ഇടുക്കി: ഫെഡറൽ ബാങ്കിന്റെ സി എസ് ആർ പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയിൽ അൻപതോളം സൗരോർജ്ജ തെരുവുവിളക്കുകൾ സ്ഥാപിച്ചു. ബാങ്കിന്റെ സി എസ് ആർ വിഭാഗമായ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷനാണ് ഫെഡറൽ ജ്യോതി എന്ന പേരിലുള്ള പദ്ധതിക്കു കീഴിൽ നഗരസഭയുടെ മുപ്പത്തിനാല് വാർഡുകളിലും തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത്. കട്ടപ്പന എയ്ഡഡ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ
ഫെഡറൽ ബാങ്ക് ബ്രാഞ്ച് ബാങ്കിംഗ് മേധാവി നന്ദകുമാർ വി മുഖ്യാതിഥിയായി. ഫെഡറൽ ബാങ്ക് തൊടുപുഴ റീജിയൻ മേധാവി ബുഷി സത്യൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ ഷൈനി സണ്ണി 15 ലക്ഷം രൂപയുടെ ഫണ്ട് സ്വീകരിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം കെ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിന് ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖാ സാരഥി ജസ്റ്റിൻ കെ സെബാസ്റ്റ്യൻ നേതൃത്വം നൽകി.
ഫോട്ടോ കാപ്‌ഷൻ : ഫെഡറൽ ബാങ്കിന്റെ സി എസ് ആർ പദ്ധതിയുടെ ഭാഗമായി കട്ടപ്പനയിൽ സ്ഥാപിക്കുന്ന സോളാർ വിളക്കുകളുടെ ഫണ്ടിലേക്കുള്ള തുക ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിംഗ് മേധാവി നന്ദകുമാർ വി യുടെ പക്കൽ നിന്ന് മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി ഷൈനി സണ്ണി സ്വീകരിക്കുന്നു. ബാങ്കിന്റെ തൊടുപുഴ റീജിയൻ മേധാവി ബുഷി സത്യൻ, മുനിസിപ്പൽ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖാ മാനേജർ ജസ്റ്റിൻ കെ സെബാസ്റ്റ്യൻ തുടങ്ങിയവർ സമീപം.
Report : Ajith V Raveendran