ഹിന്ദുക്കളും മുസ്ലീംകളും തമ്മിലുള്ള പ്രശ്‌നമാക്കാനുള്ള അജണ്ട എതിര്‍ത്ത് തോല്‍പ്പിക്കണം.
ശക്തിധരന്റെ രണ്ട് വെളിപ്പെടുത്തലുകളിലും അന്വേഷണത്തിന് തയാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും; സി.പി.എം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ എന്തും ചെയ്യാന്‍ മടിക്കാത്ത വൃത്തികെട്ട പാര്‍ട്ടി.
പ്രതിപക്ഷ നേതാവ് പറവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞത്
കൊച്ചി : ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററും പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള സി.പി.എം നേതാക്കളുടെ സന്തതസഹചാരിയുമായിരുന്ന ജി ശക്തിധരന്റെ സുപ്രധാനമായ രണ്ട് വെളിപ്പെടുത്തലുകളിലും അടിയന്തിരമായി കേസെടുക്കണം. കള്ളപ്പണം കടത്തും കെ.പി.സി.സി അധ്യക്ഷനെ
കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നുമുള്ള വെളിപ്പെടുത്തലുകളില്‍ കേസെടുക്കാന്‍ തയാറല്ലെങ്കില്‍ കോണ്‍ഗ്രസും യു.ഡി.എഫും നിയമനടപടികളുമായി മുന്നോട്ട് പോകും. ഹീനമായ ആക്രമണമാണ് സി.പി.എം ശക്തിധരനെതിരെ നടത്തുന്നത്. സി.പി.എം ഇതിനൊക്കെ മറുപടി പറയേണ്ടി വരും. എ.കെ.ജി സെന്ററില്‍ ഇരുന്നു കൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അവര്‍ക്കെതിരെ പറയുന്ന എല്ലാവരെയും വേട്ടയാടുന്നത്. എന്തെല്ലാം വൃത്തികേടുകളാണ് എഴുതി വിടുന്നത്? രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ എന്തും ചെയ്യാന്‍ മടിക്കാത്ത വൃത്തികെട്ട പാര്‍ട്ടിയാണ് സി.പി.എം. സുധാകരനെ കൊല്ലാന്‍ പറ്റാത്തത് കൊണ്ടാണ് ഇപ്പോള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. രണ്ട് വെളിപ്പെടുത്തലുകളിലും പ്രതിയാകുമെന്ന് അറിഞ്ഞുകൊണ്ടാണ് ശക്തിധരന്‍ സത്യം പറഞ്ഞിരിക്കുന്നത്.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണം. വ്യക്തിപരമായ വിവരങ്ങള്‍ ഡാറ്റാ സെക്യൂരിറ്റി ഇല്ലാതെ ഊരാളുങ്കലിനെ ഏല്‍പ്പിച്ചത് എന്തിനെന്ന് അതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ വിശദമാക്കണം. എല്ലാം ഊരാളുങ്കലിന് കൊടുക്കുകയെന്നത് ഇപ്പോള്‍ സ്ഥിരം പരിപാടിയാണ്.
ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനെ വിശ്വാസമുണ്ടെന്ന് സമസ്ത നേതാവ് ജിഫ്രികോയ തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏക സിവില്‍ കോഡ് സംബന്ധിച്ച് കോണ്‍ഗ്രസിന് ഒരു അവ്യക്തതയുമില്ല. കഴിഞ്ഞ മാസം 15-ന് ഈ വിഷയം ഉയര്‍ന്ന് വന്നപ്പോള്‍ തന്നെ ജയറാം രമേശ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2018-ല്‍ മോദി സര്‍ക്കാര്‍ കൊണ്ടു വന്ന ലോ കമ്മീഷന്‍ ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനുള്ളതെന്നാണ് ജയറാം രമേശ് പറഞ്ഞത്. ഏക സിവില്‍ കോഡിനെ ഹിന്ദു- മുസ്ലീം വിഷയമാക്കി മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഹിന്ദു ഉള്‍പ്പെടെ വിവിധ ഗോത്ര വര്‍ഗങ്ങളെയും സമുദായങ്ങളെയും ബാധിക്കുന്ന വിഷയമാണിത്. ഓരോ വിഭാഗങ്ങള്‍ക്കും അവരവരുടേതായ ആചാരങ്ങളും പാരമ്പര്യങ്ങളുമുണ്ട്. ഏക സിവില്‍ കോഡ് വന്നാല്‍ അത് ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ പ്രായോഗിക ബുദ്ധിമൂട്ടുകളുണ്ടാക്കും. കരട് ബില്‍ പോലും ഇതുവരെ വന്നിട്ടില്ല. വന്നാല്‍ എങ്ങനെ നേരിടണമെന്ന് കോണ്‍ഗ്രസിന് നന്നായി അറിയാം. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മാത്രമാണ് തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്. നടപ്പാക്കാന്‍ സാധിക്കാത്ത വിഷയം ചര്‍ച്ച ചെയ്ത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് ലക്ഷ്യം. ഹിന്ദുക്കളും മുസ്ലീംകളും തമ്മിലുള്ള പ്രശ്‌നമാക്കി തീര്‍ക്കാനുള്ള അജണ്ടയാണ് അണിയറയില്‍ ഒരുങ്ങുന്നത്. അത് ജനങ്ങള്‍ ശക്തമായി എതിര്‍ത്ത് തോല്‍പ്പിക്കും. നടപ്പാക്കുക എന്നതല്ല ഭിന്നിപ്പുണ്ടാക്കുകയെന്നത് മാത്രമാണ് സംഘപരിവാര്‍ ലക്ഷ്യം. ഭിന്നിപ്പിന് വേണ്ടിയുള്ള അജണ്ടയെ തിരിച്ചറിഞ്ഞ് ഒന്നിച്ച് ചെറുത്ത് തോല്‍പ്പിക്കണമെന്നതാണ് കോണ്‍ഗ്രസ് നിലപാട്.
ജയറാം രമേശ് പറഞ്ഞ നിലപാട് തന്നെയാണ് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും പറഞ്ഞത്. നേരത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ ബി.ജെ.പിയിലേക്ക് പോകുന്നെന്നാണ് പറഞ്ഞത്. എന്നിട്ട് എന്തായി? ക്രൈസ്തവര്‍ കൊലചെയ്യപ്പെട്ടപ്പോഴും ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോഴും അവിടെയെത്തിയത് രാഹുല്‍ ഗാന്ധി മാത്രമാണ്. അക്രമികള്‍ അഴിഞ്ഞാടുന്ന തെരുവുകളിലൂടെയാണ് രാഹുല്‍ ഗാന്ധി നടന്നത്. കോണ്‍ഗ്രസ് ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം.
സി.പി.എമ്മുമായി ചേര്‍ന്നുള്ള പ്രക്ഷോഭത്തിന്റെ ഒരു ആവശ്യവുമില്ല. അല്ലാതെ തന്നെ കേണ്‍ഗ്രസിന് ശക്തിയുണ്ട്. കേരളത്തില്‍ അല്ലാതെ മറ്റെങ്ങും സി.പി.എമ്മില്ല. മുഖ്യമന്ത്രി നേരിട്ട് പ്രചരണം നടത്തിയ ബാഗേപ്പള്ളിയില്‍ സി.പി.എം നാലാം സ്ഥാനത്തായി. സി.പി.എമ്മുമായി ചേര്‍ന്നുള്ള പ്രക്ഷോഭത്തിനൊന്നും കേരളത്തിലെ കോണ്‍ഗ്രസില്ല. ഭിന്നിപ്പിക്കുകയെന്ന ബി.ജെ.പി കെണിയിലേക്ക് ആരും ചെന്ന് ചാടരുത്.
കേരളത്തിന്റെ തലസ്ഥാനം കൊച്ചിയാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഹൈബി ഈഡനെ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല. ഈ നിലപാടുമായി മുന്നോട്ട് പോകരുതെന്ന് ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യവുമായി മുന്നോട്ട് പോകില്ലെന്ന് ഹൈബി ഉറപ്പ് നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഇനിയൊരു വിവാദത്തിന്റെ ആവശ്യമില്ല. തലസ്ഥാനമാക്കാനുള്ള സൗകര്യങ്ങളൊന്നും കൊച്ചിക്കില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അവസാനിപ്പിക്കണം.
പുനര്‍ജനി സംബന്ധിച്ച പരാതി അന്വേഷിക്കേണ്ടത് വിജിലന്‍സല്ല. ഇ.ഡി അന്വേഷിക്കട്ടെ. അന്വേഷിക്കാന്‍ അധികാരമില്ലാത്ത കേസ് വിജിലന്‍സിനെ ഏല്‍പ്പിച്ചത് പ്രതിപക്ഷ നേതാവിനെ കൂടി ഇ.ഡിക്ക് മുന്നിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. എപ്പോള്‍ വേണമെങ്കിലും തനിക്കെതിരെ ഇ.ഡി അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിക്ക് നല്ല ഭയമുണ്ട്. എന്നാല്‍ പിന്നെ പ്രതിപക്ഷ നേതാവിന് എതിരെയും ഇ.ഡി കേസ് ഇരിക്കട്ടെയെന്നാണ് പിണറായി കരുതിയത്. വിദേശ നാണയ നിയന്ത്രണ നിയമം ലംഘിട്ടുണ്ടെങ്കില്‍ ഞാന്‍ അകത്ത് പോകുമല്ലോ. അല്ലെങ്കില്‍ ഇത്രകാലമായി നടക്കുന്ന അധിക്ഷേപത്തിനെങ്കിലും തീരുമാനമാകും. കൈതോലപ്പായ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിലെ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. പരീക്ഷ എഴുതാതെ ഒരുത്തന്‍ പാസായവന്‍ കൊടുത്ത കേസില്‍ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തു. പക്ഷെ പരീക്ഷ എഴുതാത്തവനെതിരെ ഇതുവരെ കേസില്ല. ഇരട്ടനീതിയാണ് കേരളത്തില്‍ നടക്കുന്നത്. സുധാകരനെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കും അത് ആവര്‍ത്തിച്ച ഗോവിന്ദനും എതിരെ കേസില്ല. വ്യാജ വാര്‍ത്തയ്ക്ക് എതിരെ കെ.പി.സി.സി നല്‍കിയ പരാതിയിലും കേസില്ല. സി.പി.എം സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിനുമൊന്നും ഒരു കാര്യവുമില്ല. മുഖ്യമന്ത്രിയെ പോലും ഹൈജാക്ക് ചെയ്യുന്ന ഒരു സംഘം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ നിഷ്‌ക്രിയനാക്കി അവരുടെ കയ്യിലേക്ക് കേരളത്തിന്റെ ഭരണം പോകുകയാണ്. ഈ ഗൂഡസംഘം സി.പി.എമ്മിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിക്കും.