മന്ത്രിസഭായോ​ഗം തീരുമാനങ്ങൾ

Spread the love

പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി; ബാച്ചുകള്‍ കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍.
സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്. പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താല്‍ക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ എണ്ണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാച്ചുകള്‍ റദ്ദ് ചെയ്യും. ആ ബാച്ചില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അതേ സ്കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും.
⏺️ 2023-24ലെ മദ്യ നയം അംഗീകരിച്ചു.
2023-24ലെ മദ്യ നയം അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
⏺️ മെന്‍റല്‍ ഹെല്‍ത്ത് നഴ്സിങ് കോഴ്സ്.
തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്സിങ് കോളേജുകളില്‍ 2023-24 അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശനശേഷി 8 വീതമായി നിജപ്പെടുത്തി എംഎസ് സി (മെന്‍റല്‍ ഹെല്‍ത്ത് നഴ്സിങ് കോഴ്സ്) ആരംഭിക്കുന്നതിന് അനുമതി നല്‍കി.
⏺️ തുടര്‍ച്ചാനുമതി.
പത്രപ്രര്‍ത്തക പെന്‍ഷന്‍, ഇതര പെന്‍ഷനുകള്‍ തുടങ്ങിയവ തീര്‍പ്പാക്കുന്നതിന് വിവര പൊതുജനസമ്പര്‍ക്ക വകുപ്പില്‍ അനുവദിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയ്ക്ക് 1.4.2023 മുതല്‍ 31.3.2024 വരെ തുടര്‍ച്ചാനുമതി നല്‍കി.
തൃശൂര്‍ ജില്ലയിലെ ചിട്ടി ആര്‍ബിട്രേഷന്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് രജിസ്ട്രേഷന്‍ വകുപ്പില്‍ സൃഷ്ടിച്ചിരുന്ന 4 സബ് രജിസ്ട്രാറുടെയും 6 ക്ലര്‍ക്കിന്‍റെയും താല്‍ക്കാലിക തസ്തികകളില്‍ 2 സബ് രജിസ്ട്രാറുടെയും 4 ക്ലര്‍ക്കിന്‍റെയും തസ്തികകള്‍ക്ക് 31.03.2024 വരെ തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.
⏺️ ശമ്പള പരിഷ്ക്കരണം.
മലബാര്‍ ദേവസ്വം ബോര്‍ഡിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1.7.2019 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 11-ാം ശമ്പള പരിഷ്ക്കരണ ഉത്തരവിന്‍റെ ആനുകൂല്യം വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കാന്‍ തീരുമാനിച്ചു.
⏺️ ജൈവ വൈവിധ്യ പൈതൃക പ്രദേശമാക്കും.
കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്കാവ് ജൈവ വൈവിധ്യ പൈതൃക പ്രദേശമായി വിജ്ഞാപനം ചെയ്യുന്നതിന് തുടര്‍ നടപടികള്‍ സ്വീകരിക്കും.
⏺️ സാധൂകരിച്ചു.
ഭാരതീയ ചികിത്സാവകുപ്പിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി 116 തസ്തികകള്‍ സൃഷ്ടിച്ച നടപടി സാധൂകരിച്ചു.
⏺️ ഗംഗാ സിങ് വനംവകുപ്പ് മേധാവി.
പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ്) ആയി ഗംഗാ സിങിനെ നിയമിക്കാന്‍ തീരുമാനിച്ചു. ബെന്നിച്ചന്‍ തോമസ് വിരമിക്കുന്നതിനെ തുടര്‍ന്ന് 1.8.2023 മുതല്‍ ഉണ്ടാകുന്ന ഒഴിവിലേക്കാണ് നിയമനം.
⏺️ തസ്തിക.
കേരള പബ്ലിക്ക് എന്‍റര്‍ പ്രൈസസ്സ് (സെലക്ഷനും റിക്രൂട്ട്മെന്‍റും ) ബോര്‍ഡിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
⏺️ ധനസഹായം തുല്യമായി വീതിച്ച് നല്‍കും.
പത്തനംതിട്ട മല്ലപ്പള്ളിയില്‍ മോക്ക് ഡ്രില്ലിനിടെ മരണപ്പെട്ട ബിനു സോമന്‍റെ നിയമപരമായ അനന്തരാവകാശികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച നാല് ലക്ഷം രൂപയുടെ ധനസഹായം തുല്യമായി വീതിച്ച് നല്‍കും. സഹോദരിക്കും സംരക്ഷണയില്‍ കഴിഞ്ഞ് വന്ന സഹോദരപുത്രനുമാണ് തുക വീതിച്ച് നല്‍കുക.
⏺️ ഉത്തരവ് പരിഷ്ക്കരിക്കും.
27 താല്‍ക്കാലിക ജെസിഎഫ്എം കോടതികളെ സ്ഥിരം കോടതികളാക്കി മാറ്റുന്നതിന് അനുമതി നല്‍കിയ ഉത്തരവ് പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചു. 26 ജെസിഎഫ്എം കോടതികളും ഒരു അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുമാണ് സ്ഥിരം കോടതികളാക്കുക. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് അനുവദിച്ച ഒരു ഹെഡ് ക്ലാക്ക് /ജൂനിയര്‍ സൂപ്രണ്ട് തസ്തികളെ അപ്ഗ്രേഡ് ചെയ്ത് നല്‍കും.
⏺️ ബിപിസിഎല്ലിന് അനുമതി.
കൊച്ചിയില്‍ ജൈവമാലിന്യം കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റുന്ന പ്ലാന്‍റ് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം, ജലം, വൈദ്യുതി, എന്നിവ നല്‍കുന്നതിനും പൈപ്പ് ലൈന്‍ ഇടുന്നതിനുമുളള അനുമതി ബിപിസിഎല്ലിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിശദമായ പ്രോപ്പോസല്‍ 2023 ഒക്ടോബര്‍ ഒന്നിനകം തയ്യാറാക്കി സമര്‍പ്പിക്കാന്‍ ബിപിസില്ലിനോട് ആവശ്യപ്പെടും.
⏺️ പരിവര്‍ത്തനാനുമതി.
പാലക്കാട് ജില്ലയിലെ ലക്കിടി പേരൂര്‍ 2 വില്ലേജില്‍ ഞാവിളിന്‍കടവ് പാലം എലിവേറ്റഡ് സ്ട്രക്ച്ചര്‍ ആയി നിര്‍മ്മിക്കുന്നതിന് ആവശ്യമായി വരുന്ന 90 സെന്‍റ് നെല്‍വയല്‍ പൊതുആവശ്യത്തിനായി വ്യവസ്ഥകള്‍ക്ക് വിധേയമായി പരിവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനിച്ചു
⏺️ തുക അനുവദിക്കും.
2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് മില്ലുടമകള്‍ക്ക് നഷ്ടയിനത്തില്‍ നല്‍കാനുള്ള തുക 10 കോടിയായി നിജപ്പെടുത്തി ഒറ്റത്തവണയായി തീര്‍പ്പാക്കുന്നതിന് നിബന്ധനകളോടെ അനുവദിക്കാന്‍ തീരുമാനിച്ചു. ഭാവിയില്‍ കൂടുതല്‍ നഷ്ടപരിഹാരം സര്‍ക്കാരിനോട് ആവശ്യപ്പെടുകയില്ലെന്ന സമ്മതപത്ര വ്യവസ്ഥയില്‍മേലായിരിക്കും തുക വിതരണം ചെയ്യുക.
സര്‍ക്കാരില്‍ നിന്ന് തുക ലഭ്യമാകുന്ന മുറക്ക് പ്രളയവുമായി ബന്ധപ്പെട്ട എല്ലാ മില്ലുടമകള്‍ക്കും മില്ലുടമ സംഘടനയില്‍ അംഗമാണോ അല്ലയോ എന്നത് പരിശോധിക്കാതെ നഷ്ടപരിഹാരം നല്‍കി എന്ന് മില്ലുടമ സംഘടനാ പ്രതിനിധികളും സപ്ലൈകോ സി എം ഡിയും ഉറപ്പ് വരുത്തേണ്ടതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *