പ്രതിപക്ഷ നേതാവ് ആലുവയില്‍ നടത്തിയ വാര്‍ത്താസമ്മേളനം.
കൊച്ചി : ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് മനഃപൂര്‍വമായി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കെ.പി.സി.സി അധ്യക്ഷനെതിരെയുള്ളത് കള്ളക്കേസാണ്. കെ.പി.സി.സി അധ്യക്ഷന് യാതൊരു പങ്കുമില്ലാത്ത കേസില്‍ സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റി സ്വന്തക്കാരനെ തിരുകിക്കയറ്റി സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇല്ലാത്ത തെളിവുകളുണ്ടാക്കിയിരിക്കുന്നത്. കെ സുധാകരന്‍ പാര്‍ലമെന്റിന്റെ പബ്ലിക് ഫിനാന്‍സ് കമ്മിറ്റിയില്‍ അംഗമായിരുന്നെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പറയുന്നത്. പക്ഷെ അന്ന് അദ്ദേഹം പാര്‍ലമെന്റ് അംഗം പോലുമായിരുന്നില്ല. പത്ത് കോടി കൊടുക്കാന്‍ പോയവര്‍ എം.പി പോലും അല്ലാത്ത സുധാകരന്‍ പാര്‍ലമെന്റിന്റെ പബ്ലിക് ഫിനാന്‍സ് കമ്മിറ്റിയില്‍ അംഗമായിരുന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇപ്പോള്‍ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. കഴിഞ്ഞ ദിവസം എനിക്കെതിരെ കേസെടുത്തു. ഇപ്പോള്‍ കെ.പി.സി.സി അധ്യക്ഷനെതിരെ കേസെടുത്തു. ഞങ്ങളെല്ലാം പേടിച്ച് പോകുമെന്നാണോ മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അകത്ത് പോകേണ്ടയാളാണ് മുഖ്യമന്ത്രി. അദ്ദഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൂറ് ദിവസം ജയിലില്‍ കിടുന്നു. ബി.ജെ.പിയുമായും സംഘപരിവാറുമായും ഒത്തുതീര്‍പ്പുണ്ടാക്കിയാണ് മുഖ്യമന്ത്രി രക്ഷപ്പെട്ടത്. ലൈഫ് മിഷനില്‍ 20 കോടിയില്‍ നിന്നും കമ്മീഷനായി 46 ശതമാനമായ ഒന്‍പതേകാല്‍ കോടി രൂപ അടിച്ചുമാറ്റി. ലൈഫ് മിഷന്റെ ചെയര്‍മാനാണ് മുഖ്യമന്ത്രി. ലൈഫ് മിഷന്‍ കോഴയില്‍ പങ്ക് കിട്ടിയ മുഖ്യമന്ത്രി ഒന്നാം പ്രതിയാകേണ്ട ആളാണ്. എ.ഐ ക്യാമറയിലും കെ ഫോണിലും ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകന്റെ ബന്ധുവിന് ബന്ധമുള്ള കമ്പനിയെക്കുറിച്ചാണ് ആരോപണങ്ങളുണ്ടായത്. എന്നിട്ടും നടപടിയെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. നൂറു കണക്കിന് കോടി രൂപയുടെ അഴിമതിയാണിത്. അതിലൊന്നും അന്വേഷണമില്ല. കോവിഡ് കാലത്തെ മെഡിക്കല്‍ പര്‍ച്ചേസിലും ഒരു കേസുമില്ല. പ്രതിപക്ഷമാണ് ലോകായുക്തയെ സമീപിച്ചത്. ആന്തൂരിലെ സാജന്‍ ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി എം.വി ഗോവിന്ദന്റെ ഭാര്യയ്‌ക്കെതിരെ കേസെടുക്കേണ്ടതാണ്. എന്നിട്ടും കേസെടുത്തില്ല. തിരുവനന്തപുരത്ത് തിരിമറി നടത്തിയ എസ്.എഫ്.ഐ നേതാവ് വെറുതെ നടക്കുകയാണ്. കേസെടുത്തിട്ടും അറസ്റ്റില്ല.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായ കേസിലും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിലും അറസ്റ്റില്ല. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഭരണകക്ഷി നേതാക്കള്‍ക്കും എതിരെ നിരവധി കേസുകളാണുള്ളത്. സി.പി.എം നേതാവിന്റെ ബന്ധുവാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന് തീ കൊടുത്തത്. അന്വേഷണങ്ങളൊക്കെ എവിടെപ്പോയി? സ്വന്തക്കാരെ മുഴുവന്‍ സംരക്ഷിക്കുകയും എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയുമാണ് ചെയ്യുന്നത്. അത് തന്നെയാണ് എം.വി ഗോവിന്ദന്‍ പറഞ്ഞതും.
ശബരിമലയുടെ ചരിത്രം പറയുന്ന മോന്‍സന്റെ വ്യാജ ചെമ്പോലയെ കുറിച്ച് ഒന്നാം പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാതിരുന്നത്? കെ സുധാകരനെതിരെ കേസെടുക്കുന്നവര്‍ ജനങ്ങളെ കബളിപ്പിച്ചതിന് ദേശാഭിമാനിക്കെതിരെ കേസെടുക്കണം.
കേസ് അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അകത്ത് പോകുമെന്നാണ് മോന്‍സന്‍ മാവുങ്കല്‍ ഇപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. മോന്‍സന്റെ വീട്ടില്‍ പോയി സിംഹാസനത്തില്‍ ഇരുന്നവരെക്കുറിച്ചും അന്വേഷണമില്ല. മോന്‍സന് വിശ്വാസ്യത നല്‍കിയത് ഡി.ജി.പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരാണ്. അവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്. അല്ലാതെ ചികിത്സയ്ക്ക് പോയവര്‍ക്കെതിരെയല്ല. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തെറ്റിദ്ധരിച്ച് ചികിത്സയ്ക്ക് എത്തിയിട്ടുണ്ട്. ഇല്ലാത്ത കേസാണ് കെ.പി.സി.സി അധ്യക്ഷനെതിരെ ഉണ്ടാക്കിയിരിക്കുന്നത്.
ഇത് എങ്ങോട്ടുള്ള പോക്കാണ്? എല്ലാവരെയും ഭയപ്പെടുത്താമെന്നാണോ? കേസെടുത്താല്‍ ഞങ്ങളാരും മിണ്ടില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നത്? മുഖ്യമന്ത്രി ഈ ഗ്രഹത്തിലൊന്നുമല്ലേ ജീവിക്കുന്നത്. പ്രതിപക്ഷ നേതാവിനും കെ.പി.സി.സി അധ്യക്ഷനും എതിരെ കേസെടുത്താല്‍ ഞങ്ങളാരും പിണറായിക്കും സര്‍ക്കാരിനും
എതിരെ സംസാരിക്കില്ലെന്നു കരുതിയാണോ പേടിപ്പിക്കാന്‍ നോക്കുന്നത്. കെ.പി.സി.സി അധ്യക്ഷനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. നാട്ടില്‍ ഇരട്ടനീതിയാണ് നടപ്പാക്കുന്നത്. യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് കുടപിടിച്ച് കൊടുക്കുകയാണ്. പൊലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകര്‍ന്നൊരു കാലമുണ്ടായിട്ടില്ല. പ്രതികളെല്ലാം റോഡിലൂടെ നടക്കുമ്പോള്‍ കൈകാലുകളില്‍ കൂച്ച് വിലങ്ങിട്ട് നടക്കുകയാണ് കേരളത്തിലെ പൊലീസ്. മുഖ്യമന്ത്രിയുടെ ഒഫീസില്‍ നിന്നും സി.പി.എം നേതാക്കളില്‍ നിന്നും തിട്ടൂരം വാങ്ങി മാത്രം ജോലി ചെയ്യുന്ന പൊലീസായി കേരളത്തിലെ പൊലീസ് അധഃപതിച്ചു. നല്ല ഉദ്യോഗസ്ഥരെയെല്ലാം മാറ്റി നിര്‍ത്തിയിരിക്കുകയാണ്. നാട്ടില്‍ നിയമവും കോടതിയുമൊക്കെയുണ്ട്. ഞങ്ങള്‍ നിയമപരമായും രാഷ്ട്രീയമായും നേരിടും.
എന്തും നടക്കുമെന്ന സ്ഥിതിയാണ്. മാധ്യമങ്ങള്‍ മുഴുവന്‍ എഡിറ്റേറിയില്‍ എഴുതേണ്ട സ്ഥിതിയിലേക്ക് കേരളത്തിലെ മാധ്യമ വേട്ട മാറി. ഡല്‍ഹിയില്‍ സംഘപരിവാര്‍ നടത്തുന്നതും കേരളത്തില്‍ സി.പി.എം നടത്തുന്നതും തമ്മില്‍ എന്താണ് വ്യത്യാസം? കള്ളക്കേസില്‍ കുടുക്കി മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ എതിരാളികളെയും നിശബ്ദരാക്കാനും ജയിലില്‍ അടയ്ക്കാനുമാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിരപരാധിയായ കെ.പി.സി.സി അധ്യക്ഷനെ ജയിലില്‍ അടയ്ക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ നമുക്ക് കാണാം. ഒന്ന് അടച്ച് നോക്കട്ടെ അപ്പോള്‍ കാണം എങ്ങനെയായിരിക്കും കേരളം പ്രതികരിക്കുന്നതെന്ന്. കെ.പി.സി.സി അധ്യക്ഷനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച് സുഖമായി ഭരിക്കാമെന്നാണോ പിണറായി കരുതുന്നത്?
പറഞ്ഞിടത്തെങ്കിലും ഉറച്ച് നില്‍ക്കാന്‍ എം.വി ഗോവിന്ദനോട് പറയണം. എസ്.എഫ്.ഐ സെക്രട്ടറി പരീക്ഷ എഴുതാതെ പാസായതിനാണ് കോളജ് പ്രിന്‍സിപ്പലിനെയും കെ.എസ്.യു അധ്യക്ഷനെയും മാധ്യമ പ്രവര്‍ത്തകയെയും കള്ളക്കേസില്‍ കുടുക്കിയിരിക്കുന്നത്. ക്രമക്കേട് കെ.എസ്.യു പുറത്ത് കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ എസ്.എഫ്.ഐ സെക്രട്ടറി പരീക്ഷ പാസായേനെ. അഞ്ചും പത്തും മിനിട്ട് പരീക്ഷ എഴുതിയിട്ട് പാസായ ആളാണ്. ഇത് ആ കോളജിലെ എല്ലാവര്‍ക്കും അറിയാം. ഇതൊന്നും കൂടാതെയാണ് സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കാനും സംവരണം അട്ടിമറിക്കാനും കൂട്ട് നിന്നത്. എന്നിട്ടും അവനെതിരെ കേസില്ല. എന്നിട്ടാണ് അയാള്‍ കൊടുത്ത പരാതിയില്‍ ബാക്കിയുള്ളവര്‍ക്കെതിരെ കേസെടുത്തത്. അധികാരത്തിന്റെ അഹങ്കാരവും ധിക്കാരവുമാണ് ഇവരെ നയിക്കുന്നത്. എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ്. അത് ഒരു കാരണവശാവലും വച്ചുപൊറുപ്പിക്കില്ല.
പരീഷ എഴുതാതെ പാസാകാനുള്ള സംവിധാനമുണ്ട്. അതുകൊണ്ടാണ് വ്യാജ സര്‍ട്ടിഫിക്കറ്റൊക്കെ ഉണ്ടാക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ആകാശത്ത് നിന്നായിരിക്കും സര്‍ട്ടിഫിക്കറ്റുണ്ടായത്. സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒളിവില്‍ പോയത്? എന്തിനാണ് പാര്‍ട്ടി സംരക്ഷിക്കുന്നത്. തട്ടിപ്പ് നടത്തിയ ആളെ പാര്‍ട്ടി സംരക്ഷിക്കുകയാണ്. ദേശാഭിമാനിയില്‍ നിന്നും കൈരളിയില്‍ നിന്നും വന്ന മാധ്യമ പ്രവര്‍ത്തകരുടെയും ചോദ്യം അതുതന്നെയാണ്. നിങ്ങള്‍ ഇപ്പോള്‍ അവരെ സംരക്ഷിക്കുകയാണ്. വിദ്യ സത്യസന്ധമായാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് നിങ്ങള്‍ പറഞ്ഞാല്‍ നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. നാട്ടില്‍ സത്യസന്ധരായ ജനങ്ങളുണ്ട്. അവര്‍ കൈരളി കണ്ടിട്ടും ദേശാഭിമാനി വായിച്ചിട്ടുമല്ല രാഷ്ട്രീയ അഭിപ്രായം രൂപപ്പെടുത്തുന്നത്. സ്വന്തം സഹപ്രവര്‍ത്തകയായ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കള്ളക്കേസെടുത്തിട്ടുണ്ട്. ദേശീയ തലത്തില്‍ ഏതെങ്കില്‍ മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്താല്‍ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ എന്തൊക്കെയാണ് പറയാറുള്ളത്. സംഘപരിവാര്‍ മോഡലില്‍ കേരളത്തില്‍ സി.പി.എം ചെയ്തിട്ടും സീതാറാം യെച്ചൂരി ഉള്‍പ്പെടെ ആരെയും കാണനില്ല. മാധ്യമ സ്വാതന്ത്ര്യവും കാണുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസിനെയും പാര്‍ട്ടി ന്യായീകരിക്കുകയാണ്.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ വിദ്യര്‍ത്ഥി നേതാവിന് പിന്നില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കലുണ്ട്. പ്രധാന സി.പി.എം നേതാക്കള്‍ വി.സിയെ നേരിട്ട് വിളിച്ചിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. ജാമ്യം പോലും കോടതി റദ്ദാക്കി. രണ്ട് തവണ ജയിലില്‍ കിടന്നയാളാണ്. എ.ഐ.എസ്.എഫ് നേതാവിനെതിരെ മോശമായി സംസാരിച്ചതിന് കേസുണ്ട്. അയാള്‍ അന്ന് പറഞ്ഞ വാചകം പറയുന്നില്ല. അങ്ങനെ പറഞ്ഞതിന് പിന്നാലെയാണ് എസ്.എഫ്.ഐ സെക്രട്ടറിയായി പ്രമോഷന്‍ നല്‍കിയത്.