്ലാതെ, മുഖ്യമന്ത്രിക്ക് കീഴിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിച്ച ശേഷം അഴിമതി ആരോപണത്തെ ന്യായീകരിക്കുന്നത് നാണക്കേടാണ്. എഐ
ക്യാമറ ഇടപാടിലെ സത്യാവസ്ഥ പുറത്തുവരണം. വസ്തുത എന്താണെന്ന് പരിശോധിക്കണം. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെ അവഗണിച്ച് ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ സമരം ശക്തമാക്കുമെന്നും ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമനടപടിയുമായി കോടതിയെ സമീപിക്കുമെന്നും സുധാകരന് പറഞ്ഞു.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന് തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടവുമായി ബന്ധപ്പെട്ടകേസ് പ്രിന്‍സിപ്പലിന്റെ തലയില്‍വെച്ച് ഒതുക്കി തീര്‍ക്കാനാണ് ശ്രമമെങ്കില്‍ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കും. പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ച ലജ്ജാകരം.കെപിസിസി പുനഃസംഘടന സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും സുധാകരന് പറഞ്ഞു.