സംഘപരിവാര്‍ ശക്തികള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെയും ഭയക്കുന്നതിനാലാണ് ചരിത്രത്തില്‍ നിന്നും അവ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമദിനത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അനുസ്മരണ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര പോരാട്ടത്തിലൂടെ മഹാത്മാഗാന്ധിയും നെഹ്‌റുവും കോണ്‍ഗ്രസും രൂപപ്പെടുത്തിയ ദേശീയ ഐക്യത്തിന്റെയും ബഹുസ്വരതയുടെയും അടിസ്ഥാനത്തിലാണ് രാജ്യത്ത് മതേതരത്വം രൂപപ്പെട്ടത്. ഇന്ത്യയെ മതേതര -ജനാധിപത്യ രാജ്യമായി ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക സംഭാവന നല്‍കിയ വ്യക്തിത്വമാണ് നെഹ്‌റു. ബ്രട്ടീഷ് സാമ്രാജ്യത്വ ശക്തികള്‍ 200 വര്‍ഷം കൊണ്ടാണ് ഇന്ത്യയുടെ സമ്പത്ത് ചൂഷണം ചെയ്തത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 9 വര്‍ഷം കൊണ്ട് രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തേയും തകര്‍ത്തു. ഇക്കാലയളവില്‍ രാജ്യത്തിന്റെ പൊതുസമ്പത്ത് കുത്തക മുതലാളിമാര്‍ക്ക് വിറ്റുതുലയ്ക്കുകയും നെഹ്‌റു പടുത്തുയര്‍ത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുകയും ചെയ്തു. കാലം അതിന് കണക്ക് ചോദിക്കും. നെഹ്‌റുവിയന്‍ ആശയങ്ങള്‍ക്ക് മരണമില്ല. ദേശീയ ഐക്യവും ബഹുസ്വരതയും സംരക്ഷിക്കാനും നെഹ്‌റുവിസത്തിലേക്ക് രാജ്യത്തെ തിരികെ കൊണ്ടുപോകാനുമാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി.
കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍, ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണന്‍,ജി.എസ്.ബാബു,ജി.സുബോധന്‍, നേതാക്കളായ ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്,വര്‍ക്കല കഹാര്‍,ചെറിയാന്‍ ഫിലിപ്പ്,രഘുചന്ദ്രബാല്‍, കമ്പറ നാരായണന്‍,കൊറ്റാമം വിമല്‍കുമാര്‍,തോംസണ്‍ ലോറന്‍സ്,മുടവന്‍മുകള്‍ രവി തുടങ്ങിയവര്‍ പങ്കെടുത്തു.