പിണറായി വിജയന്റെ ബസ്സിലും മോദിയുടെ രഥത്തിലുമുള്ളത് അഴിമതി യാത്രകള്‍ : എംഎം ഹസന്‍

Spread the love

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ജനസദസ്സിന്റെ മറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ബസ്സ് യാത്രയും കേന്ദ്ര പദ്ധതികളുടെ പ്രചാരണത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള മോദിയുടെ രഥയാത്രയും അഴിമതിയാത്രകളാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളുടെ നികുതിപ്പണവും സിപിഎമ്മും ബിജെപിയും ദുരുപയോഗപ്പെടുത്തി ധൂര്‍ത്തടിക്കുകയാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തിയമോദി സര്‍ക്കാരിന്റെ 9 വര്‍ഷത്തെ ഭരണത്തിനുശേഷം അവരുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഐഎഎസ് ഉദ്യോഗസ്ഥരെയും സൈനികരെയും അര്‍ദ്ധ സൈനിക വിഭാഗങ്ങളെയും വിനിയോഗിച്ചുകൊണ്ട് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കാന്‍ രഥ യാത്ര നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. മോദി ഭരണകൂടം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങളുടെ നികുതിപ്പണമാണ് ഉപയോഗിക്കുന്നത്. മോദിയും

പിണറായിയും ഇക്കാര്യത്തില്‍ ഒരേ തൂവല്‍പക്ഷികളാണ്.
കേരളീയത്തിന് ഖജനാവില്‍ നിന്നും 27 കോടി ചെലവാക്കുന്നതിന് പുറമെ ജനസദസിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ നാടൊട്ടുക്കും വ്യാപക പണപ്പിരിവാണ് നടത്തുന്നത്. മുതലാളിമാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന പരിപാടിയായി എല്‍ഡിഎഫിന്റെ ജനസദസ് മാറി.പരിപാടിയുടെ നടത്തിപ്പിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പിരിക്കേണ്ട തുക ക്വാട്ട നിശ്ചയിച്ച് നല്‍കിയിരിക്കുകയാണ്. ക്വാറി-മദ്യമാഫിയകള്‍വരെ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരിപാടിയായ ജനസദസിന് പണം നല്‍കിയവരുടെ പട്ടികയിലുണ്ടെന്നാണ് കേള്‍ക്കുന്നത്. ഈ പണമെല്ലാം സംഘാടക സമിതിയില്‍ കയറിപ്പറ്റിയ സിപിഎം നേതാക്കളുടെ പോക്കറ്റിലേക്കാണ് പോകുന്നത്. ജനസദസ് തന്നെ സിപിഎമ്മിന്റെ എല്‍ഡിഎഫിന്റെയും നേതാക്കള്‍ക്ക് പണം പിരിച്ച് പുട്ടടിക്കാനുള്ള പരിപാടി മാത്രമാണെന്നും ഹസന്‍ ആരോപിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാരിന് കൂടുതല്‍ ബാധ്യത അടിച്ചേല്‍പ്പിക്കുകയാണ് പിണറായി മന്ത്രിസഭ. മുപ്പത് കോടിയോളം ചെലവാക്കി കേരളീയം പരിപാടി സംഘടിപ്പിക്കുന്നതിന് പകരം തലസ്ഥാന നഗരിയുടെ വെള്ളക്കെട്ടും മാലിന്യപ്രശ്നവും പരിഹരിക്കുന്നതിനായി കുറച്ച് തുക വിനിയോഗിച്ചിരുന്നെങ്കില്‍ നഗരവാസികള്‍ക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമായിരുന്നു.സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പരിപാടിയായ ജനസദസ്സ് ബഹിഷ്‌കരിക്കാനുള്ള യുഡിഎഫിന്റെ തീരുമാനത്തെ ജനം സ്വാഗതം ചെയ്തു. ബസ്സ്,വൈദ്യുതി ചാര്‍ജുകളും കെട്ടിട-ജല-ഭൂനികുതികളും വര്‍ധിപ്പിക്കുകയും പൊതുഗതാഗത- പൊതുവിതരണ സംവിധാനത്തെയും തകര്‍ത്ത് വികനമുരടിപ്പിലേക്ക് സംസ്ഥാനത്തെ തള്ളിവിടുകയും ചെയ്ത ഈ സര്‍ക്കാരിന് എന്തു ഭരണനേട്ടമാണ് അവകാശപ്പെടാനുള്ളതെന്ന് മനസിലാകുന്നില്ല. ന്യായവില കേന്ദ്രങ്ങളില്‍ അവശ്യസാധാനങ്ങള്‍ കിട്ടാന്‍പോലുമില്ല. അതിനിടെയാണ് ഇവയുടെ വിലകൂടി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നരമാസക്കാലം സെക്രട്ടേറിയറ്റ് അടച്ചിട്ട് നാടുചുറ്റാനിറങ്ങുമ്പോള്‍ സംസ്ഥാനത്ത് ഇപ്പോഴുള്ള ഭരണസ്തംഭനം പൂര്‍ണ്ണമാകുമെന്നും ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *