പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
കൊച്ചി : എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി സംഘടനയും അവര്‍ക്ക് എല്ലാ വൃത്തികേടുകളും നടത്താന്‍ കുടപിടിച്ച് നല്‍കുന്ന സി.പി.എമ്മും ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരായി നില്‍ക്കുകയാണ്. മഹാരാജാസിലെയും കാലടി സംസ്‌കൃത സര്‍വകലാശാലയിലെയും തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ കായംകുളം എം.എസ്.എം കോളജിലും എസ്.എഫ്.ഐ നേതാവ് ബി.കോം പാസാകാതെ എം.കോമിന് ചേര്‍ന്ന കഥ കൂടി പുറത്ത് വന്നിരിക്കുകയാണ്. ഇതിനെയും നായീകരിക്കാന്‍ ചില നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. 2017-20 കാലഘട്ടത്തില്‍ ബി.കോമിന് പഠിച്ചിരുന്ന ഈ നേതാവ് 2018-19 ല്‍ യൂണിയന്‍ കൗണ്‍സിലറും 2019-20-ല്‍ കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. അങ്ങനെയുള്ള ആളാണ് 2018-21 ല്‍ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ നന്നും ബി.കോം പാസായെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എം.കോം പ്രവേശനം നേടിയത്. ഇതിനെ എങ്ങനെയാണ് ന്യായീകരിക്കുന്നത്?
കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളജില്‍ മൂന്ന് വര്‍ഷത്തെ ബിരുദത്തിന് പഠിക്കുന്ന കാലയളവിലെ രണ്ട് വര്‍ഷമാണ് കലിംഗ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചെന്ന് അവകാശപ്പെട്ട് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. സി.പി.എം നേതാക്കള്‍ പറഞ്ഞിട്ടാണ് ഇയാള്‍ക്ക് എം.കോമിന് പ്രവേശനം നല്‍കിയതെന്നാണ് കേളജ് മാനേജ്‌മെന്റ് പറയുന്നത്. പാസാകാത്തവര്‍ക്ക് കള്ളസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് കൊടുക്കുകയും പ്രവേശനം തരപ്പെടുത്തിക്കൊടുക്കുകയുമെന്നതാണോ സി.പി.എം നേതാക്കളുടെ പണി. മഹാരാജാസില്‍ ഗസ്റ്റ് ലക്ചറര്‍ ആണെന്ന വ്യാജ രേഖയുണ്ടാക്കിക്കൊടുത്തതും സി.പി.എം നേതാക്കളാണ്. കായംകുളത്തെ എസ്.എഫ്.ഐ നേതാവ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനെ കുറിച്ച് അന്വേഷിക്കുന്നത് മഹാരാജാസിലെ ആരോപണവിധേയനായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണ്. എഴുതാത്ത പരീക്ഷ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പാസായത് സംബന്ധിച്ച് മെയ് 22 -ന് കോളജിലെ ഒരു അധ്യാപകന്‍ അധ്യാപകരുടെ ഗ്രൂപ്പില്‍ മെസേജിട്ടിരുന്നു. കെ.എസ്.യു പ്രവര്‍ത്തകര്‍ വിവരാവകാശ നിയമ പ്രകാരം പരാതി നല്‍കിയിട്ടും ഇയാളുടെ റിസള്‍ട്ട് മാറ്റിയില്ല. ജൂണ്‍ അഞ്ചിന് കെ.എസ്.യു ഈ വിവരം പുറത്ത് കൊണ്ടുവന്ന് വാര്‍ത്തായാക്കിയപ്പോഴാണ് തെറ്റ് പറ്റിയെന്ന് പറയുന്നത്. അങ്ങനെയൊരു വാര്‍ത്ത വന്നില്ലായിരുന്നെങ്കില്‍ എസ്.എഫ്.ഐ സെക്രട്ടറി എഴുതാത്ത പരീക്ഷയില്‍ വിജയിക്കുമായിരുന്നു. തട്ടിപ്പിന് കൂട്ട് നില്‍ക്കാത്ത അധ്യാപകനെതിരെ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ നേതാക്കള്‍ സൈബര്‍ ആക്രമണം നടത്തുകയാണ്. അധ്യാപകന്റെ വീട് കത്തിക്കണമെന്നു വരെ സൈബര്‍ വെട്ടുക്കിളി സംഘങ്ങള്‍ ആഹ്വാനം ചെയ്യുകയാണ്.
കായംകുളം എം.എസ്.എം കേളജിലെ കോമേഴ്‌സ് വകുപ്പ് തലവന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ വിദ്യാര്‍ത്ഥി നേതാവിനെ നന്നായി അറിയാം. എന്നിട്ടാണ് കലിംഗ സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള്‍ എം. കോമിന് പ്രവേശനം നല്‍കിത്. അറിയാതെയാണ് പ്രവേശനം നല്‍കിയതെന്ന് പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് വിശ്വസിക്കാനാകില്ല. സി.പി.എം അനുകൂല അധ്യാപക സംഘടനകള്‍ കൂടി പരീക്ഷ എഴുതാതെ മാര്‍ക്ക് നല്‍കാനും മാര്‍ക്ക് കൂട്ടി നല്‍കാനുമൊക്കെ കൂട്ട് നില്‍ക്കുകയാണ്. തട്ടിപ്പിന് എല്ലാ സംവിധാനവും പാര്‍ട്ടി ചെയ്തു കൊടുക്കുകയാണ്. കായംകുളം എം.എസ്.എം കോളജ് മാനേജരെ വിളിച്ച് പ്രവേശനം തരപ്പെടുത്തിക്കൊടുത്തത് സി.പി.എം നേതാക്കളാണ്.
പോക്‌സോ കേസില്‍ ജോണ്‍സണ്‍ മാവുങ്കലിനെതിരായ കോടതി നടപടികള്‍ പൂര്‍ത്തിയായി. വിചാരണ പൂര്‍ത്തിയാക്കിയാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. എം.വി ഗോവിന്ദന്‍ പറയുന്നത് പോലെ കെ സുധാകരനെതിരെ പെണ്‍കുട്ടിയുടെ മൊഴിയുണ്ടെങ്കില്‍ വിചാരണ സമയത്ത് എന്തുകൊണ്ട് ഗൗരവത്തിലെടുത്തില്ല? മൊഴിയുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ സുധാകരനെ സാക്ഷിയാക്കി മൊഴി രേഖപ്പെടുത്തണമായിരുന്നു. കേസില്‍ ശിക്ഷയും വിധിച്ചതിനു ശേഷം
സുധാകരന്‍ അവിടെയുണ്ടായിരുന്നെന്ന് ദേശാഭിമാനി വെളിപ്പെടുത്തിയത് ദേശാഭിമാനിക്ക് എപ്പോഴെങ്കിലും വെളിപാടുണ്ടായതായിരിക്കും. മറ്റാര്‍ക്കും അത് വിശ്വസിക്കാനാകില്ല. പത്ത് കോടി കൊടുത്തയാള്‍ 25 ലക്ഷം കൊടുത്തത് സുധാകരന്റെ വിശ്വാസത്തിലാണെന്നതും ശെരിയല്ല. ഒരു യുക്തിയും വസ്തുതയും ഇല്ലാത്ത കേസാണത്. ശിക്ഷ വിധിച്ചൊരു കേസില്‍ സുധാകരനെ പെടുത്താന്‍ പോകുന്നുവെന്നു പറഞ്ഞാല്‍ സാമാന്യ നിയമ ബോധമുള്ള ആര്‍ക്കും വിശ്വസിക്കാനാകില്ല. സര്‍ക്കാരിന്റെ സമനില തെറ്റിയിരിക്കുകയാണ്. ഇന്നലെയാണ് പെണ്‍കുട്ടി മൊഴി നല്‍കിയതെങ്കില്‍ ആരോ സ്വാധീനിച്ചുവെന്ന് വേണം മനസിലാക്കാന്‍. ഇങ്ങനെയൊരു മൊഴിയുണ്ടെങ്കില്‍ വിധിക്ക് മുന്‍പ് കോടതിയെ അറിയിക്കണമായിരുന്നു. കള്ളത്തരം ചെയ്യുമ്പോള്‍ ഒരുപാട് ലൂപ് ഹോള്‍സുണ്ടാകും. മുഖ്യമന്ത്രി ആരോപണത്തിന്റെ ശരശയ്യയില്‍ കിടക്കുമ്പോള്‍ പ്രതിപക്ഷത്തെ കുറച്ച് പേര്‍ക്കെതിരെ കൂടി ആരോപണങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനും കെ.പി.സി.സി അധ്യക്ഷനും മാധ്യമങ്ങള്‍ക്കുമെതിരെ കള്ളക്കേസുകളെടുക്കുന്നത്.
എല്‍.ഡി.എഫിലെ ഘടകകക്ഷി നേതാവ് കൂടിയായ എം.വി ശ്രേയാംസ് കുമാര്‍ പോലും സര്‍ക്കാരിന്റെ ഗൂഡാലോചനയ്‌ക്കെതിരെ പ്രതികരിച്ചു. ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടതില്‍ കേരള പൊലീസിലെ ഉന്നതന് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ മാതൃഭൂമി റിപ്പോര്‍ട്ടറോട് ചോദിച്ചെന്നാണ് ശ്രേയാംസ് കുമാര്‍ പറഞ്ഞത്. ഇത് ധിക്കാരവും അഹങ്കാരവും മാധ്യമവേട്ടയുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നെന്ന ശ്രേയാംസ്‌കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണമില്ല. പൊലീസ് ആസ്ഥാനത്ത് ഇരുവിഭാഗം ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ ബലിയാടാണ് ഐ.ജി വിജയനെന്നും പ്രതിപക്ഷം ആരോപിച്ചതാണ്. ആ ആരോപണം അടിവരയിടുന്നതാണ് ശ്രേയാംസ്‌കുമാറിന്റെ വെളിപ്പെടുത്തല്‍. അതേക്കുറിച്ചാണ് അന്വേഷിക്കേണ്ടത്.
പരീക്ഷ എഴുതാത്ത നേതാവ് ജയിച്ചെന്ന വാര്‍ത്ത കൊടുത്തതിനാണ് അഖിലാ നന്ദകുമാറിനെതിരെ കേസെടുത്തത്. അങ്ങനെ കേസെടുക്കാന്‍ ഇത് വെള്ളരിക്കാപട്ടണമാണോ? കെ.എം.എം.എല്ലില്‍ പിന്‍വാതില്‍ നിയമനം നടക്കുന്നുവെന്ന വാര്‍ത്ത കൊടുത്തതിനാണ് മനോരമ ലേഖകന്‍ ജയചന്ദ്രന്‍ ഇലങ്കത്തിനെതിരെ കേസെടുത്തിരിക്കുന്നത്. വാര്‍ത്ത എങ്ങനെ ചോര്‍ന്നുവെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. നാണംകെട്ട പണിയാണ് പൊലീസ് ചെയ്യുന്നത്. ഇല്ലാത്ത കേസെടുക്കുകയെന്ന പണിയാണ് ചെയ്യുന്നത്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതു ചേരിയില്‍ നിന്നും തീവ്രവലതുപക്ഷത്തേക്ക് സി.പി.എം വ്യതിചലിച്ചിരിക്കുകയാണ്. മോദി ലൈനിലക്ക് പാര്‍ട്ടി മാറിയത് എം.വി ഗോവിന്ദന് കണ്ടിട്ടും മനസിലായില്ലെങ്കില്‍ പിന്നെ എന്ത് പറയാന്‍ പറ്റും.
പറവൂരില്‍ റോഡ് പണിഞ്ഞ് റിയല്‍ എസ്‌റ്റേറ്റുകാരനെ സഹായിക്കാന്‍ ശ്രമിച്ചെന്നാണ് ദേശാഭിമാനിയുടെ ആരോപണം. അറുപത് സെന്റ് സ്ഥലം ഉണ്ടായിരുന്നയാള്‍ മൂന്ന് സെന്റ് വീതം 18 പേര്‍ക്ക് വീട് വയ്ക്കാനായി നല്‍കി. ബാക്കി ആറ് സെന്റ് വഴിക്കും നല്‍കി. അതില്‍ 14 പേര്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കിക്കഴിഞ്ഞു. അദ്ദേഹം തന്നെ 2 പേര്‍ക്ക് വീട് വച്ചു നല്‍കി. പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ഒരു വീട് നല്‍കി. ബാക്കിയുള്ളവര്‍ വീട് വച്ചുകൊണ്ടിരിക്കുകയാണ്. ആ പാവങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്കാണ് റോഡ് നല്‍കിയത്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലും ഈ റോഡുണ്ട്. അതുകൊണ്ടാണ് റോഡിന് ഫണ്ട് അനുവദിക്കാന്‍ കളക്ടറോട് ശിപാര്‍ശ ചെയ്തത്. സി.പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് റോഡ് ഉദ്ഘാടനം ചെയ്തത്. സി.പി.എമ്മുകാരാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. 22 വര്‍ഷം എം.എല്‍.എ ആയ എനിക്ക് എന്റെ നാട്ടുകാരെ ദേശാഭിമാനി പരിചയപ്പെടുത്തി തരേണ്ട. വേറെ വാര്‍ത്ത ഇല്ലാത്തതു കൊണ്ടാണ് വ്യാജ വാര്‍ത്തയുണ്ടാക്കുന്നത്. പരാതിയുണ്ടെങ്കില്‍ വിജിലന്‍സ് കേസെടുക്കട്ടെ. പറവൂര്‍ നിയോജക മണ്ഡലത്തിലെ എം.എല്‍.എ എവിടെ റോഡ് നിര്‍മ്മിക്കണമെന്ന് തീരുമാനിക്കുന്നത് ദേശാഭിമാനി പത്രവും സി.പി.എമ്മുമല്ല. ദേശാഭിമാനിയും കൈരളിയും വ്യക്തിപരമായി തേജോവധപ്പെടുത്താനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന മഞ്ഞപ്പത്രങ്ങളാണ്. മഞ്ഞപ്പത്രങ്ങളുടെ അടിസ്ഥാനരഹിതമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നില്ല.