നവകേരള സദസ്സ്; മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബര്‍ 4 ന് ഗുരുവായൂരില്‍ സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു

Spread the love

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലകളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന മണ്ഡലംതല നവകേരള സദസ്സ് ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ 4 ന് ചാവക്കാട് കൂട്ടുങ്ങല്‍ ചത്വരത്തില്‍ വൈകീട്ട് 6 മണ് നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് എന്‍ കെ അക്ബര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു.

റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, ടി എന്‍ പ്രതാപന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ രക്ഷാധികാരികളായും എന്‍ കെ അക്ബര്‍ എംഎല്‍എ ചെയര്‍മാനും വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഇന്‍ചാര്‍ജ് ) ബാബു എം പ്രസാദ് ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിക്ക് യോഗം രൂപം നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വൈസ് ചെയര്‍മാന്‍മാരുമാകും. 13 സബ്ബ് കമ്മിറ്റികള്‍ക്കും യോഗം രൂപം നല്‍കി.

ഡിസംബര്‍ 4 ന് നടക്കുന്ന നവകേരള സദസ്സിനോടനുബന്ധിച്ച് കലാ – സാംസ്‌കാരിക പരിപാടികള്‍, എക്‌സിബിഷന്‍ എന്നിവ സംഘടിപ്പിക്കുമെന്ന് എംഎല്‍എ പറഞ്ഞു. പരിപാടിയില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. നവകേരള സദസ്സിനുമുന്നോടിയായി പഞ്ചായത്ത്തലത്തിലും വാര്‍ഡ്തലത്തിലും യോഗങ്ങള്‍ ചേരണമെന്നും വീട്ടുമുറ്റ യോഗങ്ങള്‍ നടത്തണമെന്നും എംഎല്‍എ നിര്‍ദ്ദേശം നല്‍കി.

വിവിധ മേഖലകളില്‍ സര്‍ക്കാര്‍ കൈവരിച്ച മുന്നേറ്റത്തെക്കുറിച്ചും വരുംകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും ഉപദേശ-നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് ഈ പര്യടനം. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായും തൊഴിലാളികളുമായും ചില കേന്ദ്രങ്ങളില്‍ പ്രഭാത യോഗങ്ങളില്‍ കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് നവകേരള സദസ്സുമാണ് നടത്തുന്നത്.

ചാവക്കാട് നഗരസഭാ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ റഹീം വീട്ടിപ്പറമ്പില്‍, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, എസിപി കെ ജി സുരേഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഇന്‍ചാര്‍ജ് ) ബാബു എം പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *