കോട്ടയം പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർഥി ചാണ്ടി ഉമ്മൻ വിജയിച്ചു. പോൾ ചെയ്ത വോട്ടുകളിൽ 80144 എണ്ണം ചാണ്ടി ഉമ്മനു ലഭിച്ചു.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)യുടെ സ്ഥാനാർഥി ജെയ്ക് സി. തോമസിന് – 42425 വോട്ടുകൾ ലഭിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ ലിജിൻ ലാലിന് – 6558 വോട്ടും ആം ആദ്മി പാർട്ടി സ്ഥാനാർഥി ലൂക്ക് തോമസിന് 835 വോട്ടും ലഭിച്ചു. സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച സന്തോഷ് പുളിക്കലിന് 78 വോട്ടും ഷാജിക്ക് 63 വോട്ടും പി.കെ ദേവദാസിന് 60 വോട്ടും ലഭിച്ചു. നോട്ടയ്ക്ക് 400 വോട്ടുകളാണ് ലഭിച്ചത്. 473 വോട്ടുകൾ അസാധുവായി. തപാൽ വോട്ടുകളാണ് അസാധുവായത്. 1,76,412 വോട്ടർമാരായിരുന്നു പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 72.86 ശതമാനം പോളിങ്ങാണ് സെപ്റ്റംബർ അഞ്ചിന് നടന്ന വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്, അതായത് 1,28,535 പേർ വോട്ട് ചെയ്തു. ഇതുകൂടാതെ 2501 തപാൽ വോട്ടുകളുമുണ്ടായിരുന്നു. (സർവീസ് വോട്ടർമാർക്കുള്ള 10 ഇ.ടി.പി.ബി.എസ് വോട്ടുകളും 80 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലെത്തി രേഖപ്പെടുത്തിയ 2491 വോട്ടുകളും). ആകെ 1,31,036 വോട്ടുകൾ. തപാൽ വോട്ടുകളിൽ 473 എണ്ണം അസാധുവായി. തപാൽ വോട്ടുകളിൽ ചാണ്ടി ഉമ്മന് 1495 എണ്ണവും ജെയ്ക് സി. തോമസിന് 443 വോട്ടും ലിജിൻ ലാലിന് 72 വോട്ടും ലൂക്ക് തോമസിന് ആറുവോട്ടും പി.കെ. ദേവദാസിന് മൂന്നുവോട്ടും ഷാജിക്ക് അഞ്ചുവോട്ടും ലഭിച്ചു. തപാൽ വോട്ടുകളിൽ നാലെണ്ണം നോട്ടയ്ക്കാണ്. വിജയിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് ചാണ്ടി ഉമ്മന് വരണാധികാരിയായ ആർ.ഡി.ഒ വിനോദ് രാജ് കൈമാറി.