കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ 8 വർഷമായി ചികിത്സയിൽ കഴിയുന്ന പാലിയേറ്റീവ് കെയർ രോഗിക്ക് സാന്ത്വനമേകി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പാലിയേറ്റീവ് കെയർ വാർഡിൽ ചികിത്സയിൽ കഴിയുന്ന സുധീഷിനാണ് (28) സാന്ത്വനമായത്. വിരലടയാളം എടുക്കാൻ പറ്റാത്തതിനാൽ ആധാറും വികലാംഗക്ഷേമ പെൻഷനും ലഭ്യമായിരുന്നില്ല. ഇക്കാര്യം അറിഞ്ഞ മന്ത്രി നേരിട്ട് ജില്ലാ കളക്ടറെ വിളിച്ച് പെൻഷൻ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.
ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി കടയ്ക്കൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് സുധീഷിനെ കാണുന്നത്. എട്ടുവർഷം മുമ്പാണ് സുധീഷ് തെങ്ങിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം കടയ്ക്കൽ താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ വാർഡിൽ എത്തുകയായിരുന്നു. സുധീഷിന്റെ അച്ഛൻ നേരത്തെ മരിച്ചു പോയിരുന്നു. സുധീഷിന് കൂട്ടിരിക്കുന്നത് കേൾവി പരിമിതിയും സംസാര പരിമിതിയുമുള്ള സഹോദരിയാണ്. വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി അടിയന്തരമായി ഇടപെടുകയായിരുന്നു. ആശുപത്രി ജീവനക്കാരാണ് ഇവർക്ക് ആവശ്യമുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുന്നത്.