ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാനുള്ള മാന്യത പിണറായി കാട്ടിയില്ലെന്ന് കെ സുധാകരന്‍

Spread the love

വിഴിഞ്ഞം തുറമുഖ ഉദ്ഘടാനവേദിയില്‍ തുറമുഖമന്ത്രി ദേവര്‍ കോവില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ കാട്ടിയ മാന്യത പിണറായി വിജയന് ഇല്ലാതെ പോയെന്ന് കെ സുധാകരന്‍ എംപി. തുറമുഖ പദ്ധതിയില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്കിയ മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരന്‍, ഇകെ നായനാര്‍, വിഎസ് അച്യുതാനന്ദന്‍ എന്നിവരെയും തുറമുഖ മന്ത്രി അനുസ്മരിച്ചു. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പരസ്യം ഉള്‍പ്പെടെ എല്ലായിടത്തും മുന്‍ മുഖ്യമന്ത്രിമാരെ പൂര്‍ണമായി അവഗണിച്ചു. അല്പത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയില്‍നിന്ന് അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ടു കാര്യമില്ല.

അന്തരാഷ്ട്രലോബിയും വാണിജ്യ ലോബിയുമൊക്കെ തുറമുഖ പദ്ധതിക്കെതിരേ പ്രവര്‍ത്തിച്ചെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. എന്നാല്‍ വിഴിഞ്ഞം തുറമുഖ പദ്ധതി ഏതു വിധേനയും ഇല്ലാതാക്കാന്‍ ശ്രമിച്ചത് പിണറായി വിജയനായിരുന്നു. 5000 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണ കമ്മീഷനെ വച്ച് വേട്ടയാടിയും കടല്‍ക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങള്‍ നടത്തിയും പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചു. അന്താരാഷ്ട്രലോബിയുടെയും വാണിജ്യലോബിയുടെയും ചട്ടുകമായി പിണറായി വിജയന്‍ പ്രവര്‍ത്തിച്ചു എന്നു സംശയിക്കണം. ലോബി ഇടപാടില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്നും സുധാകരന്‍ ആരോപിച്ചു.

അദാനിയുടെ ആളുകള്‍ ഉമ്മന്‍ ചാണ്ടിയെയെയും മറ്റു നേതാക്കളെയും വട്ടമിട്ടു പറന്നപ്പോള്‍ അതില്‍ വീഴാതിരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ജാഗ്രത കാട്ടി. അങ്ങനെയൊരു ജാഗ്രത സിപിഎം കാട്ടിയോയെന്ന് അവരുടെ നേതാക്കള്‍ പ്രതികരിക്കണം.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരു നല്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. സ്വന്തമായി ഒരു പദ്ധതി പോലും ആവിഷ്‌കരിക്കാന്‍ ശേഷിയില്ലാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ മാത്രം ഉദ്ഘാടനം ചെയ്യാന്‍ വിധിക്കപ്പെട്ട കേരളം കണ്ട ഏറ്റവും ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടി തുടങ്ങിവയ്ക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തവയില്‍ വീണ്ടും കല്ലിട്ട് സായുജ്യമടയുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളെല്ലാം യുഡിഎഫിന്റേതാണ്. സ്വന്തമായി ഒരു പദ്ധതി ആവിഷ്‌കരിക്കാനോ, നടപ്പാക്കാനോ പിണറായി സര്‍ക്കാരിനു സാധിച്ചില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Author

Leave a Reply

Your email address will not be published. Required fields are marked *