വലപ്പാട്: വായനാ വാരാചരണത്തിന്റെ ഭാഗമായി മണപ്പുറം ഗീതാരവി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ തെരുവ് നാടകം അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ മിന്റു പി മാത്യു ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ വളർന്നുവരേണ്ട സാമൂഹിക പ്രതിബദ്ധതയ്ക്ക് ഇത്തരം കലാവതരണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും മണപ്പുറം ഗീതാരവി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇത്തരം ആശയങ്ങളിൽ മുൻപന്തിയിലാണെന്നും മിന്റു പി മാത്യു പറഞ്ഞു. നൂതന സാങ്കേതിക വിദ്യയുടെ കാലത്തും വായനയുടെ പ്രാധാന്യം പൊതുമണ്ഡലത്തിലേക്ക് എത്തിക്കുക എന്നതാണ് തെരുവ് നാടകംകൊണ്ട് ലക്ഷ്യമിടുന്നത്. തൃപ്രയാർ ബസ് സ്റ്റാൻഡിലും പരിസരപ്രദേശങ്ങളിലുമാണ് തെരുവ് നാടകം അവതരിപ്പിച്ചത്. വായനാ വാരാചരണത്തിന്റെ ഭാഗമായി വായനാദിന ക്വിസ് മത്സരവും വായനാ മത്സരവും സംഘടിപ്പിച്ചു. പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ ജിഷ കെ ആർ, സ്കൂൾ പി ആർ ഓ കാൻഡി തോമസ്, അധ്യാപിക നിമിഷ ഹിജു എന്നിവർ പങ്കെടുത്തു.
Ajith V Raveendran