പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ഉജ്വല വിജയം നേതാക്കളും പ്രവര്‍ത്തകരും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കെപിസിസിയില്‍ ആഘോഷിച്ചു. ഫലപ്രഖ്യാപനം തുടങ്ങിയത് മുതല്‍ കെപിസിസി ആസ്ഥാനത്തേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്കായിരുന്നു. അനുനിമിഷം ചാണ്ടി ഉമ്മന്റെ ലീഡ് വര്‍ധിക്കുമ്പോഴും മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ ആഘോഷമാക്കി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജി.എസ്.ബാബു, മരിയാപുരം ശ്രീകുമാര്‍, ജി.സുബോധന്‍ തുടങ്ങിയവര്‍ യുഡിഎഫിന്റെ കെപിസിസി ആസ്ഥാനത്തെ വിജയാഹ്ലാദത്തിന് നേതൃത്വം നല്‍കി.
ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ എല്‍ഡിഎഫിന് ജനം നല്‍കിയ കനത്ത പ്രഹരമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പുതുപ്പള്ളിയില്‍ കൂടുതല്‍ ദിവസം ചെലവഴിച്ചിരുന്നെങ്കില്‍ ഭൂരിപക്ഷം ഇതിലും വര്‍ധിക്കുമായിരുന്നു. ജനദ്രോഹ പിണറായി സര്‍ക്കാരിന്റെ ആണിക്കല്ല് ഇളകി. എണ്ണയിട്ടയന്ത്രം പോലെയാണ് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ ഇനിയെങ്കിലും തെറ്റുതിരുത്തി അഴിമതി അവസാനിപ്പിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും യുഡിഎഫിന് ഉജ്വല വിജയം നേടും. അതിന് ആത്മവിശ്വാസം നല്‍കുന്ന തിരഞ്ഞെടുപ്പ് ഫലമാണിത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നോടിയായി നടന്ന സെമിഫൈനലാണ് പുതുപ്പള്ളിയില്‍ നടന്നത്. ഐക്യത്തോടെ വരും തിരഞ്ഞെടുപ്പുകളെ കോണ്‍ഗ്രസും യുഡിഎഫും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച മരണാനന്തര ബഹുമതിയാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ തിളക്കമാര്‍ന്ന വിജയമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ ആളിക്കത്തുന്ന ജനരോഷം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. പിണറായി സര്‍ക്കാരിന് ജനപിന്തുണയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ജനവിധി. യുഡിഎഫിന്റെ ഐക്യത്തിന്റെ വിജയം കൂടിയാണിത്. ബിജെപിക്ക് വോട്ട് കുത്തനെ കുറഞ്ഞത് കേന്ദ്രസര്‍ക്കാരിന് മതേതര വിശ്വാസികള്‍ നല്‍കിയ തിരിച്ചടിയാണ്. അധികാരത്തില്‍ തുടരാന്‍ പിണറായി സര്‍ക്കാരിന് അവകാശമില്ല. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനകീയ പ്രതിഷേധത്തിന്റെ പ്രതിഫലനം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നു ഹസ്സന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയോടുള്ള കടപ്പാട് പുതുപ്പളളിയിലെ വോട്ടര്‍മാര്‍ പ്രകടിപ്പിച്ചെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള താക്കീതാണ്. നിരപരാധിയായ ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയമായി തകര്‍ക്കാന്‍ നോക്കിയ സിപിഎമ്മിന് കിട്ടിയ കനത്ത പ്രഹരം. ബിജെപിക്ക് കേരള രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്ന് ഒരിക്കല്‍ക്കൂടി ജനം തെളിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ജനദ്രോഹ ഭരണം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. ദേശീയ രാഷ്ട്രീയത്തിലെ ചൂണ്ടുപലകകൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. തിരിച്ചടിയില്‍നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറാകണം. തിരുത്താന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം ഉണ്ടാകും. അതിനുള്ള ജനങ്ങളുടെ അനുമതിയാണിതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ചെറിയാന്‍ ഫിലിപ്പ്, പന്തളം സുധാകരന്‍,സി.പി.ജോണ്‍, വര്‍ക്കല കഹാര്‍, ശരത്ചന്ദ്ര പ്രസാദ്, വിഎസ് ശിവകുമാര്‍, മണക്കാട് സുരേഷ്, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയ നേതാക്കളും കെപിസിസി ആസ്ഥാനത്തെ വിജയാഹ്ലാദത്തില്‍ പങ്കുചേര്‍ന്നു.