സ്വവര്‍ഗ്ഗ വിവാഹം ദാമ്പത്യ ധര്‍മ്മത്തെ വെല്ലുവിളിക്കുന്നത്: ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Spread the love

കൊച്ചി: ദാമ്പത്യ ധര്‍മ്മത്തെ വെല്ലുവിളിക്കുന്ന സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീം കോടതി വിധി ധാര്‍മ്മികതയും ഭാരത സംസ്‌കൃതിയും ഉയര്‍ത്തിക്കാട്ടുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

സ്വവര്‍ഗ്ഗവിവാഹങ്ങളെ ധാര്‍മ്മികമായി അംഗീകരിക്കാന്‍ കത്തോലിക്കാ സഭയ്ക്കാവില്ല. പുരുഷനും സ്ത്രീയും വിവാഹം വഴിയുള്ള ദാമ്പത്യ ധര്‍മ്മത്തിലൂടെ പ്രാപിക്കുന്ന സ്നേഹസമ്പൂര്‍ണ്ണതയും പ്രത്യുല്പാദന ഉത്തരവാദിത്വവും വിവാഹത്തെ മഹത്തരമാക്കുമ്പോള്‍ അതിനെ വെല്ലുവിളിക്കുന്ന കോടതി വിധികളും നിയമനിര്‍മ്മാണങ്ങളും സമൂഹത്തില്‍ അരക്ഷിതാവസ്ഥയും സംഘര്‍ഷങ്ങളും സൃഷ്ടിക്കും. സുപ്രീം കോടതിയുടെ അഞ്ചംഗബഞ്ചിലെ മൂന്നുപേരും സ്വവര്‍ഗ്ഗവിവാഹത്തിനെതിരെയെടുത്ത നിലപാട് പ്രതീക്ഷയും അഭിമാനവുമേകുന്നു.

സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബങ്ങളുടെ പവിത്രതയും ധാര്‍മ്മികതയും നഷ്ടപ്പെടുത്തുന്നതാണ് കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യങ്ങളും നഷ്ടപ്പെടുത്തുന്ന നിയമനിര്‍മ്മാണങ്ങള്‍ രാഷ്ട്രത്തിന്റെ പൈതൃകത്തേയും ആര്‍ഷഭാരത സാംസ്‌കാരിക പാരമ്പര്യങ്ങളെയും കളങ്കപ്പെടുത്തുമെന്ന് വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കേണ്ടത് പാര്‍ലമെന്റാണെന്നുള്ള സുപ്രീംകോടതിയുടെ നിരീക്ഷണവും മുഖവിലയ്ക്കെടുക്കണം.

കുടുംബങ്ങളുടെ ആത്മീയ അടിത്തറയും വിശുദ്ധിയും തകര്‍ക്കുന്നതും ആര്‍ഷഭാരത സംസ്‌കാരത്തെയും പൈതൃകത്തെയും വെല്ലുവിളിക്കുന്നതുമായ സ്വവര്‍ഗ്ഗനിയമനിര്‍മ്മാണം അനുവദിക്കരുതെന്നാവശ്യപ്പെട്ട് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ എന്നിവര്‍ രാഷ്ട്രപതിക്ക് 2023 മെയ് 11 ന് നിവേദനം നല്‍കിയിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *