ഡോക്ടര്‍മാരുടെ അഭാവം പരിഹരിക്കുമെന്ന് മന്ത്രി.
കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് സന്ദർശനം നടത്തി. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിൽ ഡോക്ടര്‍മാരുടെ അഭാവം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയിലെ ലിഫ്റ്റ് അടിയന്തിരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇതിനായുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കണം.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ പ്രസവ ചികിത്സ ആരംഭിക്കാന്‍ പശ്ചാത്തല വികസന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഒപ്പം ഗൈനക്കോളജിസ്റ്റ്, അനസ്‌ത്യേറ്റിസ്റ്റ് എന്നീ തസ്തികകളും സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. ഒ.പി മുറി, വനിതകളുടെയും കുട്ടികളുടെയും പുരുഷന്‍മാരുടെയും വാര്‍ഡ്, പുതിയ കെട്ടിടം എന്നിവ മന്ത്രി സന്ദര്‍ശിച്ചു.എം.രാജഗോപാലന്‍ എം.എല്‍.എയും, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ബാവ, ഡി.എച്ച്.എസ് ഡോ.കെ.ജെ.റീന, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.