സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ‘ഇൻസ്പിരോൺ 23’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ദ്വിദിന ഗുണഭോക്തൃ, സംരംഭക കൂട്ടായ്മയ്ക്കു തുടക്കമായി. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട എട്ടു ലക്ഷത്തിൽപ്പരം ആളുകൾക്ക് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സാമ്പത്തിക സഹായം നൽകിയതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ആറായിരത്തിൽപ്പരം കോടി രൂപ ഇതിലൂടെ വിതരണം ചെയ്തു. ഗുണഭോക്താക്കൾക്കു പണം നൽകുന്ന കടമയിൽ മാത്രം കോർപ്പറേഷന്റെ ശ്രദ്ധ ഒതുങ്ങരുത്. അത് എന്തിനു വേണ്ടി വിനിയോഗിക്കുന്നുവെന്നു പരിശോധിക്കണം. പണം നൽകി കടക്കാരാക്കി മാറ്റുകയെന്നല്ല, അവരെ സംരംഭകരാക്കി സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുകയെന്നതാകണം കോർപ്പറേഷന്റെ പ്രത്യേക ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കോർപ്പറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കോർപ്പറേഷൻ ഈ വർഷം നടപ്പാക്കുന്ന വിവിധ എക്സിബിഷനുകൾ, ബോധവത്കരണ പരിപാടികൾ, സംരംഭകത്വ പരിശീലന പരിപാടികൾ, വൊക്കേഷണൽ ട്രെയിനിങ് എന്നിവ ഉൾക്കൊള്ളുന്നതാണ് ഇൻസ്പിരോൺ 23 പരിപാടി. മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം, ഗുണഭോക്താക്കളുടെ അനുഭവം പങ്കുവയ്ക്കൽ, വളർന്നുവരുന്ന സംരംഭങ്ങകർക്ക് ആവശ്യമായ പരിശീലനം നൽകൽ തുടങ്ങിയവയും പരിപാടിയിലുണ്ട്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടി വ്യാഴാഴ്ച സമാപിക്കും.
മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ, എം.എൽ.എമാരായ വി. ജോയ്, ജി. സ്റ്റീഫൻ, കെ. ആൻസലൻ, സി.കെ ഹരീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു