സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സി.എ.ജി റിപ്പോര്‍ട്ടിലുള്ളത് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

വായ്പാ ആപ്പുകളെ കുറിച്ച് പൊലീസ് ഗൗരവത്തില്‍ അന്വേഷിക്കണം.

കൊച്ചി : സംസ്ഥാനത്തെ സാമ്പത്തിക പ്രശ്‌നം സംബന്ധിച്ച് യു.ഡി.എഫ് പുറത്തിറക്കിയ രണ്ട് ധവളപത്രങ്ങളില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളാണ് ഇപ്പോള്‍ സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്. നികുതി പിരിവില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. നികുതി കുടിശിക പിരിച്ചെടുക്കുന്നതിലും പരിതാപകരമായ അവസ്ഥയാണ്.

ധനപ്രതിസന്ധിക്ക് പ്രധാന കാരണം സര്‍ക്കാര്‍ തന്നെയാണ്. നൂറ് രൂപയ്ക്ക് വില്‍ക്കുന്ന സാധനത്തിന് 18 രൂപ നികുതി കിട്ടുമായിരുന്നു. നൂറ് ശതമാനം വരെ വിലവര്‍ധനവുണ്ടായ സാഹചര്യത്തില്‍ 100 രൂപയുടെ സാധനത്തിന് 200 രൂപയായി. നികുതി 36 രൂപയായി. പക്ഷെ വിലക്കയറ്റമുണ്ടായതിന് ആനുപാതികമായ നികുതി വരുമാനം സര്‍ക്കാരിന് ലഭിക്കുന്നില്ല.

സ്വര്‍ണം ഗ്രാമിന് 500 രൂപയുണ്ടായിരുന്ന കാലത്തെ നികുതി തന്നെയാണ് വില പത്തിരട്ടി വര്‍ധിച്ചിട്ടും സംസ്ഥാനത്തിന് ലഭിക്കുന്നത്. നികുതി പിരവില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്. പെന്‍ഷന്‍ വിതരണത്തിനും കിഫ്ബി പദ്ധതികള്‍ക്കും വേണ്ടി കോടിക്കണക്കിന് രൂപയാണ് ബജറ്റിന് പുറത്ത് കടമെടുത്തത്. ഇതെല്ലാം കടമെടുപ്പ് പരിധിയില്‍ വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയതാണ്. അതിപ്പോള്‍ സംഭവിച്ചിരിക്കുന്നു. സര്‍ക്കാര്‍ വരുത്തിവച്ച ധനപ്രതിസന്ധിയാണ് 80 ശതമാനവും. കേന്ദ്ര സര്‍ക്കാര്‍ ഡിവിസീവ് പൂളില്‍ നിന്നുള്ള നികുതി കുറച്ചതും ഗൗരവതരമാണ്. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ മാത്രം കുറ്റപ്പെടുത്തി സ്വന്തം തെറ്റുകള്‍ മറച്ച് വയ്ക്കാന്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷ മുന്നറിയിപ്പുകള്‍ ശരിവയ്ക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്.

സോളാര്‍ ഗൂഡോലോചന സംബന്ധിച്ച സി.ബി.ഐ റിപ്പോര്‍ട്ടില്‍ അന്വേഷണം വേണമെന്നതു തന്നെയാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാട്. ക്രിമിനല്‍ ഗൂഡാലോചയില്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രിയോട് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കാനാകില്ല. അതുകൊണ്ട് കേരള പൊലീസിന്റെ അന്വേഷണം വേണ്ട.

സി.ബി.ഐ റിപ്പോര്‍ട്ടില്‍ അന്വേഷണമുണ്ടായില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ യു.ഡി.എഫും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്. അതിനായി രണ്ട് മാര്‍ഗങ്ങള്‍ മുന്നിലുണ്ട്. ഉമ്മന്‍ ചാണ്ടി തന്നെ മൊഴി കൊടുത്ത കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുള്ള കേസിലേക്ക് സി.ബി.ഐ റിപ്പോര്‍ട്ട് കൂടി നല്‍കി ശക്തിപ്പെടുത്തണമോ ഹൈക്കോടതിയെ സമീപിക്കണമോയെന്ന് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുകയാണ്. കത്തില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അന്ന് സഹായിച്ച ഇടനിലക്കാരൊക്കെ ഇപ്പോള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇടനിലക്കാരുമായാണ് സര്‍ക്കാരിന് സൗഹൃദം. ഇടനിലക്കാര്‍ വഴി വ്യാജനിര്‍മ്മിതയുണ്ടാക്കി എല്ലാവരെയും പെടുത്തിയതാണെന്ന് വ്യക്തമായിരിക്കുകയാണ്. അതിന് പിന്നില്‍ നടന്നത് ക്രിമിനല്‍ ഗൂഡാലോചനയാണ്. ലൈംഗിക ആരോപണത്തെ കുറിച്ചല്ല ഇപ്പോള്‍ അന്വേഷിക്കേണ്ടത്. അതേക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. ലൈംഗിക ആരോപണത്തിന് വിധേയരായവരെ മനപൂര്‍വം കുടുക്കാന്‍ നടത്തിയ ഗൂഡാലോചനയെ കുറിച്ചാണ് അന്വേഷിക്കേണ്ടത്. ഇക്കാര്യമാണ് യു.ഡി.എഫും കോണ്‍ഗ്രസും ആവശ്യപ്പെട്ടത്.


നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സാ പ്രോട്ടോകോള്‍ നിശ്ചയിക്കുന്നതിലും ആശയക്കുഴപ്പമുണ്ട്. മറ്റ് സ്ഥലത്തേക്ക് രോഗം വ്യാപിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കാലാനുസൃതമായി ചികിത്സാ പ്രോട്ടോകോള്‍ പരിഷ്‌ക്കരിക്കണം. ഇക്കാര്യത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കലര്‍ത്തില്ല. സര്‍ക്കാരിന്റെ നടപടികളെ പിന്തുണയ്ക്കുന്നു. കുറെക്കൂടി നന്നായി ചെയ്യണമെന്ന് മാത്രമാണ് ആവശ്യപ്പെടാനുള്ളത്.

നടന്‍ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം ഒരിക്കലും പാടില്ലാത്തതാണ്. പ്രത്യേകിച്ചും കലാകാരന്‍മാരായി നില്‍ക്കുന്നവര്‍ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കാന്‍ പാടില്ല. വര്‍ഷങ്ങളായി മനസില്‍ കിടക്കുന്ന പുരുഷമേധാവിത്വത്തിന്റെ ബാക്കിപത്രമാണിത്. അലന്‍സിയര്‍ നല്ല നടനാണ്. അദ്ദേഹത്തിന്റെ അപ്പന്‍ എന്ന സിനിമ പുറത്ത് വന്നപ്പോള്‍ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. ആര് പറഞ്ഞാലും തെറ്റാണ്. അതിനൊപ്പം നില്‍ക്കില്ല.

ആപ്പുകള്‍ വഴി വായ്പ നല്‍കിയ ശേഷം നടത്തുന്ന ബ്ലാക്‌മെയിലുകളെ കുറിച്ച് പൊലീസ് ഗൗരവത്തോടെ അന്വേഷിക്കണം. സൈബര്‍ ലോകത്ത് നടക്കുന്ന ക്രൈമുകള്‍ അന്വേഷിക്കാന്‍ പൊലീസിന് സാധിക്കുന്നില്ല. കേരളം ആദരിക്കുന്ന അയ്യങ്കാളിയുടെ ചിത്രം നായയുടേതുമായി കൂട്ടിച്ചേര്‍ത്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച ആളെ പിടിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്തൊരു അപമാനകരമാണ്. കേരളം കണ്ട ഏറ്റവും വലിയ പോരാളിയെ അപമാനിച്ചിട്ടും പ്രതിയെ കണ്ടെത്താനാകുന്നില്ല. പൊലീസിനെ ആധുനികവത്ക്കരിക്കാന്‍ തയാറാകണം.


മന്ത്രിസഭാ പുനസംഘടന എല്‍.ഡി.എഫിന്റെ ആഭ്യന്തരകാര്യമാണ്. മുഖം മിനുക്കി മിനുക്കി വരുമ്പോള്‍ മുഖം കൂടുതല്‍ വികൃതമാകുമോയെന്ന് അപ്പോള്‍ നോക്കാം. ഇപ്പോള്‍ പറയേണ്ട.

Author

Leave a Reply

Your email address will not be published. Required fields are marked *